യുഎഇയില്‍ മഴയ്‌ക്കൊപ്പം കടലില്‍ തിരമാലകള്‍ ഉയരുമെന്ന് മുന്നറിയിപ്പ്, ഇന്ന് യെല്ലോ അലര്‍ട്ട്
അബുദാബി: യുഎഇയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തിങ്കളാഴ്ചയും തുടരും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇന്നത്തെ കാലാവസ്ഥ നേരിയ തോതില്‍ ഭാഗികമോ പൂര്‍ണമോ ആയി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തീരപ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് മഴ അനുഭവപ്പെടുന്നുണ്ട്. ക്രിസ്മസ് ദിനം വരെ മഴ തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ പകല്‍ മഴ പ്രതീക്ഷിക്കാമെങ്കിലും രാത്രി ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. ചില ആന്തരിക പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടരുകയും ചെയ്യും എന്നാണ് എന്‍ സി എം അറിയിച്ചിരിക്കുന്നത്.

നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശകളിലേക്ക് രാജ്യത്തുടനീളം വീശും. 10-25 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും കാറ്റ് വീശുക. ചില അവസരങ്ങളില്‍ കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റിന്റെ വേഗത 40 കിലോ മീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് കടലും ഒമാന്‍ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും.
മഴയ്ക്കൊപ്പം പ്രക്ഷുബ്ധമായ കടല്‍ സാഹചര്യവും കണക്കിലെടുത്ത് ഞായറാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 10 മണി വരെ തിരമാലയുടെ ഉയരം 6 അടി വരെ ഉയരുമെന്നാണ് എന്‍ സി എം അറിയിച്ചിരിക്കുന്നത്. ഒമാന്‍ കടലില്‍ പ്രക്ഷുബ്ധമായ സാഹചര്യമുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രി മഴ പെയ്തിരുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച ദ്വീപുകളിലും ചില വടക്കന്‍, തീരപ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായി പ്രവചിച്ചിരുന്നു. റാസല്‍ ഖൈമയില്‍ ഇന്നലെ കനത്ത മഴയാണ് പെയ്തത്. റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതത്തിന് തടസം നേരിട്ടു. റാസല്‍ഖൈമയിലെ ജബല്‍ റയീസ് റോഡുകളിലും ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചതായാണ് വിവരം.
പ്രക്ഷുബ്ധമായ സാഹചര്യം കാരണം കടലില്‍ ഇറങ്ങാനോ കുളിക്കാനോ പാടില്ല എന്നും കടലില്‍ പോകുകയോ ഏതെങ്കിലും സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
എന്‍സിഎം പുറത്തുവിടുന്ന ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications