''ഞങ്ങൾ കാലങ്ങളായി ജീവപര്യന്തത്തിൽ തന്നെയാണ്'' ; സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി
ഡൽഹി- മലയാളിയായ മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മ മാധവി. വൺഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സൗമ്യയുടെ അമ്മ മാധവി വിശ്വനാഥൻ നീതിക്കുവേണ്ടിയുള്ള 15 വർഷത്തെ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചത്.
''കൊലയാളികൾക്ക് ജീവപര്യന്തം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഞങ്ങളും ഇപ്പോൾ ഒരു ജീവപര്യന്തത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മനസും വികാരങ്ങളുമെല്ലാം തടവിലാണിപ്പോൾ'' എന്നാണ് സൗമ്യയുടെ അമ്മ മാധവി പ്രതികരിച്ചത്. ഇന്നലെ സൗമ്യ വിശ്വനാഥൻ കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി സാകേത് കോടതി വിധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്ന തീയതി കോടതി വീണ്ടും നീട്ടിയിട്ടുണ്ട്.

''ഇപ്പോൾ കടന്നു പോയത് വെറും 15 വർഷമായിരിക്കാം. എന്നാൽ ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ കാലയളവായിരുന്നു. ജീവിതം ഇനി എന്താകും എന്ന് പോലും അറിയാതെ മാനസികമായി വലിയ ആഘാതങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോയത്'' എന്നും മാധവി പ്രതികരിച്ചു. കുടുംബവും സുഹൃത്തുക്കളുമാണ് തങ്ങൾക്ക് ജീവിക്കാനുള്ള ധൈര്യം പകർന്നു നൽകിയത്. ഏറെ സപ്പോർട്ട് ചെയ്തത് സൗമ്യയുടെ സുഹൃത്തുക്കളാണ്. കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ ഇനി അപ്പീലുമായി ഹൈക്കോടതിയിൽ പോകുമായിരിക്കും. അപ്പോൾ ഈ ഘട്ടങ്ങളിലൂടെയൊക്കെ വീണ്ടും കടന്നു പോകേണ്ടതായി വരുമെന്നും മാധവി കൂട്ടിച്ചേർത്തു.
സൗമ്യയുടെ വിധി പോലെയുള്ള സത്യസന്ധമായ വിധി ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹിയിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ പേടിയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന സ്ഥലമാകണം എന്നാണ് ആഗ്രഹമെന്ന് പറഞ്ഞാണ് മാധവി വൺഇന്ത്യയോടുള്ള അഭിമുഖം അവസാനിപ്പിച്ചത്. ഈ വിധി മറ്റുള്ളവർക്ക് ഒരു പാഠമാകുമെന്നാണ് മാധവി വിശ്വസിക്കുന്നത്.
പതിനഞ്ച് വർഷം മുമ്പ് 2008 സെപ്തംബർ 30 നാണ് സൗമ്യ വിശ്വനാഥൻ എന്ന മലയാളി മാധ്യമ പ്രവർത്തകയ്ക്ക് നേരെ ആക്രമണമുണ്ടായത്. അതിരാവിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സൗമ്യ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടെ ഉണ്ടായ ഉന്തും തളളും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ വെടിവയ്ക്കുകയായിരുന്നു.
13 വർഷം നീണ്ട വിചാരണയ്ക്ക് ശേഷം രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ എന്നിവർ കൊല ചെയ്തവരാണെന്ന് ഇന്നലെ കോടതി വിധിക്കുകയായിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ (MCOCA) വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. അഞ്ചാം പ്രതിയായ അജയ് സേഥിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 411-ാം വകുപ്പ് പ്രകാരം കുറ്റവാളിയാണെന്ന് കണ്ടെത്തി.
പ്രതികൾക്കെതിരായ കൊലപാതകക്കുറ്റം സംശയാതീതമായി പ്രോസിക്യൂഷൻ തെളിയിച്ചെങ്കിലും ഇവർക്കുള്ള ശിക്ഷ വിധിക്കാൻ ഒക്ടോബർ 16 വരെ സമയം നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications