'ജന്നത്തുല്‍ ബഖീഇല്‍ മാറ്റം വരുത്തണം'; മോദി സൗദി രാജാവിനോട് ആവശ്യപ്പെടുമോ? നിവേദനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദി അറേബ്യ സന്ദര്‍ശിക്കും. നാല് വര്‍ഷത്തിന് ശേഷം മോദി സൗദിയിലെത്തുമ്പോള്‍ ഇരുരാജ്യങ്ങളും വലിയ പ്രതീക്ഷയിലാണ്. രണ്ട് ദിവസം സൗദിയില്‍ തങ്ങുന്ന മോദിയുടെ ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തലും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കലുമാണ്.
പ്രതിരോധ രംഗത്തും ഊര്‍ജ മേഖലയിലും സൗദിയും ഇന്ത്യയും സഹകരണം ശക്തമാക്കാന്‍ ആലോചിക്കുന്നുണ്ട്. ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. ഇന്ത്യയെ പശ്ചിമേഷ്യ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയും പ്രധാന ചര്‍ച്ചയാകും.

ഏപ്രില്‍ മൂന്നാംവാരത്തിലാകും മോദി സൗദിയിലെത്തുക എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ മോദിയെ ക്ഷണിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.98 ബില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ഇന്ത്യ നടത്തുന്ന നിക്ഷേപം 300 കോടി ഡോററായും ഉയര്‍ന്നു. നിര്‍മാണം, ടെലി കമ്യൂണിക്കേഷന്‍, ഐടി, ധനകാര്യ സേവനം, സോഫ്റ്റ് വെയര്‍ വികസനം, മരുന്ന് എന്നീ രംഗങ്ങളിലാണ് ഇന്ത്യ പ്രധാനമായും സൗദിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.
മദീനയിലെ ജന്നത്തുല്‍ ബഖീഅ്
അതേസമയം, വിചിത്രമായ ഒരു ആവശ്യം നരേന്ദ്ര മോദിക്ക് മുമ്പില്‍ വച്ചിരിക്കുകയാണ് ഇന്ത്യയിലെ സൂഫികള്‍. മദീനയിലെ ജന്നത്തുല്‍ ബഖീഇലുള്ള ഖബറുകള്‍ കെട്ടി ഉയര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. 1925ല്‍ ഇവ തകര്‍ത്തതാണ് എന്നും അവര്‍ അവകാശപ്പെടുന്നു. സൗദി ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ മോദി വിഷയം ഉന്നയിക്കണം എന്നാണ് സൂഫികളുടെ ആവശ്യം.
ദി സൂഫി ഇസ്ലാമിക് ബോര്‍ഡ് ആണ് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രവാചക പത്‌നിമാര്‍, പ്രവാചകന്റെ അനുചരന്മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ ഖബറുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ജന്നത്തുല്‍ ബഖീഅ്. ഇവിടെ പുണ്യ കേന്ദ്രമാക്കി മാറ്റണം എന്നാണ് ഷിയാ വിഭാഗക്കാരുടെ ആവശ്യം. ഇതിനോട് യോജിച്ചാണ് സൂഫികള്‍ പുതിയ ആവശ്യം മോദിയോട് ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു മക്കയും മദീനയുമെല്ലാം. 1920കളിലാണ് നിയന്ത്രണം സൗദി ഭരണകൂടത്തിന് ലഭിക്കുന്നത്. ഈ വേളയില്‍ ജന്നത്തുല്‍ ബഖീഇലെ ഖബറുകള്‍ ഭരണകൂടം തകര്‍ത്തു എന്നാണ് സൂഫി ഇസ്ലാമിക് ബോര്‍ഡ് പ്രസിഡന്റ് മന്‍സൂര്‍ ഖാന്‍ ആരോപിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ വികാരം പ്രധാനമന്ത്രി സൗദി ഭരണകൂടത്തെ അറിയിക്കണം എന്നും നിവേദനത്തില്‍ മന്‍സൂര്‍ ഖാന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications