യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
ദുബായ്: യുഎഇയിൽ വീണ്ടും മഴ ശക്തമാവുകയാണ്. അബുദാബിയിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദുബായിൽ നേരിയ മഴയ്ക്ക് ശേഷം മൂടിക്കെട്ടിയ അന്തരീക്ഷമാണ്. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംപ്രകാരം, സംവഹന മേഘങ്ങളാൽ നേരിയതോ, മിതമായതോ, കനത്തതോ ആയ ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കുന്നുണ്ട്.ഇതിന് പിന്നാലെ ജാഗ്രതയ്ക്ക് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ യുഎഇയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മഴമേഘങ്ങൾ ഉച്ചയോടെ ഗൾഫ് തീരങ്ങളിൽ എത്തുമെന്നും, പ്രവചിച്ചതിലും തീവ്രമായേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉപരിതല, ഉയർന്ന അന്തരീക്ഷ ന്യൂനമർദ്ദങ്ങളാണ് ഈ അസ്ഥിര കാലാവസ്ഥയുടെ കാരണം. നേരത്തെ പല ദിവസങ്ങളിലും യുഎഇയിൽ മഴ പെയ്‌തിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കാലാവസ്ഥ.

കഴിഞ്ഞ മാർച്ചിൽ യുഎഇയിൽ അസാധാരണമായ മഴ വെള്ളപ്പൊക്കത്തിനും ദൈനംദിന ജീവിതം തടസപ്പെടുത്തുന്നതിനും കാരണമായിരുന്നു. നിലവിൽ, രാജ്യത്തുടനീളം ഭാഗികമായ മേഘാവൃതമായ കാലാവസ്ഥ, ഒറ്റപ്പെട്ട മഴ, താപനില കുറയൽ എന്നിവ പ്രതീക്ഷിക്കുന്നു. മേഘങ്ങളോടൊപ്പം കാറ്റ് ശക്തമാകുമ്പോൾ പൊടിക്കാറ്റിനും കാഴ്‌ചക്കുറവിനും സാധ്യതയുണ്ട്.
മഴയുള്ള സാഹചര്യങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തുകയും കാഴ്‌ച കുറയുമ്പോൾ ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുകയും വേണം. ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിച്ച് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും എൻസിഎം വീണ്ടും ആവശ്യപ്പെട്ടു.
അബുദാബിയിലെ എമർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് സെന്റർ, മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. മോശം കാലാവസ്ഥയെ തുടർന്ന് വേഗത പരിധിയിൽ വരുത്തിയ മാറ്റങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കണമെന്ന് അബുദാബി, ദുബായ് പോലീസ് ആവശ്യപ്പെട്ടു.
കൂടാതെ, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിന് പകരം സാവധാനം ബ്രേക്ക് ചെയ്യാനും, നനഞ്ഞ റോഡുകളിൽ വാഹനം തെന്നിമാറുന്നത് ഒഴിവാക്കാൻ വളവുകളിൽ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പെയ്‌ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി.
ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. ബാധിത പ്രദേശങ്ങളിൽ അധികൃതർ വെള്ളം ഒഴുക്കിവിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ ആളുകൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications