സൗദി അറേബ്യ മാത്രമല്ല, പിന്നാലെ യുഎഇയും പോകുന്നു: പാകിസ്താനില്‍ നടത്തുന്നത് 10 ബില്യൺ ഡോളർ നിക്ഷേപം
സൗദി അറേബ്യക്ക് പിന്നാലെ യുഎഇയും പാക്സിതാനില്‍ വന്‍ നിക്ഷേപം നടത്തുന്നു. പാക്കിസ്ഥാനിലെ വിവിധ സാമ്പത്തിക മേഖലകളിൽ നിക്ഷേപിക്കാൻ യു എ ഇ 10 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തുവെന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക നേരിടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്താനായി വിദേശ രാജ്യങ്ങള്‍ക്ക് പാകിസ്താന്‍ അവസരം ഒരുക്കുന്നുണ്ട്. ഈ നയത്തിന്റെ ഭാഗമായി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്താനില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നുണ്ട്.
രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 10 ബില്യൺ ഡോളർ സംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് എമിറാത്തി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

"എല്ലാ സാഹചര്യങ്ങളിലും പാകിസ്താന് യു എ ഇയുടെ പിന്തുണ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉറപ്പുനൽകുകയും ഒന്നിലധികം മേഖലകളിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു," പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. അതേസമയം ഏതൊക്കെ മേഖലകളിലാണ് നിക്ഷേപം എന്ന് വ്യക്തമാക്കിയിട്ടില്ല.
വിവരസാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഷെഹ്ബാസ് ഷെരീഫ് പ്രധാന്യം നൽകിയതായും പ്രസ്താവനയിൽ പറയുന്നു. വർദ്ധിച്ചുവരുന്ന തിരിച്ചടവ് ബാധ്യതകൾ നിറവേറ്റുന്നതിന് പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും കറൻസി കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആവശ്യമാണ്.
അതേസമയം, പാക്കിസ്ഥാൻ്റെ സെൻട്രൽ ബാങ്കിലെ നിക്ഷേപം 3 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി ഉയർത്തുന്നത് സംബന്ധിച്ചുള്ള പഠനം സൗദി അറേബ്യ നേരത്തെ തുടങ്ങിയിരുന്നു. പാക്കിസ്ഥാനിലെ നിക്ഷേപം 10 ബില്യൺ ഡോളറായി ഉയർത്താനുള്ള പദ്ധതി നേരത്തെ തന്നെ സൗദി അറേബ്യക്കുണ്ടായിരുന്നു. നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതല്‍ ചർച്ച ചെയ്യാനായി സൗദി അറേബ്യയിലെ ഡെപ്യൂട്ടി ഇൻവെസ്റ്റ്‌മെൻ്റ് മന്ത്രി ഇബ്രാഹിം അൽമുബാറക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം ആദ്യം പാകിസ്താനില്‍ എത്തിയിരുന്നു.
വിഷൻ 2030 പ്രകാരം, തങ്ങളുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. പണമില്ലാത്ത പാകിസ്ഥാന് വ്യാപാര പങ്കാളികളുടെയും ആവശ്യമുണ്ട്. ഈ സാഹചര്യമാണ് സൗദി അറേബ്യയും യു എ ഇയും അവസരമാക്കിയെടുക്കുന്നത്.












Click it and Unblock the Notifications