ദുബായിലെ ആഡംബര നൗകക്ക് ഇനി ആസിഫ് അലിയുടെ പേര്; 'വിവാദം പക്വതയോടെ നേരിട്ടു'
ദുബായ്: നടന്‍ ആസിഫ് അലിയോടുള്ള ആദരസൂചകമായി ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. മനോരഥങ്ങള്‍ ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചില്‍ സംഗീത സംവിധായകനായ രമേഷ് നാരായണുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കിയിരിക്കുന്നത്.
വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണ് നൗകയില്‍ ആസിഫ് അലി എന്നു പേരു പതിപ്പിച്ചിരിക്കുന്നത്. ആഡംബര നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റം വരുത്തും. പല തരത്തില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെയാണ് ആസിഫ് അലി കൈകാര്യം ചെയ്തത് എന്നും താരം എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു എന്നും അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ച് തന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്ടര്‍ ടൂറിസം കമ്പനിയുടെ സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന രജിസ്‌ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേര് നല്‍കിയിരിക്കുന്നത്.
നേരത്തെ രമേഷ് നാരായണ്‍ വിഷയത്തില്‍ തനിക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ആസിഫ് അലി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് നല്‍കുന്ന പിന്തുണ മറ്റൊരാള്‍ക്ക് എതിരെയുള്ള ഹേറ്റ് കാമ്പയിനായി മാറരുതെന്നും ആസിഫ് ആവശ്യപ്പെട്ടിരുന്നു. രമേഷ് നാരായണനുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നും അദ്ദേഹവുമായി തനിക്ക് പ്രശ്‌നമൊന്നുമില്ല എന്നും ആസിഫ് പറഞ്ഞിരുന്നു.
എം ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയാണ് 'മനോരഥങ്ങള്‍'. ഇതിന്റെ ട്രെയിലര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെച്ച നടന്ന ചടങ്ങിനിടെയായിരുന്നു വിവാദം. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രമേഷ് നാരായണായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാന്‍ മറന്നിരുന്നു.
പിന്നീട് ഇത് ശ്രദ്ധയില്‍പ്പെട്ട സംഘാടകര്‍ രമേഷ് നാരായണന് മൊമന്റോ കൊടുക്കാന്‍ ആസിഫ് അലിയെ ആണ് നിയോഗിച്ചത്. എന്നാല്‍ പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തിയ ആസിഫ് അലിയെ അപമാനിക്കുന്ന നടപടിയായിരുന്ന രമേഷ് നാരായണന്റെ ഭാഗത്ത് നിന്നുണ്ടായത്. ആസിഫിന്റെ മുഖത്ത് നോക്കുക പോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേഷ് നാരായണ്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി.
തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈയില്‍ ഉപഹാരം കൊടുത്ത ശേഷം തിരികെ സ്വീകരിക്കുകയും ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നല്‍കുകയുമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് രമേഷ് നാരായണനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications