ഇറാനെ ഇസ്രായേല്‍ ഭയക്കുന്നതെന്തിന്; അറബ് ലോകത്തിന് തന്നെ ഭീഷണിയെന്ന്: സൗദിയും യുഎഇയും പറഞ്ഞത്
ഇസ്രായേലിന്റെ ടെഹ്റാന്‍ ആക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയാകുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. ഇറാനെതിരെ കടുത്ത ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങളായി ഇസ്രായേല്‍ നല്‍കുന്നുണ്ടെങ്കിലും ഇത്രയും കടുത്ത നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈന്‍ സലാമിയും രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞർ ഉള്‍പ്പെടേയുള്ളവരും ഉള്‍പ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.
പ്രധാനമായും ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. തലസ്ഥാനമായ ടെഹ്റാന് പുറമെ മറ്റ് 12 ഇടങ്ങളിലും ശക്തമായ ആക്രമണമുണ്ടായി. നതാന്‍സ് ആണവ കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണമാണ് കൂട്ടത്തില്‍ ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്നും വിലയിരുത്തപ്പെടുന്നു. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന കേന്ദ്രമാണ് നതാന്‍സ്.

നതാന്‍സ് കേന്ദ്രം
ഇസ്രായേല്‍ ആക്രമണത്തില്‍ നതാന്‍സ് ഏതാണ് പൂർണ്ണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 225 കിലോമീറ്റര്‍ മാറി ഇസ്ഫാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രത്തില്‍ ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകളാണുള്ളത്. മരുഭൂമിയില്‍ ഭൂമിക്കടിയിലായി മൂന്ന് നിലകളില്‍ വലിയ സുരക്ഷ സന്നാഹങ്ങളോട് കൂടിയാണ് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം പ്രവർത്തിക്കുന്നത്.
ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ച് കിടക്കുന്ന ഈ കേന്ദ്രത്തെക്കുറിച്ച് യു എസും ഇസ്രയേലും മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളും രഹസ്യ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും കേന്ദ്രത്തില്‍ ആക്രമണം നടന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കേന്ദ്രത്തിലെ പ്രധാനപ്പെട്ട സംവിധാനങ്ങള്‍ക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്.
ഇസ്രായേലിന്റെ ആശങ്ക
ആണവായുധം ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് ഇറാന്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണവും ഉണ്ടായത്. ഇസ്രയേൽ ഭീകരതയ്ക്കുള്ള മറുപടിയാണ് യുറേനിയം സമ്പുഷ്ടീകരണം 60% വർധിപ്പിക്കാനുള്ള തീരുമാനമെന്ന് ഇറാന്‍ മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരത്തെ പറഞ്ഞിരുന്നു. 'നതാൻസിൽ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കും. അതാണ് നിങ്ങളുടെ ദ്രോഹത്തിനുള്ള മറുപടി. ആണവഭീകരതയാണ് നിങ്ങള്‍ നടത്തിയത്' എന്നായിരുന്നു 2021 ല്‍ ഹസന്‍ റൂഹാനി പറഞ്ഞത്.
അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) റിപ്പോർട്ടുകൾ പ്രകാരം ഇറാൻ 60% (408.6 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചിട്ടുണ്ട്. ഇത് ആയുധ-നിലവാരമുള്ള (90%) യുറേനിയമായി മാറ്റിയാൽ 10 ആണവ ബോംബുകൾ നിർമിക്കാൻ സാധിക്കും. അങ്ങനെയെങ്കില്‍ അറബ് ലോകത്ത് ആദ്യമായി ആണവ ആയുധം സ്വന്തമാക്കുന്ന രാജ്യമായും ഇറാന്‍ മാറും. ഇസ്രായേലിനെ സംബന്ധിച്ച് ഇത് അവരുടെ നിലനില്‍പ്പിന് തന്നെ കടുത്ത ഭീഷണിയാണ്.
