യുഎഇയില്‍ മന്ത്രിയാകാന്‍ അവസരം; അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി, യോഗ്യത ഇതാണ്
ദുബായ്: അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ നേതൃത്വം ചര്‍ച്ച ചെയ്ത് മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഇന്ത്യയില്‍. മന്ത്രിയാകുന്നതിന് പ്രത്യേക യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ അതിന്റെ പോരായ്മകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ യുഎഇയില്‍ പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാന്‍ പോകുന്നത് വ്യത്യസ്തമായ രീതിയിലാണ്.
പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് യുഎഇ ഭരണകൂടം. യോഗ്യതയുള്ള വ്യക്തികളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കും. ആ വ്യക്തി യുഎഇയുടെ യുവജനക്ഷേമ മന്ത്രിയാകുകയും ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ട്വിറ്ററില്‍ മന്ത്രിയെ തേടി കുറിപ്പിട്ടത്. യോഗ്യതയും അദ്ദേഹം സൂചിപ്പിക്കുന്നു.

യുവാക്കളുടെ ക്ഷേമമാണ് ലക്ഷ്യം. അവരെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുന്നവരാകണം അപേക്ഷകര്‍. യുഎഇയെ കുറിച്ച് വ്യക്തമായ അറിവുള്ളവരാകണം. മാതൃരാജ്യത്തെ നയിക്കുന്നതില്‍ താല്‍പ്പര്യവും കഴിവുമുള്ളവരാകണം. മാന്യമായ ജീവിതം നയിക്കുന്നവരാകണം. ഇത്രയും യോഗ്യതയുള്ളവര്‍ക്ക് കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് അപേക്ഷ അയക്കാം.
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് യുഎഇയുടെ പ്രയാണം. അത്യാധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതതകളും യുഎഇ ഉപയോഗപ്പെടുത്തുന്നുണ്ട്. യുവജനങ്ങള്‍ക്ക് കൂടുതല്‍ അവരസങ്ങളും യുഎഇ ഒരുക്കുന്നു. ബഹിരാകാശ രംഗത്തും വ്യവസായ രംഗത്തുമെല്ലാം ഒരു പോലെ ശോഭിക്കുകയാണ് യുഎഇ.
അടുത്തിടെ അസ്ദയുടെ ബിസിഡബ്ല്യു അറബ് യൂത്ത് സര്‍വ്വെയില്‍ യുഎഇയില്‍ താമസിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വര്‍ധിച്ചുവരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അറബ് രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയിലായിരുന്നു സര്‍വ്വെ. 2016ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെ നിയമിച്ച് യുഎഇ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂയ് ആണ് അന്ന് മന്ത്രിയായി നിയമിക്കപ്പെട്ടത്.
മന്ത്രിയാകുന്ന വേളയില്‍ മസ്‌റൂയിക്ക് 22 ആയിരുന്നു പ്രായം. യുഎഇയിലെ സര്‍വകലാശാലകള്‍ നാമനിര്‍ദേശം ചെയ്ത ഒരുകൂട്ടം യുവജനങ്ങളില്‍ നിന്നാണ് മസ്‌റൂയിയെ അന്ന് ഭരണകൂടം തിരഞ്ഞെടുത്തത്. വളരെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനം അവര്‍ കാഴ്ചവയ്ക്കുകയും ചെയ്തു. യുവജനങ്ങള്‍ക്ക് വേണ്ടി വിവിധ പദ്ധതികളാണ് യുഎഇ നടപ്പാക്കിവരുന്നത്.
15 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് വേണ്ടി അഞ്ച് ഘട്ടങ്ങളായുള്ള നാഷണല്‍ യൂത്ത് സ്ട്രാറ്റജി യുഎഇ നടപ്പാക്കിയിരുന്നു. മികച്ച യുവജനങ്ങളെ യുഎഇയിലെ സ്ഥാപനങ്ങളില്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയി നിയമിക്കാറുണ്ട്. രാജ്യത്തിന്റെ നയരൂപീകരണത്തില്‍ യുവാക്കളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുള്ളത്.
യുവജനങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സ്വകാര്യ കമ്പനികളലെ പ്രതിനിധികള്‍, ആഗോള നേതാക്കള്‍ എന്നിവരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്ന യൂത്ത് സര്‍ക്കിള്‍ നിലവിലുണ്ട്. സര്‍ക്കാരിനെയും യുവജനങ്ങളെയും ബന്ധപ്പിക്കുന്ന ഫെഡറല്‍ യൂത്ത് അതോറിറ്റിയും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. ഏതായാലും മന്ത്രിയെ കണ്ടെത്താനുള്ള ദുബായ് ഭരണാധികാരിയുടെ പുതിയ ട്വീറ്റ് ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു.












Click it and Unblock the Notifications