യുപിയിൽ ഇത്തവണയും 'ക്ലീൻ സ്വീപ്പിന്' ബിജെപി... നിഷാദും അപ്‌നാദളും താമരക്കീഴിൽ; അഖിലേഷും പ്രിയങ്കയും വിയർക്കും
ലഖ്‌നൗ: 2022 ൽ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഉത്തർ പ്രദേശിലേതായിരിക്കും. ഹിന്ദി ഹൃദയഭൂമിയായ ഉത്തർ പ്രദേശ് പിടിച്ചാൽ രാജ്യം പിടിച്ചു എന്ന് പണ്ട് മുതലേ ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രയോഗമുണ്ട്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ഉത്തർ പ്രദേശ് കൈയ്യടക്കി വച്ചിരിക്കുന്നത് ബിജെപിയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യ കക്ഷികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി ഇപ്പോൾ. 2017 ലെ തിരഞ്ഞെടുപ്പിൽ എതിർപക്ഷത്തുണ്ടായിരുന്ന നിഷാദ് പാർട്ടിയും 2014 മുതൽ കൂടെയുള്ള അപ്‌നാ ദളും ഇത്തവണ എൻഡിഎയുടെ ഭാഗമായി മത്സരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുറത്തുവന്ന പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത്, ഇത്തവണയും ഉത്തർ പ്രദേശിൽ ബിജെപി ഭരണം നിലനിർത്തും എന്നാണ്.

2017 തിരഞ്ഞെടുപ്പിൽ ഞെട്ടിപ്പിക്കുന്ന വിജയം ആയിരുന്നു ബിജെപി ഉത്തർ പ്രദേശിൽ നേടിയത്. മൂന്നിലൊന്ന് സീറ്റുകളിലും അവർ വിജയിച്ചു കയറി. എസ്പിയും ബിഎസ്പിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഏറ്റവും സമർത്ഥമായി മുതലെടുത്താണ് ബിജെപി ഈ വിജയം കൊയ്തത്. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും മുന്നിൽ നിർത്താതെ, നരേന്ദ്ര മോദിയുടെ പേരിൽ ആയിരുന്നു അന്ന് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 384 സീറ്റുകളിൽ മത്സരിച്ച പാർട്ടി 312 ഇടത്തും വിജയിച്ചുകയറി. ഒരു മുസ്ലീം സ്ഥാനാർത്ഥി പോലും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ സ്വഭാവത്തിന്റെ വ്യതിയാനം പ്രകടമായിരുന്നു. എൺപത് ലോക്‌സഭാ മണ്ഡലങ്ങളിൽ 71 എണ്ണത്തിലും അന്ന് വിജയിച്ചത് ബിജെപി ആയിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിൽ ഏറ്റവും നിർണായകവും ആയിരുന്നു ഉത്തർ പ്രദേശിലെ ഈ കൊയ്ത്ത്. 2009 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആകെ ജയിക്കാൻ ആയത് വെറും 10 സീറ്റുകളിൽ ആയിരുന്നു എന്നതും ഇതോട് ചേർത്തുവായിക്കണം.

2022 ലെ തിരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി തങ്ങൾക്കൊപ്പമുണ്ടാകും എന്നാണ് കേന്ദ്ര മന്ത്രിയും ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവും ആയ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരിക്കുന്നത്. നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിഷാദ് പാർട്ടി എൻഡിഎയുടെ ഭാഗമായിരുന്നു. അപ്‌നാ ദളും തങ്ങളുടെ സഖ്യകക്ഷിയായിരിക്കുമെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിട്ടുണ്ട്. അപ്‌നാ ദൾ 2014 മിതൽ ബിജെപിയ്‌ക്കൊപ്പമാണ്.

