സൗദിയും ഖത്തറും മാറി ചിന്തിച്ചാല്‍ ഇന്ത്യന്‍ രൂപ പറപറക്കും; യുഎഇ കരാറിലൂടെ വന്ന മാറ്റങ്ങള്‍
ദുബായ്: ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് വര്‍ധിക്കാന്‍ പോകുന്നു. യുഎഇയുമായി ഒപ്പുവച്ച പുതിയ കരാര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇക്ക് പിന്നാലെ സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുമായും സമാനമായ കരാര്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ലക്ഷ്യം നേടിയാല്‍ വലിയ നേട്ടമായി മാറും.
എണ്ണയും വാതകവും രൂപ-ദിര്‍ഹം ഉപയോഗിച്ച് ഇടപാട് നടത്താന്‍ യുഎഇയും ഇന്ത്യയും തീരുമാനിച്ചിരിക്കുകയാണ്. ഇനി സൗദിയും ഖത്തറും സമാനമായ കരാര്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യം സൗദിയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ വാതകം വാങ്ങുന്നത് ഖത്തറില്‍ നിന്നാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യുഎഇ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച പ്രധാന കരാറുകളില്‍ ഒന്ന് ഊര്‍ജവുമായി ബന്ധപ്പെട്ടുള്ളതാണ്. 20 ലക്ഷം ടണ്‍ വാതക കരാറാണ് യാഥാര്‍ഥ്യമായത്. ഇതുവരെ ഖത്തറുമായി മാത്രമാണ് ഇന്ത്യയ്ക്ക് ദീര്‍ഘകാല കരാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുഎഇയും ഫ്രാന്‍സും ഈ ഗണത്തിലേക്കെത്തി. ഫ്രാന്‍സിന്റെ ടോട്ടല്‍, യുഎഇയുടെ അഡ്‌നോക്ക് എന്നീ കമ്പനികളുമായിട്ടാണ് കരാര്‍ ഒപ്പുവച്ചത്.
ഖത്തറില്‍ നിന്ന് പ്രതിവര്‍ഷം 1200 കോടി ഡോളറിന്റെ വാതകമാണ് ഇന്ത്യ വാങ്ങുന്നത്. ഡോളറിലാണ് ഇതുവരെ ഈ ഇടപാട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ചെലവേറിയ ഇടപാടാണിത്. യുഎഇയുടെ മാതൃകയില്‍ ഖത്തറും രൂപയില്‍ ഇടപാടിന് തയ്യാറായാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. സൗദിയില്‍ നിന്ന് പ്രതിവര്‍ഷം 3000 കോടി ഡോളറിന്റെ എണ്ണയാണ് ഇന്ത്യ വാങ്ങുന്നത്.
യുഎഇ രൂപയില്‍ ഇടപാട് നടത്താന്‍ തയ്യാറായത് സൗദിയെയും ഖത്തറിനെയും സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ രൂപയിലേക്ക് മാറിയാല്‍ ഇന്ത്യയ്ക്ക് മറ്റു തടസങ്ങളില്ലാതെ തന്നെ വ്യാപാരം നടത്താം. വിദേശ കറന്‍സികളെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ടി വരില്ല. മാത്രമല്ല, രൂപയുടെ മൂല്യം വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് വര്‍ധിക്കുകയും ചെയ്യും.
8500 കോടി ഡോളറിന്റെ വാര്‍ഷിക ഇടപാടാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്. ഇതില്‍ 3600 കോടി ഡോളര്‍ എണ്ണ-വാതകവുമായി ബന്ധപ്പെട്ടാണ്. ഇതുവരെ ഇടപാടിന് ആശ്രയിച്ചിരുന്ന ഡോളര്‍ ഇനി ചിത്രത്തിലില്ല. റിസര്‍വ് ബാങ്കും യുഎഇ സെന്‍ട്രല്‍ ബാങ്കും നേരിട്ടായിരിക്കും ഇത്തരം ഇടപാടുകള്‍ക്ക് കളമൊരുക്കുക.
യുപിഐ, ഐപിപി ഇടാടുകള്‍ക്കും ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇതാകട്ടെ യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് കയറ്റുമതി നടത്തുന്ന കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും നേട്ടമാകും. ഫ്രാന്‍സുമായും യുഎഇയുമായും വ്യാപാര സഹകരണം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications