'ദ്രാവിഡിന്റെ ആ തീരുമാനം സച്ചിനെ അസന്തുഷ്‌ടനാക്കി'; മുൾട്ടാൻ ടെസ്‌റ്റിലെ വിവാദത്തെ കുറിച്ച് ആകാശ് ചോപ്ര
മുംബൈ: 2004ലെ ഇന്ത്യ-പാകിസ്ഥാൻ പരമ്പര ഏറെ ശ്രദ്ധ നേടിയത് വിരേന്ദർ സെവാഗ് എന്ന ഓപ്പണിംഗ് സെൻസേഷന്റെ സമാനതകൾ ഇല്ലാത്ത പ്രകടനം കൊണ്ടാണ്. അന്ന് മുൾട്ടാനിൽ വച്ച് പാക് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സെവാഗ് ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്‌റ്റ് സ്‌കോർ എന്ന നേട്ടവുമായാണ് അന്ന് മടങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി എന്ന നേട്ടമായിരുന്നു അന്ന് സെവാഗ് കുറിച്ചതെങ്കിൽ ഇതേ ടെസ്‌റ്റിൽ ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു സംഭവം കൂടി നടന്നിരുന്നു.
ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കർ 194 റൺസുമായി ക്രീസിൽ നിൽക്കേ നായകൻ രാഹുൽ ദ്രാവിഡ് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ടീമിന്റെ ജയത്തിന് വേണ്ടിയുള്ള തീരുമാനം എന്ന് വിശേഷിപ്പിക്കുമ്പോഴും ഏറെ വിമർശനങ്ങൾ ദ്രാവിഡിന്റെ ഈ തീരുമാനത്തിന് എതിരെ അന്ന് തന്നെ ഉയർന്നുവന്നിരുന്നു.

ഇപ്പോഴിതാ ഇരുവർക്കും ഒപ്പം ടീമിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഈ സംഭവം ഓർത്തെടുക്കുകയാണ്. കൂടാതെ ജീവിതത്തിൽ ആദ്യമായി സച്ചിൻ ടെണ്ടുൽക്കർ ഇത്രത്തോളം അസന്തുഷ്‌ടനായി താനൊരിക്കലും കണ്ടിട്ടില്ലെന്നും ആകാശ് ചോപ്ര പറയുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇക്കാര്യം ചർച്ചകളിലേക്ക് വരുമ്പോഴാണ് ആകാശ് ചോപ്രയുടെ വെളിപ്പെടുത്തൽ തേടി ശ്രദ്ധ നേടുന്നത്.
'ഞാൻ അപ്പോൾ ഡ്രസ്സിംഗ് റൂമിലായിരുന്നു, എങ്കിലും ഞാൻ ആ സംഭാഷണത്തിന്റെ ഭാഗമായിരുന്നില്ല. വളരെ സത്യസന്ധമായി പറഞ്ഞാൽ, പുതുമുഖമായതിനാൽ ഞാൻ അതിലേക്ക് കടക്കാൻ ശ്രമിച്ചില്ല. അതെ, അന്ന് സച്ചിൻ പാജി ഒട്ടും സന്തോഷവാനായിരുന്നില്ല. ഞാൻ അദേഹത്തെ ആദ്യമായാണ് അങ്ങനെ കാണുന്നതെന്ന് തോന്നുന്നു. അദ്ദേഹം അന്നും സംയമനം കൈവിടുകയോ കുപിതനാവുകയോ ചെയ്‌തിട്ടില്ല, പക്ഷേ ഒട്ടും സന്തോഷവാനായിരുന്നില്ല' ആകാശ് ചോപ്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഡിക്ലയർ ചെയ്യാനുള്ള തീരുമാനം ഒരിക്കലും രാഹുൽ ദ്രാവിഡ് ഒറ്റയ്ക്ക് എടുത്തതായിരുന്നില്ലെന്നും ടീം ഒന്നിച്ചു സ്വീകരിച്ചതായിരുന്നു എന്നും ആകാശ് ചോപ്ര തറപ്പിച്ചു പറയുന്നു. അന്ന് കളിച്ചിരുന്നില്ലെങ്കിലും സൗരവ് ഗാംഗുലിയും ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്നുവെന്നും ആ തീരുമാനത്തിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നും ആകാശ് ചോപ്ര പറയുന്നു.
മത്സരം നാല് ദിവസം കൊണ്ട് അവസാനിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും ആ തീരുമാനം എടുക്കുമായിരുന്നില്ലെന്ന് ദ്രാവിഡ് പറഞ്ഞാതായും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ ആ ചൂടിൽ എടുത്ത തീരുമാനമാണ് അത്, അതിൽ നിങ്ങൾക്ക് വിജയോജിക്കുകയോ യോജിക്കുകയോ ചെയ്യാം, പക്ഷേ അദ്ദേഹത്തെ സംശയിക്കേണ്ടതില്ല എന്നും ആകാശ് ചോപ്ര പറയുന്നു.
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടന്ന ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾക്ക് ഒന്നിനാണ് മുൾട്ടാൻ സാക്ഷ്യം വഹിച്ചത്. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറിയുടെയും സച്ചിന്റെ 194 റൺസിന്റെയും ബലത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 675 റൺസാണ് എടുത്തത്. ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്‌ത ശേഷം പാകിസ്ഥാനെ ബാറ്റിങിന് അയച്ച ഇന്ത്യ ഒടുവിൽ ഇന്നിംഗ്‌സിനും 52 റൺസിനുമാണ് ജയിച്ചത്.












Click it and Unblock the Notifications