യുഎഇക്ക് 4 വർഷത്തിനിടയിലെ ആദ്യ തിരിച്ചടി; പ്രവാസികള്‍ക്ക് പണികിട്ടുമോ? സൗദി അറേബ്യ നേട്ടമുണ്ടാക്കി
യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾ ക്രൂഡ് ഓയിൽ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ട് എണ്ണേതര മേഖലയുടെ വളർച്ചയ്ക്ക് പ്രാധാന്യമാണ് അടുത്ത കാലത്തായി നല്‍കി വരുന്നത്. കൃത്യമായ പദ്ധതികളുമായി മുന്നോട്ട് പോയതോടെ ഈ രംഗത്ത് കഴിഞ്ഞ വർഷങ്ങളിലായി രാഷ്ട്രങ്ങള്‍ക്ക് വലിയ മുന്നേറ്റവും കാഴ്ചവെക്കാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോഴിതാ എണ്ണേതര സ്വകാര്യ മേഖലയിലെ വളർച്ചയില്‍ വർഷങ്ങള്‍ക്ക് ശേഷം യു എ ഇ നേരിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
എണ്ണേതര സ്വകാര്യ മേഖലയിലെ വളർച്ച മെയ് മാസത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയെന്നാണ് എസ് ആൻഡ് പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) സർവേ വെളിപ്പെടുത്തുന്നത്. ഏപ്രില്‍ മാസത്തിലെ വളർച്ചാ സൂചിക 54.0 ആയിരുന്നെങ്കില്‍ മെയ് മാസത്തില്‍ ഇത് 53.3 ആയി കുറഞ്ഞു. 2021 ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും താഴ്ന്ന നിരക്കിലേക്ക് പോകുന്നത്.

അമേരിക്കയുടെ താരിഫ് നയം ഗൾഫ് മേഖലയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യു എ ഇയേയും പ്രതികൂലമായി ബാധിച്ചുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, ഡിമാൻഡ് ശക്തമായി തുടർന്നതിനാൽ ഔട്ട്‌പുട്ടിൽ ഗണ്യമായ വർധന ഉണ്ടായെന്നും സർവ്വേ പറയുന്നു.
'മൊത്തത്തിൽ, യു എ ഇ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഔട്ട്‌പുട്ടിലും പുതിയ ഓർഡറുകളിലും മന്ദഗതിയിലുള്ള വർധനകൾ വളർച്ചയുടെ ആക്കം കുറയുന്നതിനെ സൂചിപ്പിക്കുന്നു.'എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവൻ വ്യക്തമാക്കുന്നു.
അമേരിക്കയുടെ കടുത്ത താരിഫ് നയങ്ങള്‍ മൂലം വാണിജ്യ മേഖലയിലുണ്ടായ പ്രതിസന്ധിയും മത്സര സമ്മർദ്ദവും വളർച്ചയെ ബാധിച്ചതായി യു എ ഇയില്‍ പ്രവർത്തിക്കുന്ന ചില കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികളും സ്ഥാപനങ്ങളും പുതിയ സ്റ്റോക്കുകള്‍ സൂക്ഷിക്കുന്നതില്‍ കുറവ് വരുത്തിയതായും സർവ്വേ വ്യക്തമാക്കുന്നു.
വളർച്ച മന്ദഗതിയിലാകുമെന്നത് മുന്നില്‍ കണ്ടാണ് കമ്പനികള്‍ സ്റ്റോക്കുകള്‍ വലിയ തോതില്‍ കുറച്ചിരിക്കുന്നത്. മെയ് മാസത്തിൽ ഇൻപുട്ട് ചെലവുകളിൽ നേരിയ വർധന ഉണ്ടായെങ്കിലും, ഇത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായിരുന്നു. വരും വർഷത്തേക്കുള്ള പ്രതീക്ഷകൾ ജനുവരി മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഏകദേശം 10% കമ്പനികൾ മാത്രമാണ് വിപുലീകരണം പ്രതീക്ഷിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാണ്.
യുഎസ് താരിഫ് നയങ്ങള്‍, പ്രത്യേകിച്ച് 2025 ഏപ്രിൽ 2-ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 10% സാർവത്രിക കസ്റ്റംസ് ഡ്യൂട്ടി, യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. താരിഫുകള്‍ യു എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുകയും വ്യാപാര മേഖലയിൽ മന്ദഗതി സൃഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും, യു എ ഇയുടെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ, ശക്തമായ ആഭ്യന്തര ഡിമാൻഡ്, ദേശീയ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഭാവിയിൽ വളർച്ചയ്ക്ക് സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ഇതര സ്വകാര്യ മേഖല മെയ് മാസത്തിൽ ത്വരിതഗതിയിലുള്ള വളർച്ച കൈവരിച്ചു എന്നതാണ് ശ്രദ്ധേയം. പുതിയ ഓർഡറുകളിലെ വർദ്ധനവാണ് ഇതിന് കാരണമായത്. ബിസിനസ് രംഗം ശക്തിപ്പെട്ടതും വളർച്ചയ്ക്ക് ആക്കം കൂട്ടി. സീസണൽ ക്രമീകരണം അനുസരിച്ച് തയ്യാറാക്കിയ റിയാദ് ബാങ്ക് സൗദി അറേബ്യ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) ഏപ്രിലിലെ 55.6 ൽ നിന്ന് മെയ് മാസത്തിൽ 55.8 ആയി ഉയർന്നു.












Click it and Unblock the Notifications