യുഎഇ ലോട്ടറി 5 പ്രവാസികള്‍ക്ക്; ആദ്യം മടിച്ച വ്യക്തിയും ഭാഗ്യവാന്റെ പട്ടികയില്‍, വീട് വയ്ക്കണം
ദുബായ്: ജീവിതം പച്ചപിടിപ്പിക്കാന്‍ നാടും വീടും വിട്ട് യുഎഇയിലെത്തിയ പ്രവാസികള്‍ ഏറെയാണ്. വര്‍ഷങ്ങളോളം ജോലി ചെയ്ത് മികച്ച മുേേന്നറ്റം നടത്തിയവര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ അടുത്ത കാലത്ത് യുഎഇയില്‍ തുടങ്ങിയ ലോട്ടറി ഇരുട്ടിവെളുക്കും മുമ്പ് പലരെയും പണക്കാരാക്കുന്നു. ഏറ്റവും ഒടുവില്‍ യുഎഇ ലോട്ടറി കിട്ടിയ അഞ്ച് പ്രവാസികള്‍ അവരുടെ ആഗ്രഹങ്ങള്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ നവംബറിലാണ് യുഎഇ ലോട്ടറി ആരംഭിച്ചത്. ഗ്രാന്റ് പ്രൈസ് 10 കോടി ദിര്‍ഹമാണ്. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ഗെയിം എല്‍എല്‍സി ആണ് ലോട്ടറിക്ക് ചുക്കാന്‍ പിടിക്കുന്നത്. ജനറല്‍ കൊമേഷ്യല്‍ ഗെയിമിങ് റഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ച ശേഷമാണ് ഇവര്‍ ലോട്ടറി ആരംഭിച്ചത്. ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ച അഞ്ച് പ്രവാസികള്‍ അവരുടെ ആഗ്രഹം പങ്കുവച്ചു.

ജര്‍മന്‍കാരിയായ ബില്‍ജാന വോളര്‍ട്ട് കഴിഞ്ഞ ആഗസ്റ്റിലാണ് യുഎഇയിലെത്തിയത്. ഭാഗ്യപരീക്ഷണത്തിന് യുഎഇ ലോട്ടറിയില്‍ പങ്കെടുക്കുകയായിരുന്നു. മകന്റെ പഠനത്തിന് വേണ്ടി സമ്മാനത്തുക ചെലവഴിക്കുമെന്ന് ബില്‍ജാന പറയുന്നു. വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പ്രതികരിച്ചു.
ഇപ്പോള്‍ കിട്ടിയത് ഒരു ലക്ഷം ദിര്‍ഹമാണെങ്കില്‍ ഇനി 10 കോടി ദിര്‍ഹത്തിന്റെ മെഗാ സമ്മാനത്തിന് വേണ്ടി ശ്രമിക്കുമെന്നാണ് മറ്റൊരു വിജയിയായ ഫിലിപ്പിനോ ഡാനിയല്‍ ഹെര്‍മനോസ് പറയുന്നത്. ലോട്ടറി അടിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഡാനിയല്‍ പറയുന്നു. ആദ്യം മടിച്ചെങ്കിലും സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരമാണ് ലോട്ടറി എടുത്തത്. ഇനിയും ലോട്ടറിയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേപ്പാളി സ്വദേശി ദില്‍ ബദാവുറിനും സമ്മാനം ലഭിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് യുഎഇയിലെത്തിയതാണ് ബദാവുര്‍. ഒരു വീട് എന്ന സ്വപ്‌നം ഇപ്പോഴും ബാക്കിയാണ് ഇദ്ദേഹത്തിന്. കിട്ടുന്ന പണം കൊണ്ട് വീട് സ്വന്തമാക്കുകയാണ് ബദാവുറിന്റെ ലക്ഷ്യം.
അസര്‍ബൈജാന്‍ സ്വദേശിയായ തുറല്‍ അബ്ബാസോവും സമ്മാനത്തിന് അര്‍ഹനായിട്ടുണ്ട്. 2007 മുതല്‍ യുഎഇയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. സുഹൃത്തുമായി ചാറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് ലോട്ടറി അടിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചത്.
മുഹമ്മദ് അദ്‌നാന്‍ പാകിസ്താനിയാണ്. കുടുംബ ഭാരം മൊത്തം ചുമലിലേറ്റിയാണ് യുഎഇയില്‍ ജോലിക്കെത്തിയത്. മൂന്ന് സഹോദരങ്ങളുണ്ട്. പിതാവിന്റെ മരണത്തോടെ മൂത്ത മകനായ അദ്‌നാന്‍ യുഎഇയിലേക്ക് വിസ എടുക്കുകയായിരുന്നു. രണ്ട് സഹോദരങ്ങള്‍ അന്ധരാണ്. അവരെ സഹായിക്കുകയാണ് ആദ്യ ലക്ഷ്യം. ലോട്ടറി ലഭിച്ച പണം കുടുംബത്തിന് വേണ്ടി ചെലവാക്കുമെന്ന് അദ്‌നാന്‍ പറഞ്ഞു.












Click it and Unblock the Notifications