യുഎഇ സ്വന്തമാക്കിയത് ചരിത്ര നേട്ടം: ലോകം 2% വളർന്നപ്പോള്‍ യുഎഇയുടെ നേട്ടം 14.6; കണക്ക് നിരത്തി ഷെയ്ഖ് മക്തൂം
ദുബായ്: സാമ്പത്തിക മേഖലയില്‍ വമ്പന്‍ കുതിപ്പുമായി യു എ ഇ. 2024 അവസാനത്തോടെ യു എ ഇയുടെ വിദേശ വ്യാപാരം ആദ്യമായി 3 ട്രില്യൺ ദിർഹത്തിലെത്തി. 'ചരിത്രപരമായ നാഴികക്കല്ല്' എന്നാണ് നേട്ടം പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സില്‍ കുറിച്ചത്.
ആഗോള വ്യാപാരം 2 ശതമാനം വളർന്നപ്പോള്‍ യു എ ഇ നടത്തിയത് വന്‍ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. '2024-ൽ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളർന്നപ്പോൾ, യു എ ഇയുടെ വിദേശ വ്യാപാരം ആ നിരക്കിന്റെ ഏഴ് മടങ്ങ് വർദ്ധിച്ചു. അതായത് 14.6 ശതമാനം വളർച്ച കൈവരിച്ചു' മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് വർഷങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ വിജയത്തിന്റെ ഒരു പ്രധാന കാരണം. പ്രത്യേകിച്ച് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലൂടെ (സിഇപിഎ) രാജ്യത്തിന്റെ വ്യാപാരം കൂടുതല്‍ ശക്തിപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ കരാറുകൾ പങ്കാളി രാജ്യങ്ങളുമായുള്ള നമ്മുടെ എണ്ണ ഇതര വ്യാപാര വരുമാനത്തില്‍ 135 ബില്യൺ ദിർഹത്തിന്റെ വർധനവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 42 ശതമാനം കൂടുതലാണ് ഇത് " യു എ ഇ വൈസ് പ്രസിഡന്റ് കുറിച്ചു.
2031 ഓടെ 4 ട്രില്യൺ ദിർഹം വിദേശ വ്യാപ്യാര മൂല്യം എന്ന ലക്ഷ്യം മുന്‍ നിർത്തി മുന്നോട്ട് പോകുന്ന യു എ ഇയെ സംബന്ധിച്ചിടത്തോളം 2024 ലെ 3 ട്രില്യൺ ദിർഹം നേട്ടം പ്രധാന ചുവടുവെയ്പ്പാണ്. 2024 അവസാനത്തോടെ, ആ ലക്ഷ്യത്തിന്റെ 75 ശതമാനം ഞങ്ങൾ ഇതിനകം കൈവരിച്ചു കഴിഞ്ഞു. ഈ വേഗതയിൽ മുന്നോട്ട് പോകുകയാണെങ്കില്‍ നിശ്ചയിച്ചതിലും വർഷങ്ങൾക്ക് മുമ്പേ നമ്മള്‍ ആ നേട്ടത്തിലേക്ക് എത്തും.
രാജ്യത്ത്, രാഷ്ട്രീയത്തേക്കാൾ പുരോഗതിക്കാണ് മുൻഗണന നൽകുന്നത്. യു എ ഇ സ്വന്തം സാമ്പത്തിക ഭാവി രൂപപ്പെടുത്തുകയാണ്.. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതിനാണ് ഞങ്ങള്‍ മുൻഗണന കൊടുക്കുന്നത്. യു എ ഇക്ക് വ്യക്തമായ കാഴ്ചപ്പാടും ധീരമായ അഭിലാഷങ്ങളുമുണ്ട്. അത്തരത്തില്‍ മുന്‍പോട്ടുള്ള പാതയെക്കുറിച്ച് കൃത്യമായ അറിവുള്ളവർക്കുള്ളതാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ സമ്പദ്‌വ്യവസ്ഥ കുതിച്ചുചാട്ടത്തിലൂടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. 53 വർഷത്തിനുള്ളിൽ 24 മടങ്ങിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിന്റെ ജി ഡി പി, എഫ് ഡി ഐ, എണ്ണയിതര വിദേശ വ്യാപാരം എന്നിവ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2031 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യൺ ദിർഹമായി ഉയർത്താനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും ചൂണ്ടികാട്ടി.












Click it and Unblock the Notifications