ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുത്താലോ എന്നുവരെ ആലോചിച്ചു; പക്ഷെ അപ്രതീക്ഷിതമായി വന്ന ആ കോള്‍: സജന പറയുന്നു
രണ്ടാമത് വനിതാ പ്രീമയർ ലീഗിന്റെ ഉദ്ഘാടന മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡല്‍ഹി ക്യാപിറ്റല്‍സി മുംബൈ ഇന്ത്യന്‍സ് പോരാട്ടം അവസാന ഓവറിലേക്ക് കടന്നിരിക്കുന്നു. ഡല്‍ഹി ഉയർത്തിയ 172 എന്ന വിജയ ലക്ഷ്യം മറികടക്കാന്‍ മുംബൈക്ക് വേണ്ടത് ആറു പന്തുകളില്‍ 12 റണ്‍സ്. മുംബൈ ക്യാപ്റ്റന്‍ ഹർമന്‍പ്രീതിനെയും പൂജ വസ്ത്രാക്കറിനേയും ആലിസ് ക്യാപ്സി കൂടാരം കയറ്റിയതോടെ ഡല്‍ഹി ക്യാമ്പില്‍ ചിരി പടർന്നു.
അവസാന പന്തില്‍ മുംബൈക്കും വിജയത്തിനും ഇടയില്‍ ആറ് റണ്‍സ് ദൂരം. ക്രീസിലേക്ക് എത്തിയത് ഡബ്ല്യു പി എല്ലിലെ അരങ്ങേറ്റ മത്സരം കളിക്കാനെത്തുന്ന സജ്ന സജീവന്‍ എന്ന മലയാളി. അമിത ആത്മവിശ്വാസത്തില്‍ മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കി ആലീസ് ക്യാപ്സി എറിഞ്ഞ പന്ത് സജന നിലം തൊടാതെ അതിർത്ത് കടത്തി. മുംബൈയുടെ വിജയത്തോടൊപ്പം തന്നെ ഡബ്ല്യു പി എല്ലില്‍ അവിശ്വസനീയമായ ഒരു കരിയറിനും സജന തുടക്കം കുറിച്ചു. പിന്നാലെ ദേശീയ ടീമിലേക്കും സജന എത്തി. ഇപ്പോഴിതാ മൂന്നാമത് ഡബ്ല്യു പി എല്ലിന്റെ തിരക്കിനിടയില്‍ വണ്‍ഇന്ത്യ മലയാളത്തോട് മനസ് തുറക്കുകയാണ് താരം.

ഡബ്ല്യു പി എല്‍ വനിത താരങ്ങള്‍ക്ക് സുവർണ്ണാവസരം
ഡബ്ല്യു പി എല്‍ വന്നതിനുശേഷമാണ് നമ്മുടെ സ്ത്രീകള്‍ക്ക് അവരുടെ ടാലൻറ് കാണിക്കാൻ പറ്റിയ ഒരു നല്ല പ്ലാറ്റ്ഫോം ലഭിച്ചത്. കാരണം ഇത് ഒരു ലൈവ് ഗെയിമാണ്. വണ്‍ ഡെ, ട്വന്റി-ട്വന്റി, മള്‍ട്ടി ഡെയിസ് തുടങ്ങിയവയാണ് വുമണ്‍ ക്രിക്കറ്റിലെ പ്രധാന കാറ്റഗറകള്‍. എന്നാല്‍ ഇതിനൊന്നും അർഹിക്കുന്ന ശ്രദ്ധ ലഭിച്ചിരുന്നില്ല. പക്ഷെ ഡബ്ല്യു പി എല്‍ വന്നതിന് ശേഷം ആളുകള്‍ കൂടുതലായി ലൈവ് മാച്ച് കാണാനും ഒരുപാട് യുവ കളിക്കാരുടെ പ്രതിഭ കണ്ടെത്താനും സാധിച്ചിട്ടുണ്ട്.
എന്റെ കാര്യം തന്നെ പറയുകയാണെങ്കില്‍ ഡബ്ല്യു പി എല്ലില്‍ വന്നതിന് ശേഷമാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നതും ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതും. അതായത് കളിമികവിനോടൊപ്പം തന്നെ നമ്മുടെ ശശീരഭാഷ, ക്യാരക്ടർ, നമ്മള്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതെല്ലാം ഡബ്ല്യു പി എല്ലിലൂടെ സെലക്ടർമാർക്കും മറ്റും ലൈവായി തന്നെ കാണാന്‍ സാധിക്കും. വുമണ്‍ക്രിക്കറ്റ് മത്സരങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും കാണാന്‍ താല്‍പര്യമുള്ള ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ ഡബ്ല്യു പി എല്ലിന്റെ വരവോടെ സാഹചര്യം മാറി. ഒരുപാട് ആളുകള്‍ വുമണ്‍ ക്രിക്കറ്റിനേയും കളിക്കാരേയും പ്രത്യേകിച്ച് ഇന്ത്യന്‍ കളിക്കാരേയും ഫോളോ ചെയ്യാന്‍ തുടങ്ങി. ഇന്ന് നമുക്ക് വുമണ്‍ കിക്രക്കറ്റ് കളിക്കുന്ന ഒന്നിലേറെ താരങ്ങളെ അറിയാമെങ്കില്‍ അതിനൊരു പ്രധാന കാരണം ഡബ്ല്യു പി എല്ലാണ്. രാജ്യത്തെ വളർന്ന് വരുന്ന പെണ്‍ക്രിക്കത്ത് താരങ്ങള്‍ക്ക് അവരുടെ പ്രതിഭ തെളിയിക്കാനും അടുത്ത ലെവലിലേക്ക് പോകാനുമുള്ള ഒരു പ്ലാറ്റ് ഫോമാണ് ഡബ്ല്യു പി എല്‍.
ആദ്യ മത്സരം, ജീവിതം മാറിമറിഞ്ഞ നിമിഷം
ഞാന്‍ വളറെ കൂളാണ് എന്ന് ഒരിക്കലും സ്വയം പറയില്ല. എല്ലാ കായിക താരങ്ങള്‍ക്കും ഒരു സമ്മർദ്ദം എന്തായാലും കാണും. അത്തരം സമ്മർദ്ദങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ശരീരഭാഷയും ക്യാരക്ടറുമൊക്കെ വേറെ തരത്തിലേക്ക് പോകാം. എന്നാല്‍ പോസിറ്റീവായി നിന്ന് സാഹചര്യം മനസ്സിലാക്കി മുന്നോട്ട് പോകാന്‍ നമ്മള്‍ ശ്രമിക്കണം. അതിന് വേണ്ടി ഞാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ഡബ്ല്യു പി എല്ലിലെ ആദ്യ മത്സരത്തില്‍ അതും ഇത്രയും ആളുകള്‍ക്കിടയിലേക്ക് കളിക്കാന്‍ പോകുമ്പോള്‍ വലിയ സമ്മർദ്ദമാണ് ഞാന്‍ നേരിട്ടത്. ടീമിനെ ജയിപ്പിച്ച് കഴിഞ്ഞാല്‍ എൻ്റെ ജീവിതം തന്നെ മാറി മറിയുന്ന നിമിഷമായിരിക്കും എന്ന ചിന്തയിലൂടെയാണ് ഞാന്‍ ആ പന്തിനെ നേരിട്ടത്.

