ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ യുഎഇ ഇന്ത്യക്കൊപ്പം: ആദ്യ പ്രതിനിധി സംഘം യുഎഇയിലെത്തി
ദുബായ്: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ള പ്രതിനിധി സഖ്യം യു എ ഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് സംഘം അബൂദബിയിലെത്തിയത്. എഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അഗം അഹ്‌മദ് മിർ ഖൗറിയും ചേർന്ന് സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുവാമി, യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറക് തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി. 'ഭീകരതയ്ക്ക് മതമില്ല, ദേശീയതയില്ല. അത് എല്ലാ മനുഷ്യരാശിയേയും ബാധിക്കുന്ന ഒരു തിന്മയാണ്' അലി റാഷിദ് അൽ നുവാമി പറഞ്ഞു.

'ഭീകരത ഒരു രാജ്യത്തിനോ പ്രദേശത്തിനോ മാത്രമല്ല, ആഗോളതലത്തിൽ ഒരു ഭീഷണിയാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു. ഒരു അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ, പ്രത്യേകിച്ച് പാർലമെന്റ് അംഗങ്ങൾ ഒന്നിച്ചുചേരണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭീകരക്കെതിരായ പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കുന്നതിലും എല്ലാ മനുഷ്യരാശിക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിലും നാം ഏർപ്പെടണം... ഭീകരതയെ ചെറുക്കുന്നതിനും നമ്മുടെ ജനങ്ങൾക്കും മേഖലയ്ക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ഈ യോഗം ഊട്ടിയുറപ്പിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് യുഎഇ നിലകൊള്ളുമെന്ന് വ്യക്തമാക്കിയതായി ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയും പറഞ്ഞു. 'ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു എന്നതാണ് യു എ ഇ നല്‍കിയ വ്യക്തമായ സന്ദേശം' ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.
ബി ജെ പി എംപിമാരായ ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര, ബി ജെ പി നേതാവ് എസ്എസ് അലുവാലിയ, ലീഗ് എം പി ഇടി മുഹമ്മദ് ബഷീർ, ബി ജെ ഡി എംപി സസ്മിത് പത്ര, അംബാസഡർ സുജൻ ചിനോയ് എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍.
അതേസമയം, ലോകസമാധാനത്തിന് ഇന്ത്യ നല്‍കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications