യുഎഇയും ഇന്ത്യയും ഒന്നിച്ച് കണ്ട ആ സ്വപ്നം വൈകും: യൂറോപ്പിലേക്കുള്ള കപ്പല്‍-റെയില്‍പാതയില്‍ തടസങ്ങള്‍
ഇന്ത്യ ഏറെ പ്രധാനത്തോടെ കാണുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ പൂർത്തീകരണം വൈകിയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര സമുദ്ര വ്യാപാര രംഗത്ത് വഴിത്തിരിവാകുന്ന പദ്ധതിയുടെ പൂർത്തീകരണത്തില്‍ പശ്ചിമേഷ്യയിലെ സംഘർഷമാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അറബ്-ഇസ്രായേൽ ഊഷ്മളമായ സാഹചര്യത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം എന്നതിനാല്‍ ഇടനാഴിയുടെ കാര്യത്തില്‍ വളരെ മികച്ച പുരോഗതിയുണ്ടാകുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒക്ടോബർ 7 ന് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ രണ്ട് പ്രധാന പങ്കാളികളായ സൗദി അറേബ്യയ്ക്കും ജോർദാനും പദ്ധതി സംബന്ധിച്ച് ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ഔദ്യോഗിക ബന്ധം കരയിലെ പ്രവർത്തന പൂർത്തീകരണത്തെ ബാധിക്കില്ലെന്ന് വാദിച്ചേക്കാമെങ്കിലും പദ്ധതിക്കായി ഇസ്രായേൽ സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമുണ്ട്.

നിലവിലുള്ള സംഘർഷ സാഹചര്യം ശമിക്കുന്നത് വരെ ഇടനാഴിയുടെ വടക്കൻ ഭാഗത്തെ പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം തന്നെ യു എ ഇഎയും ഇന്ത്യൻ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ കിഴക്കൻ ഭാഗത്ത്, കാര്യങ്ങൾ താരതമ്യേന വേഗത്തില്‍ മുന്നോട്ട് പോകുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങൾ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. വർദ്ധിച്ചുവരുന്ന ഉഭയകക്ഷി വ്യാപാര ബന്ധം ഇതിന് ഉദാഹരണമാണ്.
2022-ൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവെച്ചതിന് ശേഷം ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020-21ലെ 43.30 ബില്യൺ ഡോളറിൽ നിന്ന് 2023-24ൽ 83.64 ബില്യൺ ഡോളറായി വളർന്നു. അതായത് 93 ശതമാനത്തിന്റെ വളർച്ച. എണ്ണ ഇതര മേഖലയിലെ വ്യാപാരവും ശക്തിപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 2020-21ലെ 28.67 ബില്യൺ ഡോളറിൽ നിന്ന് 2023-24ൽ 57.81 ബില്യൺ ഡോളറായി വളർന്നു.
2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐഎംഇസി)യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. നിലവില്‍ സൂയസ് കനാൽ വഴി നടത്തുന്ന ഗതാഗതത്തെ അപേക്ഷിച്ച് ഐ എം ഇ ഇടനാഴി ഗതാഗത സമയം 40% കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം തന്നെ യാത്രയുടെ ചെലവ് 30% കുറയുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തിടെ ഇന്ത്യയും യു എ ഇയും ആരംഭിച്ച വെർച്വൽ ട്രേഡ് കോറിഡോറും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ അവിഭാജ്യ ഘടകമായിരിക്കും. പദ്ധതി വൈകുമെങ്കിലും ഏഷ്യയേയും യൂറോപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ റെയില്‍- ഷിപ്പിങ് റൂട്ട് നിലവില്‍ വരുമെന്ന കാര്യത്തില്‍ ഒരു രാജ്യത്തിനും സംശയമില്ല. ഇന്ത്യയെയും യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കന്‍ കോറിഡോര്‍, ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കന്‍ കോറിഡോർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് പദ്ധതി പൂർത്തീകരിക്കാന്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications