സൗദി അറേബ്യ പ്രവചനങ്ങള്‍ തെറ്റിച്ചു; കുതിച്ച് അരാംകോ ലാഭം, എണ്ണവില കുറഞ്ഞിട്ടും നേട്ടം, മാറ്റം അറിയാം
റിയാദ്: സൗദി അറേബ്യയ്ക്ക് തിളക്കം കൂട്ടി അരാംകോയുടെ ലാഭം കുതിച്ചു. ലോകത്തെ പ്രധാന എണ്ണ കമ്പനിയായ അരാംകോയുടെ ലാഭം ഉയര്‍ന്നത് സൗദിയുടെ ബജറ്റ് പദ്ധതികള്‍ വേഗത്തിലാക്കും. പുതിയ ജോലി അവസരങ്ങള്‍ ഒരുങ്ങാനും വഴിയൊരുക്കും. ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല എന്ന് മാത്രമല്ല പലപ്പോഴും വില കുറയുകയും ചെയ്തിരിക്കെയാണ് അരാംകോയുടെ ലാഭം ഉയര്‍ന്നത്.
എണ്ണ വില കുറഞ്ഞിട്ടും ലാഭം കൂടിയത് എങ്ങനെ എന്ന ചോദ്യം സ്വാഭാവികമാണ്. മൂന്നാംപാദത്തിലെ ലാഭ വിവരമാണ് അരാംകോ പുറത്തുവിട്ടിരിക്കുന്നത്. 0.9 ശതമാനം മുന്നേറ്റമുണ്ടായി. അതായത്, 104.92 ബില്യണ്‍ റിയാല്‍ ആണ് ലാഭം. സാമ്പത്തിക നിരീക്ഷകര്‍ അരാംകോയുടെ ലാഭം സംബന്ധിച്ച് നേരത്തെ നടത്തിയ പ്രവചനം തെറ്റിച്ചാണ് അരാംകോയുടെ മുന്നേറ്റം.

98.47 ബില്യണ്‍ സൗദി റിയാല്‍ ആയിരിക്കും അരാംകോയുടെ ലാഭം എന്നായിരുന്നു നേരത്തെയുള്ള പ്രവചനം. ക്രൂഡ് ഓയില്‍ ഇടിഞ്ഞതായിരുന്നു ഈ പ്രവചനത്തിന്റെ അടിസ്ഥാനം. സെപ്തംബര്‍ വരെ 6 ശതമാനം ഇടിവാണ് ക്രൂഡ് വിലയില്‍ ഉണ്ടായത്. ഇറാനും ഇസ്രായേലും കൊമ്പുകോര്‍ത്ത ഏതാനും ചില ദിവസങ്ങള്‍ മാത്രമാണ് ക്രൂഡ് വില അല്‍പ്പം കയറിയത്.
അമേരിക്കയുടെ വെസ്റ്റ് ടെക്‌സാസ് ഇന്‍ര്‍മീഡിയറ്റ് ക്രൂഡ് 16 ശതമാനം വില കുറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് 12 ശതമാനവും ഇടിഞ്ഞു. എന്നാല്‍ ഈ വേളയില്‍ സൗദി അറേബ്യ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചതാണ് നേട്ടമായത്. വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടുകയായിരുന്നു അരാംകോ. ഇതോടെ കൂടുതല്‍ വിപണി പിടിക്കാന്‍ സൗദിക്ക് സാധിച്ചു.
അരാംകോ ചെലവ് കുറച്ചു, കടം കുറഞ്ഞു
ചെലവ് കുറയ്ക്കാന്‍ അരാംകോ പദ്ധതി തയ്യാറാക്കി. അതോടൊപ്പം ഉല്‍പ്പാദനം കൂട്ടുകയും ചെയ്തു. ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനും കൂടുതല്‍ രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കി. ഇതോടെയാണ് അരാംകോ നേട്ടത്തിലെത്തിയത് എന്ന് കമ്പനി സിഇഒ അമീന്‍ നാസര്‍ പറയുന്നു. മൂന്നാം പാദത്തില്‍ അരാംകോയുടെ വരുമാനം 418 ബില്യണ്‍ റിയാല്‍ ആണ്. നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത് 411 ബില്യണ്‍ ആയിരുന്നു.
അരാംകോയുടെ കടം കുറയ്ക്കാന്‍ സാധിച്ചു എന്നതും നേട്ടമാണ്. 115 ബില്യണ്‍ റിയാല്‍ ആയിരുന്നു നേരത്തെയുള്ള കടം. ഇത് 114 ബില്യണിലേക്ക് താഴ്ത്താന്‍ സാധിച്ചു. സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം നേരിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാഴ്ച തീരമാനിച്ചിട്ടുണ്ട്. ഡിസംബറില്‍ ഉല്‍പ്പാദനം അല്‍പ്പം കൂട്ടിയ ശേഷം അതേ നില അടുത്ത വര്‍ഷം തുടരാമെന്നാണ് തീരുമാനം.
സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍. മറ്റു വരുമാന മാര്‍ഗങ്ങളും സൗദി തേടുന്നുണ്ടെങ്കിലും ക്രൂഡ് ഓയില്‍ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ക്രൂഡ് ഓയില്‍ വരുമാനം വര്‍ധിച്ചാല്‍ മാത്രമേ സൗദിയുടെ വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. എണ്ണവില കുറഞ്ഞതോടെ കഴിഞ്ഞ പാദത്തില്‍ സൗദി അല്‍പ്പം ക്ഷീണിച്ചിരുന്നു. എന്നാല്‍ മൂന്നാംപാദത്തില്‍ സൗദി എണ്ണ രംഗത്തെ പ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications