യുഎഇ മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം; പുതിയ വഴിവെട്ടുന്നു, ഭാരത് മാര്‍ട്ട് കൂടുതല്‍ രാജ്യങ്ങളിലേക്ക്
ദുബായ്: അമേരിക്ക ഉയര്‍ത്തിയ വ്യാപാര വെല്ലുവിളി മറികടക്കാന്‍ ഇന്ത്യ പലവഴികളാണ് തിരയുന്നത്. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാര്‍ തയ്യാറാക്കുന്നതിന് ഒപ്പം കയറ്റുമതി ശൃംഖല വിപുലീകരിക്കുകയാണ്. യുഎഇയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) വഴി ലഭിച്ച ഇളവുകള്‍ കൂടുതല്‍ നേട്ടമാക്കാനാണ് നീക്കം.
വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ബുധനാഴ്ച യുഎഇയില്‍ എത്തും. വെള്ളിയാഴ്ച വരെ വിവിധ ചര്‍ച്ചകളില്‍ അദ്ദേഹം സംബന്ധിക്കും. യുഎഇയടെ വ്യാപാര പ്രതിനിധി സംഘം അടുത്തിടെ ഇന്ത്യയില്‍ വരികയും വിശദമായ വ്യാപാര ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചയ്‌ക്കൊപ്പം ഭാരത് മാര്‍ട്ട് നേട്ടമാകുന്ന നീക്കവും ഇന്ത്യ നടത്തും. ആഫ്രിക്കന്‍ വിപണി കൂടിയാണ് ഇന്ത്യയുടെ നോട്ടം.

അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തിയത് കയറ്റുമതിക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആഫ്രിക്ക വലിയ സാധ്യതകളുള്ള വിപണിയാണ്. ചൈനീസ് വ്യാപാരികള്‍ ഇതിനകം ആഫ്രിക്കയില്‍ പിടിമുറുക്കിയിട്ടുണ്ട്. യുഎഇ വഴിയാണ് ഇന്ത്യ നീങ്ങുന്നത്.
എന്താണ് ഭാരത് മാര്‍ട്ട്
മന്ത്രി പിയൂഷ് ഗോയലിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യന്‍ വ്യാപരികളും ഉള്‍പ്പെടെ വന്‍ സംഘം യുഎഇയിലെത്തും. ഭാരത് മാര്‍ട്ട് വിപുലീകരണം പ്രത്യേകം ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് യുഎഇയില്‍ ഭാരത് മാര്‍ട്ടിന് നരേന്ദ്ര മോദിയും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും തറക്കല്ലിട്ടത്. അടുത്ത വര്‍ഷം ഭാരത് മാര്‍ട്ട് പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങും.
ദുബായിലെ ജബല്‍ അലി ഫ്രീ സോണിലാണ് ഭാരത് മാര്‍ട്ട് വരുന്നത്. ഇന്ത്യന്‍ സംരംഭങ്ങളുടെയും കയറ്റുമതിക്കാരുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സംഭരിക്കാനും കഴിയുന്ന കേന്ദ്രമാകും ഭാരത് മാര്‍ട്ട്. ഇവിടെ വന്ന് ഏത് രാജ്യങ്ങളിലുള്ളവര്‍ക്കും ചരക്കുകള്‍ തിരഞ്ഞെടുക്കാം. ഡിപി വേള്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി. പശ്ചിമേഷ്യയ്ക്ക് പുറമെ ആഫ്രിക്ക, യൂറേഷ്യ എന്നീ മേഖലകളിലേക്കും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇത് വഴിയൊരുക്കും.
ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ട്
ചൈനയുടെ സമാന സംരംഭമാണ് ഡ്രാഗണ്‍ മാര്‍ട്ട്. ആഫ്രിക്കയില്‍ ഉള്‍പ്പെടെ ലോകത്തെ പല ഭാഗങ്ങളിലും ഇവ പ്രവര്‍ത്തന സജ്ജമാണ്. 12 ഇടങ്ങളിലാണ് ഡ്രാഗണ്‍ മാര്‍ട്ടുള്ളത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എല്ലാ വിപണികളിലും എത്തിക്കുന്നതില്‍ ഈ സംരംഭം വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഭാരത് മാര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്നത്.
യുഎഇയുടെ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി കഴിഞ്ഞാഴ്ച ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സെപ കരാറിന്റെ വിപുലീകരണമായിരുന്നു വിഷയം. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 10000 കോടി ഡോളറിന്റേതാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. നികുതി ഇളവ് നല്‍കി പരസ്പരം വ്യാപാരവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സെപ കരാര്‍.












Click it and Unblock the Notifications