സ്വർണവില ഉയർന്നു: കളിമാറ്റി യുഎഇയിലെ ഇന്ത്യക്കാരും; വാങ്ങലില്‍ പുതു രീതി: ഇവിടേയും പയറ്റാം
ദുബായ്: സ്വർണവില കുതിച്ചുയർന്നതോടെ ആഗോള തലത്തില്‍ റീടെയില്‍ ജ്വല്ലറി മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വില വർധനവ് വലിയൊരു അളവില്‍ ആളുകളെ ജ്വല്ലറികളില്‍ നിന്നും അകറ്റിയിട്ടുണ്ട്. വാങ്ങുന്നവർ തന്നെയാകട്ടെ സ്വർണത്തിന്റെ അളവ്, അല്ലെങ്കില്‍ പരിശുദ്ധിയില്‍ കുറവ് വരുത്തുന്ന പ്രവണതയും ശക്തമാണ്. വിപണിയില്‍ സ്വർണത്തിന് ഡിമാന്‍ഡ് ഉണ്ടെങ്കിലും നിക്ഷേപം അധികവും പോകുന്നത് ഡിജിറ്റല്‍ മേഖലയിലേക്കാണ് എന്നതും റീടെയില്‍ ജ്വല്ലറി മേഖലയ്ക്ക് തിരിച്ചടിയാകുന്നു.
ഗ്രാമിന് 347.5 ദിർഹം എന്ന നിലയിലാണ് യു എ ഇയിലെ സ്വർണ വില. വാരാന്ത്യത്തിലെ 344.5 ദിർഹത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ഗ്രാം വിലയില്‍ മൂന്ന് ദിർഹത്തിന് അടുത്താണ് വർധനവുണ്ടായത്. മാർച്ച് 27 ന് വില 339.5 ദിർഹമായിരുന്നു എന്നതാണ് ശ്രദ്ധേയം. പെരുന്നാള്‍ സീസണില്‍ ഡിമാന്‍ഡ് ഉയർന്നതാണ് വിലയിലെ പെട്ടെന്നുള്ള വർധനവിലെ പ്രധാന കാരണം.

വില ഉയർന്നെങ്കിലും ദുബായിലെ സ്വർണ വിപണിയില്‍ നിലവില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാവിയിൽ വില കൂടുതൽ ഉയരുമെന്ന് പ്രതീക്ഷയില്‍ ആളുകള്‍ പെരുന്നാള്‍ സീസണില്‍ വലിയ തോതില്‍ സ്വർണം വാങ്ങിയിട്ടുണ്ടെന്നും ഒരു ജ്വല്ലറി ഉടമയെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വാങ്ങുന്ന രീതിയില്‍ ചില മാങ്ങള്‍ ആളുകള്‍ ഉണ്ടെന്ന് ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് 5000 ദിർഹം നല്‍കി ഒരു ആഭരണം മാത്രമായി വാങ്ങാതെ കുറഞ്ഞ അളവില്‍ ഒന്നില്‍ അധികം ആഭരണങ്ങള്‍ വാങ്ങുന്നതാണ് പുതിയ രീതി. ആവശ്യമെങ്കില്‍ ഒരോ എണ്ണം പിന്നീട് വില്‍ക്കാം എന്നത് മുന്നില്‍ കണ്ടാണ് ഇങ്ങനെ ചെറിയ അളവിലുള്ള ആഭരണങ്ങള്‍ വാങുന്നത്.
'സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ വിൽക്കുക എന്ന ഉദ്ദേശ്യത്തോടെ വിനോദസഞ്ചാരികളാണ് ഇത്തരത്തില്‍ ചെറിയ ആഭരണങ്ങള്‍ വാങ്ങുന്നത്. ഒന്ന് സ്വന്തം ഉപയോഗത്തിനും മറ്റൊന്നും വില്‍ക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അവരും സ്വർണം വാങ്ങുന്നത്. ചിലരൊക്കെ തങ്ങളുടെ വലിയ ആഭരണങ്ങള്‍ മാറ്റി ചെറിയ ഒന്നിലേറേ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
'കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും എത്തിയ നിരവധി സന്ദർശകർ ഇത്തരത്തില്‍ ആഭരണം വാങ്ങുന്നത് കാണുന്നത്. രണ്ട് രാജ്യങ്ങളിലേയും വിലയിലെ വ്യത്യാസമാണ് അവർക്ക് മുന്നിലുള്ള അനുകൂല ഘടകം. ഇന്ത്യയിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന്റെ വില 8167 രൂപയാണ്. പവന്‍ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഏകദേശം രണ്ടായിരത്തിലേറെ രൂപയുടെ വ്യത്യാസം രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുണ്ട്.
യു എ ഇയിൽ ഈദ് അവധി ആഘോഷിക്കാന്‍ എത്തുന്ന സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകരിലും സമാനമായ ചില വാങ്ങൽ, വിൽപ്പന പ്രവണതകൾ കാണാമെന്നും വ്യാപാരികള്‍ പറയുന്നു. 'ഈ വാരാന്ത്യത്തിൽ സൗദി അറേബ്യയിൽ നിന്നും മറ്റ് ചില ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശകരുടെ തിരക്ക് ഞങ്ങൾ കാണുന്നു. അവരിൽ പലരും 6-12 മാസം മുമ്പ് ഞങ്ങളുടെ സ്റ്റോറുകളിൽ നിന്ന് വാങ്ങിയ ആഭരണങ്ങൾ മാറ്റി വാങ്ങുകയോ അല്ലെങ്കില്‍ വില്‍പ്പന നടത്തുകയോയാണ്' ഒരു ജ്വല്ലറി ഉടമ പറഞ്ഞു.
സ്വർണ്ണ വിലയിലെ വ്യത്യാസത്തിന്റെ ആനുകൂല്യം മാത്രമല്ല, വാറ്റ് ആയി നൽകിയതിന്റെ അധിക ആനുകൂല്യവും അവർക്ക് ലഭിക്കും. ഫലത്തിൽ ഇതിലൂടെ അവർക്ക് വലിയ രീതിയില്‍ പൈസ ലാഭിക്കാന്‍ സാധിക്കുന്നു. സൗദി അറേബ്യ 15% വാറ്റ് ഇടാക്കുമ്പോള്‍ യു എ ഇ വിനോദസഞ്ചാരികൾക്ക് 5% വാറ്റ് അനുകൂല്യം നല്‍കുന്നു. ബഹ്‌റൈനിൽ നിന്നുള്ള ചില സന്ദർശകരും ഇത്തരത്തില്‍ സ്വർണം വാങ്ങുന്നുണ്ട്. ബഹ്‌റൈൻ വാറ്റ് 10 % ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications