യുഎഇ എമിറേറ്റുകളുടെ ദൂരം കുറയും!! വരുന്നു അതിവേഗ റെയില്‍... പറക്കാന്‍ തയ്യാറായിക്കോ
ദുബായ്: യുഎഇയില്‍ അതിവേഗ റെയില്‍വെ ശൃംഖല വരുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ യാത്ര സാധ്യമാകുന്ന പാത നാല് ഘട്ടങ്ങളായിട്ടാണ് നിര്‍മിക്കുക. പിന്നീട് യുഎഇയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കും. കരാറുകരോട് വേഗത്തില്‍ യോഗ്യതാ പത്രിക സമര്‍പ്പിക്കാന്‍ ഇത്തിഹാദ് റെയില്‍ നിര്‍ദേശിച്ചു.
അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പാത നിര്‍മിക്കുന്നതിനുള്ള യോഗ്യതാ പത്രിക സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ആഗസ്റ്റ് 15നകം പ്ലാന്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും ഇപ്പോള്‍ സെപ്തംബര്‍ 11ലേക്ക് നീട്ടിയിരിക്കുകയാണ്. നാല് ഘട്ടങ്ങളായുള്ള നിര്‍മാണത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈന്‍ ആയിരിക്കും ആദ്യം നിര്‍മിക്കുക. 2030ഓടെ ഈ പാതയില്‍ അതിവേഗ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഇത് പൂര്‍ത്തിയാകുമ്പോള്‍ ദുബായ്-അബുദാബി എമിറേറ്റുകള്‍ക്കിടയിലെ യാത്രാ സമയം അര മണിക്കൂര്‍ മാത്രമായി ചുരുങ്ങും. അബുദാബിയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഇന്നര്‍ സിറ്റി പാതയാകും രണ്ടാംഘട്ടത്തില്‍. അബുദാബിയില്‍ 10 സ്റ്റേഷനുകളാണ് ഈ ഘട്ടത്തില്‍ ഒരുക്കുക.
അബുദാബിയെയും അല്‍ ഐനെയും ബന്ധിപ്പിക്കുന്ന പാതയാകും മൂന്നാംഘട്ടത്തില്‍. ദുബായ്-ഷാര്‍ജ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പാത നാലാം ഘട്ടത്തിലായിരിക്കും. ആദ്യഘട്ടത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം മെയ് മാസത്തില്‍ ആരംഭിക്കും.
അബുദാബിയിലെ അല്‍ സാഹിയയില്‍ നിന്ന് ദുബായിലെ അല്‍ ജദ്ദാഫിലേക്കുള്ള 150 കിലോ മീറ്ററായിരിക്കും ആദ്യഘട്ട പാത നിര്‍മാണം. 31 കിലോമീറ്ററിലെ തുരങ്ക പാതയും പദ്ധതിയുടെ ഭാഗമാണ്. അല്‍ സാഹിയ, സാദിയത്ത് ദ്വീപ്, യാസ് ദ്വീപ്, അബുദാബി എയര്‍പോര്‍ട്ട്, അല്‍ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍.
സാഹിയ, അബുദാബി എയര്‍പോര്‍ട്ട്, ജദ്ദഫ് സ്റ്റേഷനുകള്‍ ഭൂമിക്കടിയിലായിരിക്കുമെന്നാണ് വിവരം. അറ്റക്കുറ്റ പണികള്‍ക്കുള്ള കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് പദ്ധതി നടപ്പാക്കുന്നത്. യാസ് ദ്വീപ് സ്റ്റേഷനില്‍ നിന്ന് ജദ്ദാഫ് സ്റ്റേഷനിലെത്താന്‍ 30 മിനുട്ട് മാത്രം മതിയാകുമെന്നതാണ് പുതിയ റെയില്‍പാത വരുന്നതോടെ സംഭവിക്കുന്ന പ്രധാന മാറ്റം. പ്രാഥമിക സൈറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
പാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ഭൂമി പരിശോധന നടക്കേണ്ടതുണ്ട്. ദുബായ് കേന്ദ്രമായുള്ള മാറ്റ്‌കോണ്‍ ടെസ്റ്റിങ് ലബോറട്ടറി, അബുദാബിയിലെ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്റര്‍നാഷണല്‍ എന്നിവയാണ് ഭൂമി പരിശോധന നടത്തുന്നത്. സ്പാനിഷ് എഞ്ചിനിയറിങ് കമ്പനികളായ സെനര്‍, ഇനകോ എന്നിവയുടെ സഹായവും പദ്ധതി നടപ്പാക്കുന്നതിനുണ്ട്.












Click it and Unblock the Notifications