2015-ലെ ജോയിന്റ് കോംപ്രിഹെൻസിവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) പ്രകാരം, ഇറാന് 3.67% വരെ മാത്രം യുറേനിയം സമ്പുഷ്ടീകരിക്കാനും 300 കിലോഗ്രാം സ്റ്റോക്ക്‌പൈൽ മാത്രം നിലനിർത്താനും അനുവാദമുണ്ടായിരുന്നു. എന്നാൽ, 2018-ൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറിയതിന് ശേഷം, ഇറാൻ ഈ നിയന്ത്രണങ്ങൾ ലംഘിച്ച് 60% വരെ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചു.
പശ്ചിമേഷ്യയില്‍ എന്ത് സംഭവിക്കും
ഇറാൻ ഒരു ആണവായുധം വികസിപ്പിക്കുകയാണെങ്കില്‍ അത് മിഡിൽ ഈസ്റ്റിലെ തന്നെ ഭൌമരാഷ്ട്രീയ ശക്തി സന്തുലനത്തെ തകിടം മറിക്കുമെന്ന ആശങ്കയും ഇസ്രായേലിനുണ്ട്. ഇറാൻ പ്രത്യക്ഷത്തില്‍ ഒരു അറബ് രാഷ്ട്രമല്ലെങ്കിലും, ഷിയാ ഭൂരിപക്ഷമുള്ള ഒരു മുസ്ലിം രാഷ്ട്രമാണ്. ഇത് സുന്നി ഭൂരിപക്ഷമുള്ള അറബ് രാഷ്ട്രങ്ങളുമായുള്ള മത-രാഷ്ട്രീയ സംഘർഷങ്ങളെ സങ്കീർണമാക്കുമെന്നും ഇസ്രായേല്‍ കാലങ്ങളായി വാദിക്കുന്നു. ഇറാൻ ആണവായുധംഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും അത് ഭീകരവാദത്തിന് ഉപയോഗിക്കപ്പെടുമെന്ന ഭയവും ഇസ്രായേലിനുണ്ട്.
ആക്രമണത്തിന് പിന്നാലെ, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുയും ഇറാനിൽ നിന്ന് മിസൈലും ഡ്രോൺ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതീക്ഷിച്ചത് പോലെ ഇറാനില്‍ നിന്നും ഇസ്രായേല്‍ ലക്ഷ്യമാക്കി കനത്ത പ്രത്യാക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്.
ഇറാന്‍ നേരത്തെ പറഞ്ഞത്
ഇസ്രായേലിന്റെ "നാശം" ആഗ്രഹിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചി രാഷ്ട്രം കൂടിയാണ് ഇറാന്‍. 60% യുറേനിയം 90% ആയി സമ്പുഷ്ടീകരിക്കാൻ ഇറാന് ഒരാഴ്ച മതിയാകുമെന്നും, ഒരു മാസത്തിനുള്ളിൽ ഏഴ് ബോംബുകൾ നിർമിക്കാൻ കഴിയുമെന്ന മുന്നറിയിപ്പും ഇവിടെ ശ്രദ്ധേയമാണ്. സൗദി അറേബ്യ, യുഎഇ. തുടങ്ങിയ അറബ് രാഷ്ട്രങ്ങളും ഇറാന്റെ ആണവ പദ്ധതിയെ എതിർക്കുന്നു. എന്നാല്‍ നിലവിലെ ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ അവർ ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നു.
യുഎഇ, സൗദി പ്രതികരണം
'ഇസ്രായേലിന്റെ ഹീനമായ ആക്രമണങ്ങളെ രാജ്യം അപലപിക്കുന്നു. അന്താരാഷ്ട്ര സമൂഹങ്ങളും യുഎന്നും ഈ ആക്രമണം നിർത്താന്‍ ഇടപെടണം' എന്നായിരുന്നു സൗദി അറേബ്യയുടെ പ്രതികരണം. 'സംവാദം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര നിയമം പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല അടിത്തറ' എന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ മറ്റേതൊരു രാജ്യത്തേക്കാളും ഇസ്രായേലുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് യുഎഇ.












Click it and Unblock the Notifications