യുഎഇയിലേക്ക് ടണ്‍ കണക്കിന് സ്വർണം ഒഴുകിയെത്തുന്നു: അതും ആഫ്രിക്കയില്‍ നിന്നും കള്ളക്കടത്തിലൂടെ
ആഫ്രിക്കയില്‍ നിന്നു വന്‍തോതില്‍ കള്ളക്കടത്ത് സ്വർണം യുഎഇലേക്ക് എത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ആഫ്രിക്കയിൽ നിന്ന് പതിനായിരക്കണക്കിന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന നൂറുകണക്കിന് ടൺ സ്വർണം അനധികൃതമായി യുഎഇലേക്ക് എത്തിയെന്നാണ് വ്യാഴാഴ്ച പുറത്തുവന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുഎഇയിലേക്ക് മാത്രമല്ല, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും ഇത്തരത്തില്‍ കള്ളക്കടത്തായി സ്വർണം എത്തുന്നുണ്ട്.
ഡെവലപ്‌മെൻ്റ് എയ്‌ഡ് ആൻഡ് അഡ്വക്കസി ഓർഗനൈസേഷനായ സ്വിസൈഡ് നടത്തിയ അന്വേഷണത്തില്‍ 435 ടൺ സ്വർണം 2022-ൽ ആഫ്രിക്കയിൽ നിന്ന് കടത്തിയെന്നാണ് വ്യക്തമാക്കുന്നത്. കൂടുതലും ചെറുകിട ഖനികളില്‍ നിന്നുമാണ് ഇത്തരത്തിലുള്ള സ്വർണം വരുന്നത്. 2022 ൽ ആഫ്രിക്കയിൽ നിന്ന് 405 ടൺ അനധികൃത സ്വർണം എത്തിയ യുഎഇയാണ് പ്രധാന ലക്ഷ്യസ്ഥാനമെന്നും സ്വിസൈദ് റിപ്പോർട്ട് ചെയ്യുന്നു.

ഓർഗനൈസേഷൻ പറയുന്നതനുസരിച്ച്, 115 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 2500 ടൺ സ്വർണം അനധികൃതമായി കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ യുഎഇയിലെത്തി. 2019-ൽ, അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ ഒരു അന്വേഷണത്തിൽ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, അതിനപ്പുറമുള്ള വിപണികളിലേക്കും യുഎഇ വഴി ആഫ്രിക്കയിൽ നിന്ന് ഓരോ വർഷവും ബില്യൺ കണക്കിന് ഡോളറിൻ്റെ സ്വർണം കടത്തുന്നതായി കണ്ടെത്തിയിരുന്നു.
നികുതി വരുമാന നഷ്ടത്തിന് പുറമെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, ഉപരോധം ഒഴിവാക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇതിലൂടെ നടക്കുന്നുണ്ട്. എല്ലാ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള മൊത്തത്തിലുള്ള സ്വർണ്ണ കയറ്റുമതിയും ആഫ്രിക്കൻ ഇതര രാജ്യങ്ങളിലേക്കുള്ള സ്വർണ്ണ ഇറക്കുമതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് സ്വിസൈഡ് വലിയ രീതിയിലുള്ള വിശകലനവും നടത്തുന്നുണ്ട്.
ട്രേഡ് അസോസിയേഷനുകൾ നൽകിയ കണക്കുകൾക്കൊപ്പം ഡാറ്റ ക്രോസ് റഫറൻസ് ചെയ്തും സർക്കാരുകളുമായും റിഫൈനറികളുമായും കൂടിക്കാഴ്ച നടത്തിയുമാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിനും പ്രത്യേകമായ സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം യുഎൻ കോംട്രേഡ് ഡാറ്റയിലെ വിവരങ്ങളും കണക്കുകളിലെ വിടവുകള്‍ വ്യക്തമാക്കുന്നതായിരുന്നു.
ആഫ്രിക്കൻ സ്വർണം ധാരാളമായി ഇറക്കുമതി ചെയ്യുന്ന മറ്റ് രണ്ട് പ്രധാന രാജ്യങ്ങൾ സ്വിറ്റ്സർലൻഡും ഇന്ത്യയുമാണ്. എന്നാല്‍ ഇവിടെ പ്രഖ്യാപിത ഇറക്കുമതിയും പ്രഖ്യാപിത കയറ്റുമതിയും തമ്മിൽ അത്തരം വ്യത്യാസങ്ങളൊന്നുമില്ല. സ്വിസൈഡിന്റെ റിപ്പോർട്ട് അനുസരിച്ച് 12 ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്ന് പ്രതിവർഷം 20 ടണ്ണോ അതിൽ കൂടുതലോ സ്വർണം കള്ളക്കടത്തായി വിദേശത്തേക്ക് എത്തിയിട്ടുണ്ട്.
വില ഇരട്ടിയായി വർധിച്ചതിൻ്റെ ഫലമായി ആളുകൾ 2009 മുതല്‍ വലിയ തോതില്‍ സ്വർണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. സ്വിസൈഡിൻ്റെ കണക്കനുസരിച്ച്, ആഫ്രിക്കൻ രാജ്യങ്ങളിലെ ആർട്ടിസാനല്‍, ചെറുകിട സ്വർണ്ണ ഖനനം വഴി 2022-ൽ 443 മുതൽ 596 ടൺ വരെ സ്വർണം ഉത്പാദിപ്പിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ 70 ശതമാനത്തിലധികത്തിന്റേയും വില്‍പ്പന ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
റിപ്പോർട്ട് അനുസരിച്ച്, യുഎഇയിലേക്ക് എത്തുന്ന ആഫ്രിക്കൻ സ്വർണ്ണത്തിൻ്റെ ഇറക്കുമതിയുടെ ഭൂരിഭാഗവും ചെറുകിട ഖനനമേഖലയില്‍ നിന്നുമാണ്. ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരാണ് ഉപജീവനത്തിനായി ചെറുകിട രീതിയില്‍ സ്വർണ ഖനനം നടത്തുന്നത്. പരിസ്ഥിതിക്ക് വളരെ അധികം ദോഷം ചെയ്യുന്ന പ്രവത്തിയാണെങ്കിലും പലപ്പോഴും സർക്കാർ ഇവർക്കെതിരെ നടപടികള്‍ സ്വീകരിക്കാറില്ല.












Click it and Unblock the Notifications