യുഎഇ, ഖത്തര്‍, സൗദി... ഗള്‍ഫ് കൈയ്യഴിച്ചു സഹായിച്ചു; ഉര്‍ദുഗാന്‍ മടങ്ങിയത് സന്തോഷത്തോടെ
ദുബായ്: സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് സന്തോഷം. സൗദി അറേബ്യയും ഖത്തറും യുഎഇയും വാഗ്ദാനം നല്‍കിയത് കോടികളുടെ നിക്ഷേപം. യുഎഇയുമായി 5000 കോടിയുടെ വിവിധ കരാറുകളാണ് തുര്‍ക്കി ഒപ്പുവച്ചിരിക്കുന്നത്. സൗദിയും ഖത്തറും സമാനമായ രീതിയില്‍ തന്നെ ഉര്‍ദുഗാനെ സ്വീകരിച്ചു.
തിങ്കളാഴ്ചയാണ് ഉര്‍ദുഗാന്‍ ജിസിസി പര്യടനം ആരംഭിച്ചത്. 200ലധികം തുര്‍ക്കി വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആദ്യ ദിവസം സൗദിയിലും രണ്ടാംദിനം ഖത്തറിലും ബുധനാഴ്ച യുഎഇയിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി. യുഎഇയില്‍ ഉര്‍ദുഗാനും പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്ത ചടങ്ങിലാണ് കോടികളുടെ കരാറുകള്‍ ഒപ്പുവച്ചത്.

ഊര്‍ജം, പ്രകൃതി വിഭവ വികസനം, ബഹിരാകാശം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിലാണ് മൂന്ന് ഗള്‍ഫ് രാജ്യങ്ങളുമായും തുര്‍ക്കി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. തുര്‍ക്കിയുടെ ഭൂകമ്പ ദുരിതാശ്വാസ ബോണ്ടുകളില്‍ 850 കോടി ഡോളര്‍ വരെ നിക്ഷേപിക്കാന്‍ യുഎഇയുടെ എഡിക്യു ഫണ്ട് ധാരണാപത്രം ഒപ്പുവച്ചു. തുര്‍ക്കിയുടെ കയറ്റുമതി ഉത്തേജിപ്പിക്കാനുള്ള കരാറും ഇതിന്റെ ഭാഗമാണ്.
കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം, വ്യാപാര കമ്മി, മൂല്യം നഷ്ടമായ ലിറ കറന്‍സി എന്നീ പ്രതിസന്ധികളാണ് തുര്‍ക്കി നേരിടുന്നത്. ഇതില്‍ പരിഹാരം തേടിയാണ് ഉര്‍ദുഗാന്‍ ജിസിസിലെത്തിയതും. വ്യാപരം ശക്തിപ്പെടുത്താന്‍ മൂന്ന് രാജ്യങ്ങളുമായും ധാരണയായത് തുര്‍ക്കിക്ക് വലിയ ആശ്വാസമാണ്. തുര്‍ക്കിയുടെ ഡ്രോണുകള്‍ വാങ്ങാന്‍ സൗദി തീരുമാനിച്ചതും നേട്ടമായി. തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
സൗദിയുമായും യുഎഇയുമായും അടുത്ത കാലം വരെ അകല്‍ച്ചയിലായിരുന്നു തുര്‍ക്കി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതില്‍ പരിഹാരം കാണാനുള്ള ഉര്‍ദുഗാന്റെ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. സൗദിയും യുഎഇയും ഖത്തറിനെതിരെ ഉപരോധം ചുമത്തിയ വേളയില്‍ ഖത്തറിന്റെ ഭാഗമാണ് തുര്‍ക്കി നിലകൊണ്ടത്. തുര്‍ക്കി സൈന്യത്തെ ഖത്തറില്‍ വിന്യസിച്ചതും സൗദി സഖ്യത്തെ ചൊടിപ്പിച്ചിരുന്നു.
500 കോടി ഡോളറിന്റെ കറന്‍സി കൈമാറ്റ കരാര്‍ യുഎഇയും തുര്‍ക്കിയും ഒപ്പുവച്ചിട്ടുണ്ട്. ലിറ കറന്‍സിയുടെ മൂല്യം ഉയരാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു. യുഎഇ കമ്പനികള്‍ തുര്‍ക്കിയില്‍ വന്‍തോതില്‍ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തുര്‍ക്കി വൈസ് പ്രസിഡന്റ് നടത്തിയ യുഎഇ സന്ദര്‍ശനവും ഉര്‍ദുഗാന്റെ ചര്‍ച്ചകള്‍ എളുപ്പമാക്കി.
തുര്‍ക്കിയില്‍ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണ ഇതര വരുമാനം തേടുന്ന ജിസിസി രാജ്യങ്ങള്‍ക്ക് വലിയ മുതല്‍കൂട്ടാകുന്ന കരാറുകളാണിത്. സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കാനും ധാരണയായിട്ടുണ്ട്. ഉര്‍ദുഗാന്റെ സന്ദര്‍ശനം വിജയകരമാണ് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications