Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരത്തിൽ പിതാവും സഹോദരനും മരണപ്പെട്ടു; തളരാതെ പൊരുതി, ആകാശ് ദീപിന്റെ അരങ്ങേറ്റം സ്വപ്‌നതുല്യം

മൈതാന മധ്യത്തിലെ 22 യാർഡ് പിച്ചിന് മുൻപിൽ ആദ്യ പന്തെറിയാനായി തയ്യാറെടുക്കുമ്പോൾ ആകാശ് ദീപ് എന്ന ചെറുപ്പക്കാരന്റെ മനസിലൂടെ ഇന്നോളമുള്ള തന്റെ ജീവിതം മുഴുവൻ കടന്നുപോയിരിക്കണം. അതല്ലെങ്കിൽ കരുത്തരായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിറപ്പിക്കാൻ അവന് കഴിയുമായിരുന്നില്ല. ഒരുപക്ഷേ ഇന്ന് റാഞ്ചിയിൽ തന്റെ ആദ്യ ടെസ്‌റ്റ് കളിക്കുന്ന ആകാശ് ദീപ് എന്ന പേസർക്ക് ഇതൊരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. തന്റെ ഇക്കാലം വരെയുള്ള കഠിനാധ്വാനത്തിന്റെ ഫലം.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്‌റ്റിൽ ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചപ്പോൾ തന്നെ പലരും ചോദിച്ച കാര്യമാണ് ആരാണ് ആകാശ് ദീപ് എന്നത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയിട്ടും ആകാശിനെ തേടി ദേശീയ ടീമിന്റെ വാതിലുകൾ തുറന്നിരുന്നില്ല. ബുമ്രയും, സിറാജും, ഷമിയും ഒക്കെ അടക്കിവാഴുന്ന പേസ് നിരയിൽ ഒഴിവില്ലാത്തത് തന്നെയായിരുന്നു കാരണം.

akashdeepdebut

എന്നാൽ യാദൃശ്ചികമെന്ന് പറയട്ടെ ഇപ്പോഴാണ് അതിനുള്ള അവസരം ഒത്തുവന്നത്. മുൻനിര പേസർമാരുടെ പരിക്കും ഇതിനുള്ള വഴിയൊരുക്കി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ സ്പെൽ തന്നെ അവിസ്‌മരണീയമാക്കി കൊണ്ടാണ് ആകാശ് വരവറിയിച്ചത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആകാശ് തുടങ്ങിയത്. എന്നാൽ അതിന് അധികം ആയുസുണ്ടായിരുന്നില്ല. പന്ത് നോബോൾ ആയിരുന്നു.

എന്നാൽ തളരാൻ ആകാശ് തയ്യാറായിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് അതിനുള്ള പ്രായശ്ചിത്തം താരം ചെയ്‌തു. പിന്നാലെ ഒലി പോപ്പിനെയും പവലിയനിലേക്ക് മടക്കി. ഒരുവട്ടം മിസാക്കിയ സാക്ക് ക്രോളിയുടെ കാര്യത്തിൽ രണ്ടാമത് പിഴവ് വരുത്താൻ താരം തയ്യാറായില്ല. അങ്ങനെ മൂന്നാം വിക്കറ്റും തന്റെ പേരിൽ കുറിച്ചു. ആദ്യ സ്പെല്ലിൽ ബൗളിംഗ് പൂർത്തിയാക്കിയത് 7-0-24-3 എന്ന നിലയിൽ.

ആകാശിന്റെ ഏറ്റവും വലിയ ആരാധനാപാത്രവും, ബംഗാൾ ടീമിലെ സഹതാരവുമായ മുഹമ്മദ് ഷമിയുമായി താരത്തിന് നല്ല സാമ്യമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മുൻപ് അവസരം നൽകിയ മുകേഷ് കുമാറിനേക്കാൾ ഒരുപടി മുകളിലാണ് ആകാശ് എന്നും ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനസറിഞ്ഞെന്നോണം താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.

സസാരം ഗ്രാമം മുതൽ ഇന്ത്യൻ ടീം വരെ

സസാരാമിലെ ഡെഹ്‌രി ഗ്രാമത്തിൽ നിന്നുള്ള ആകാശ് ദീപിന് 2015ൽ പിതാവിനെയും ആറ് മാസത്തിന് ശേഷം മൂത്ത സഹോദരനെയും നഷ്‌ടമായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നപ്പോൾ ഇരുവരെയും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാത്തതായിരുന്നു കാരണം. വർഷങ്ങൾക്ക് ശേഷം, രണ്ടാം കോവിഡ് തരംഗത്തിനിടയിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് സുരക്ഷാ ബബിളിൽ ഇരിക്കെ, താരത്തിന് മറ്റൊരു ശാപം പോലെ അമ്മായിയെയും സഹോദരിയെയും നഷ്‌ടമായി.

മരണത്തിന്റെ വക്കിൽ നിന്നാണ് ആകാശിന്റെ അമ്മ അന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. അതിന് കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് ഇടയിൽ ആകാശ് ദീപ് കടന്നുപോയത് അത്രയേറെ ദുർഘടവും, ബുദ്ധിമുട്ടേറിയതുമായ ജീവിത സാഹചര്യങ്ങളിലൂടെയാണ്. എങ്കിലും ജീവിതത്തിന്റെ കയറ്റിറക്കങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ ദേശീയ ടീമിൽ എത്തി നിൽക്കുമ്പോൾ ഒരു യുഗം ജീവിച്ചു തീർത്തത് പോലെയാണ് ആകാശിന്റെ ശരീരഭാഷ.

തുടക്കം കൊൽക്കത്ത മൈതാനിയിൽ

കൊൽക്കത്ത മൈതാനിയിൽ നിന്നാണ് താരം കളിച്ചു തുടങ്ങിയത്. ആദ്യകാലത്ത് ഒരു ബാറ്ററായിരുന്നു ആകാശ് ദീപ്. എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ഡൽഹിയിൽ പോയെങ്കിലും തിരികെ കൊൽക്കത്തയിൽ എത്തിയപ്പോഴാണ് വീണ്ടും ക്രിക്കറ്റ് സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചത്.

പിതാവിന്റെ മരണശേഷം പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ച് പണം കണ്ടെത്തി കുടുംബത്തെ സഹായിക്കുകയായിരുന്നു ആകാശിന്റെ ലക്ഷ്യം. അതാണ് ഇന്ന് ക്രിക്കറ്റിന്റെ ഉത്ഭവം കൊണ്ട് പേരെടുത്ത രാജ്യത്തിനെതിരായ മത്സരത്തിൽ ദേശീയ ടീമിൽ കളിക്കാനുള്ള ഭാഗ്യത്തിൽ എത്തി നിൽക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+