2016 ൽ ആണ് നിഷാദ് പാർട്ടി രൂപം കൊള്ളുന്നത്. നിർബൽ ഇന്ത്യൻ ശോഷിഥ് ഹമാരാ ആം ദൾ എന്നതാണ് നിഷാദ് പാർട്ടി. നിഷാദുകൾ, കേവതുകൾ, ബിന്ദ്, മല്ലാ, കശ്യപ്, മഞ്ജി, ഗോണ്ട് തുടങ്ങിയ നദീതട സമുദായങ്ങളുടെ ക്ഷേമം ലക്ഷ്യവച്ചായിരുന്നു പാർട്ടിയുടെ തുടക്കം. 2017 ലെ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ അവർ പീസ് പാർട്ടി ഓഫ് ഇന്ത്യ, അപ്‌നാ ദൾ, ജൻ അധികാർ പാർട്ടി തുടങ്ങിയ പ്രാദേശിക പാർട്ടികളുമായി ചേർന്നായിരുന്നു ബിജെപിയ്‌ക്കെതിരെ മത്സരിച്ചത്. ശക്തികേന്ദ്രം എന്ന് വിശ്വസിച്ചിരുന്ന ഖൊരഖ്പൂരിൽ പോലും അവർ അന്ന് പരാജയപ്പെട്ടു. ആശ്വാസജയം നേടാൻ ആയത് ഗ്യാൻപുർ മണ്ഡലത്തിൽ മാത്രമായിരുന്നു.

ഇതിന് പിറകെ, അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുമായും നിഷാദ് പാർട്ടി കൈകോർത്തിരുന്നു. 2018 ലെ ഉപ തിരഞ്ഞെടുപ്പുകളിൽ മത്സരം അത്തരത്തിൽ ആയിരുന്നു. അതും ബിജെപിയ്ക്ക് എതിരെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ സിറ്റിങ് സീറ്റ് ആയിരുന്ന ഖൊരഖ്പൂരിൽ അട്ടിമറി വിജയം നേടുകയും ചെയ്തു. 1989 മുതൽ ബിജെപി അല്ലാതെ മറ്റൊരു പാർട്ടിയും ജയിക്കാത്ത മണ്ഡലം ആയിരുന്നു ഖൊരഖ്പൂർ. എന്തായാലും അതിന് ശേഷം, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ നിഷാദ് പാർട്ടി ബിജെപിയ്‌ക്കൊപ്പം കൂടി.

നിഷാദ് പാർട്ടിയും അപ്‌നാ ദളും ബിജെപിയ്ക്കും ചേരുന്നത് പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്. ഇത്തവണ വലിയ പോരാട്ടം നടത്തിയേക്കും എന്ന് കരുതപ്പെടുന്നത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയാണ്. ചെറുപാർട്ടികളെ കൂടെ നിർത്തി ഒരു മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ് അഖിലേഷ്. ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകൾ വീണ്ടും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കാണ് അപ്‌നാ ദൾ, നിഷാദ് പാർട്ടികളുടെ എൻഡിഎ നീക്കത്തിലൂടെ എസ്പിയേയും ബിഎസ്പിയേയും കോൺഗ്രസിനേയും നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശിൽ വലിയ മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷ കോൺഗ്രസ് ഇപ്പോഴും കൈവിട്ടിട്ടില്ല. എന്നാൽ സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ആകെ തകർന്നുകിടക്കുകയാണ് എന്ന യാഥാർത്ഥ്യം നേതൃത്വം ഇനിയും ഉൾക്കൊണ്ടിട്ടില്ല. ക്രിയാത്മകമായ സഖ്യങ്ങൾ ഉണ്ടാക്കാൻ പോലും ശ്രമിക്കാതെയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഏഴ് സീറ്റുകൊണ്ടും ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നവരാണ് കോൺഗ്രസ്.
Recommended Video

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ ആത്മവിശ്വാസം ആണ് മായാവതിയുടെ ബിഎസ്പിയ്ക്കുള്ളത്. അന്ന് അഖിലേഷിന്റെ എസ്പിയുമായുള്ള സഖ്യത്തിന്റെ ഫലം യഥാർത്ഥത്തിൽ ലഭിച്ചത് മായാവതിയ്ക്കായിരുന്നു. എന്നാൽ ഇത്തവണ അത്തരത്തിൽ ഒരു സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എസ്പി- ബിഎസ്പി സഖ്യം പൊളിച്ചത് മായാവതിയായിരുന്നു എന്ന ആക്ഷേപവും അഖിലേഷ് ഉന്നയിച്ചു. എസ്പിയും ബിഎസ്പിയും പ്രത്യേകം പ്രത്യേകം മത്സരിക്കുകയും നിഷാദ് പാർട്ടിയും അപ്‌നാ ദളും ബിജെപിയ്‌ക്കൊപ്പം തേരുകയും കൂടി ചെയ്യുന്നതോടെ 2022 ലെ തിരഞ്ഞെടുപ്പിലും ദളിത്, ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ച് പോകും. അത്, ബിജെപിയ്ക്ക് തന്നെയാണ് ഗുണം ചെയ്യുക.












Click it and Unblock the Notifications