'വിസ്മയമല്ല താലിബാൻ പട'... ഇത് കൊടുംഭീകരതയുടെ പേര്; അർത്ഥത്തിൽ മാത്രം 'വിദ്യാര്‍ത്ഥികൾ'; ചെയ്തുകൂട്ടിയത്...
'വിസ്മയം പോലെ താലിബാന്‍ പട' എന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമം ദിനപത്രം അവരുടെ ഒന്നാം പേജില്‍ ബോക്‌സ് വാര്‍ത്തയായി താലിബാന്‍ വിജയത്തെ അവതരിപ്പിച്ചത്. താലിബാന്‍ കാബൂള്‍ കീഴടക്കുകയും കമ്യൂണിസ്റ്റ് പ്രസിഡന്റ് ആയിരുന്ന നജീബുള്ളയെ തൂക്കിലേറ്റുകയും ചെയ്ത ദിവസമായിരുന്നു അത്തരമൊരു വാര്‍ത്ത.
താലിബാനെ പിന്തുണച്ച് ഇന്നും കേരളത്തില്‍ പോലും ചിലര്‍ രംഗത്ത് വരുന്നുണ്ട്. എന്നാല്‍ താലിബാന്‍ അത്തരത്തില്‍ ഒരു വിസ്മയമല്ല. കൊടുംഭീകരതയുടെ പര്യായമാണിന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ അവരുടെ ചെയ്തികള്‍ ലോകത്തിന് മുന്നില്‍ അവരുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടുന്നുണ്ട്.

താലിബാന്‍ എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എന്നാണ് അറബിയില്‍ അര്‍ത്ഥം. താലിബ് എന്നതിന്റെ ബഹുവചനമാണിത്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ മുസ്ലീം മതപാഠശാലകളില്‍ പഠിച്ചിരുന്നവരായിരുന്നു ആദ്യകാല പോരാളികള്‍. അങ്ങനെയാണ് ഇവര്‍ക്ക് താലിബാന്‍ എന്ന പേര് ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പഷ്തൂണ്‍ മേഖലയിലുള്ളവരായിരുന്നു താലിബാനിലെ ആദ്യകാല പോരാളികളില്‍ ഭൂരിഭാഗവും.

സുന്നി രാഷ്ട്രീയ പ്രസ്ഥാനം എന്ന് വേണമെങ്കില്‍ താലിബാനെ വിശേഷിപ്പിക്കാം. സോവിയറ്റ്- അഫ്ഗാനിസ്ഥാന്‍ യുദ്ധകാലത്തായിരുന്നു താലിബാന്റെ തുടക്കം. മുല്ല ഒമര്‍ ആയിരുന്നു ആദ്യകാല നായകന്‍. മദ്രസ അധ്യാപകരും മറ്റും അടങ്ങിയവരായിരുന്നു താലിബാന്‍ സൈന്യത്തെ ആദ്യകാലങ്ങളില്‍ നയിച്ചിരുന്നത്. ഇത് ഇവര്‍ക്ക് മറ്റൊരു പ്രതിച്ഛായ നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് താലിബാന് ഒരൊറ്റ പ്രതിച്ഛായയേ ലോകത്തിന് മുന്നിലുള്ളൂ. അത് ഭീകരതയുടെ പ്രതിച്ഛായ മാത്രമാണ്.

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതായിരുന്നു താലിബാന്റെ ലക്ഷ്യം. ഇപ്പോഴത് കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കുമായിരിക്കും. അഫ്ഗാനില്‍ നിന്ന് വിദേശ സൈന്യത്തെ തുരത്തി തങ്ങളുടേതായ ഇസ്ലാമിക നിയമം നടപ്പിലാക്കി രാജ്യം ഭരിക്കാന്‍ ആണ് താലിബാന്‍ ലക്ഷ്യമിട്ടിരുന്നത്. 1994 സെപ്തംബറില്‍ കാണ്ഡഹാറില്‍ അമ്പത് മതപഠന വിദ്യാര്‍ത്ഥികളുമായിട്ടാണ് മുല്ല ഒമര്‍ താലിബാന്‍ രൂപീകരിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞിട്ടും അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമങ്ങള്‍ വേണ്ടവിധം നടപ്പിലാക്കപ്പെടുന്നില്ല എന്നതായിരുന്നു മുല്ല ഒമറിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നത്. അതുപോലെ തന്നെ അഫ്ഗാനിലെ മുജാഹിദീന്‍ യുദ്ധപ്രഭുക്കളുടെ അപ്രമാദിത്തവും. ഇതിനെല്ലാം എതിരെ പോരാടാന്‍ ആണ് അമ്പത് പേരുമായി മുല്ല ഒമര്‍ ഇറങ്ങിത്തിരിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ താലിബാന്‍ പോരാളികളുടെ അംഗസംഖ്യ 15,000 കവിഞ്ഞു. പാകിസ്താനിലെ മതപാഠശാലകളില്‍ പഠിച്ചിരുന്നു അഫ്ഗാന്‍ അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ഇതില്‍ ഏറിയ പങ്കും.

മുല്ല ഒമറിന് യുദ്ധപരിചയം ഉണ്ടായിരുന്നു. അഫ്ഗാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേയും സോവിയറ്റ് സൈന്യത്തിനെതിരേയും യുദ്ധം ചെയ്തിരുന്നു പ്രതിരോധ കക്ഷികള്‍ എന്നും അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ എന്നും അറിയപ്പെടുന്ന് ഇസ്ലാമിക സൈനിക വിഭാഗത്തിലായിരുന്നു മുല്ല ഒമര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് സൈനിക പരിശീലനം നല്‍കിയതും ഫണ്ട് നല്‍കിയതും എല്ലാം അമേരിക്കയുടെ താത്പര്യപ്രകാരമായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് മുല്ല ഒമര്‍ താലിബാന്‍ രൂപീകരിച്ച് അഫ്ഗാനില്‍ അധികാരത്തിലേറിയപ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ എത്തിയതും അമേരിക്ക ആയിരുന്നു എന്നതാണ് ചരിത്രത്തിലെ വൈരുദ്ധ്യം.

കാണ്ഡഹാര്‍ പിടിച്ചടക്കിക്കൊണ്ടായിരുന്നു താലിബാന്റെ തുടക്കം.1904 നവംബറില്‍ ആയിരുന്നു ഇത്. ഒരു യുദ്ധത്തിന് പോലും മുതിരാതെ ഭരണകൂടം താലിബാന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് സമീപ മേഖലകളിലും ഇത് തന്നെ ആവര്‍ത്തിച്ചു. ഉറൂസ്ഗാന്‍, സാബൂള്‍ പ്രവിശ്യകളാണ് പിന്നീട് താലിബാന്‍ കീഴടക്കിയത്. അപ്പോഴേക്കും അഫ്ഗാന്‍ മുജാഹിദ്ദീനുകളോടുള്ള ജനവികാരം പ്രതികൂലമായി മാറിയിരുന്നു. ഇതും താലിബാന്റെ വളര്‍ച്ചയ്ക്ക് വളമൊരുക്കി എന്നതാണ് സത്യം. പിന്നീട് ചെറിയ പരാജയങ്ങളും വലിയ വിജയങ്ങളുമായി അഫ്ഗാനിസ്ഥാനിലെ നിര്‍ണായക സാന്നിധ്യമായി താലിബാന്‍ മാറുകയായിരുന്നു.

1996 ല്‍ ആണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിക്കുന്നത്. അതിന് ശേഷം ലോകം കണ്ടത് താലിബാന്റെ കിരാത നടപടികള്‍ ആയിരുന്നു. കാബൂളിലെ ജനത ആയിരുന്നു ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു, പെണ്‍കുട്ടികള്‍ക്കായുണ്ടായിരുന്ന സ്‌കൂളുകള്‍ പൂട്ടിച്ചു. സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് നിരോധിച്ചു. പുറത്ത് ജോലി ചെയ്യാനും അവകാശമുണ്ടായിരുന്നില്ല. സംഗീതത്തിന് പോലും അക്കാലത്ത് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി. പട്ടം പറത്തല്‍, പ്രാവ് വളര്‍ത്തുല്‍ തുടങ്ങിയ വിനോദങ്ങളും നിരോധിച്ചു. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ഏറ്റവും അധികം ദുരിതമനുഭവിച്ച കാലം കൂടിയായിരുന്നു താലിബാന്റെ ഭരണകാലം.

ക്രൂരമായ ശിക്ഷാവിധികളും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിയിരുന്നു. അഫ്ഗാന്റെ മുന്‍ കമ്യൂണിസ്റ്റ് പ്രസിഡന്റ് നജീബുള്ളതെ കാബൂളില്‍ അധികാരം സ്ഥാപിച്ചതിന് പിറകെ താലിബാന്‍ തൂക്കിലേക്കി. നജീബുള്ളയുടെ സഹോദരനേയും കൊലപ്പെടുത്തിയിരുന്നു. താലിബാന്റെ നിയമം ലംഘിക്കുന്നവര്‍ക്ക് നേരെ പ്രാകൃതമായ ശിക്ഷാനടപടികളും അവര്‍ സ്വീകരിച്ചുപോന്നു. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും മയക്കുമരുന്ന് നിര്‍മാണത്തിലൂടെ ആയിരുന്നു താലിബാന്‍ ധനസമാഹരണം നടത്തിയിരുന്നത്. ലോകരാജ്യങ്ങളുടെ അംഗീകാരമില്ലാതിരുന്ന ഒരു ഭരണകൂടം കൂടി ആയിരുന്നു അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. പാകിസ്താനും സൗദി അറേബ്യയും യുഎഇയും മാത്രമായിരുന്നു താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിരുന്നത്.

ഒരുകാലത്ത് അമേരിക്കയ്ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നെങ്കിലും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അല്‍ ഖ്വായ്ദ തലവന്‍ ഒസാമ ബിന്‍ലാദന് അഭയം കൊടുത്തതില്‍ അമേരിക്ക ഇടഞ്ഞു. ലാദനെ കൈമാറണം എന്ന ആവശ്യം താലിബാന്‍ തള്ളുകയും ചെയ്തു. അതേ തുടര്‍ന്നാണ് അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യങ്ങള്‍ അഫ്ഗാന്‍ മണ്ണിലിറങ്ങുന്നത്. 2001 ല്‍ താലിബാനെ ഭരണത്തില്‍ നിന്ന് പുറത്താക്കി അമേരിക്കന്‍ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി.
Recommended Video

അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈനിക സാന്നിധ്യം ആയിരുന്നു പിന്നീട് അഫ്ഗാനില്‍ താലിബാന്റെ തിരിച്ചുവരവിന് തടയിട്ടത്. എങ്കിലും പലയിടത്തും താലിബാന്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ വലിയ യുദ്ധങ്ങള്‍ നയിച്ചിരുന്നു. 2004 ല്‍ താലിബാന്‍ വീണ്ടും ശക്തമാകാന്‍ തുടങ്ങി. അഫ്ഗാനിസ്ഥാനിലേയും പാകിസ്താനിലേയും പഷ്തൂണ്‍ മേഖലകള്‍ അവര്‍ കൈപ്പിടിയില്‍ ആക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിറകെ, താലിബാന്‍ വീണ്ടും തലയുയര്‍ത്തുകയായിരുന്നു.












Click it and Unblock the Notifications