സ്വപ്നത്തിലേക്കുള്ള ചിവിട്ടുപടി
പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്നതിന് ശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു. ഈ ഒരു പ്ലാറ്റ് ഫോം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞാല്‍ ആ സ്വപ്നത്തിലേക്ക് എത്താന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ആ ഒരു ചിന്തയിലാണ് സമ്മർദ്ദം മാറി വാശിയാകുന്നത്. സമ്മർദത്തെ അതിജീവിച്ച് മുന്നോട്ട് പോയെ മതിയാകുവെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു. അങ്ങനെയാണ് ഓരോ പടിയും ചവിട്ടിക്കയറിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുമ്പോള്‍ അവരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിലപ്പോഴൊക്കെ എന്നേക്കാള്‍ എൻ്റെ ടാലന്റിനെ വിശ്വസിക്കുന്നത് കൂടെയുള്ളവരാണ്. പ്രത്യേകിച്ച് പരിശീലകരും മുതിർന്ന താരങ്ങളും. സമ്മർദത്താല്‍ അല്‍പം തളർന്നുവെന്ന് തോന്നിയാല്‍ അവർ ഇങ്ങോട്ട് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച് ഓക്കെയാക്കും. അത്രയും പിന്തുണയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
പ്രതീക്ഷ, നിരാശ, സങ്കടം, സന്തോഷം
ആദ്യത്തെ ഡബ്ല്യു പി എല്‍ ലേലം നടക്കുമ്പോള്‍ വലിയ എക്സൈറ്റഡായിരുന്നു. ആഭ്യന്തര മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച് നില്‍ക്കുന്ന സമയമാണ്. വയനാട് ക്രിക്കറ്റ് അസോസിയേഷന്റേയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നുമൊക്കെ വലിയ പിന്തുണ ലഭിച്ചു. ഈ വർഷം എന്തായാലും അവസരം ലഭിക്കുമെന്ന് അവർ പറയുന്നുണ്ടായിരുന്നു. നന്നായി പെർഫോം ചെയ്തതിനാല്‍ ഞാനും വലിയ രീതിയില്‍ തന്നെ പ്രതീക്ഷിച്ചു. എന്നാല്‍ നിർഭ്യാഗ്യവശാലും ആരും വിളിച്ചെടുത്തില്ല. ആ സമയത്ത് തീർത്തും നിരാശതോന്നി. മാനസികമായി തളർന്നു. എന്തുകൊണ്ട് ആരും എടുത്തില്ലെന്ന ചിന്തയാണ് നിരന്തരം അലട്ടിയിരുന്നത്. അതിന് ശേഷം കുറച്ചൊന്ന് പിറകിലേക്ക് വലിയുക വരേയുണ്ടായി. കരിയറില്‍ നേരിട്ട വലിയൊരു സ്ട്രഗിളിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ആദ്യത്തെ തവണയുടെ അത്ര പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ കൂടെയും ഭേദപ്പെട്ട കളിപ്പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട പ്രകടനം ഉണ്ടായെങ്കിലും എനിക്ക് തന്നെ ഒരു തൃപ്തി വന്നിരുന്നില്ല. അതിനാല്‍ തന്നെ രണ്ടാമത്തെ ലേലം ഞാന്‍ കണ്ടതുപോലുമില്ല. കിട്ടിയെങ്കില്‍ കിട്ടി ഇല്ലെങ്കില്‍ ഇല്ലെന്ന മനോഭാവമായിരുന്നു. അങ്ങനെയിരിക്കെ കോച്ച് രാജഗോപാല്‍ സാറാണ് അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സ് എടുത്ത കാര്യം വിളിച്ച് അറിയിക്കുന്നത്.

പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴുണ്ടായത്. പ്രതീക്ഷിച്ച കാര്യം അപ്പോള്‍ നടന്നില്ലെങ്കിലും എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മുംബൈ ഇന്ത്യന്‍സ് പോലുള്ള ഒരു ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കുന്നു എന്നതും സന്തോഷം ഇരട്ടിപ്പിച്ചു. ക്രിക്കറ്റില്‍ നിന്ന് ഒരു ബ്രേക്ക് എടുത്താലോ എന്ന് വരെ ആദ്യ ലേലം കഴിഞ്ഞ സമയത്ത് ആലോചിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനോടൊപ്പമുള്ള ഒരോ നിമിഷവും വളരെ അധികം പോസിറ്റീവ് ആയിട്ടുള്ള വൈബ് ആയിരുന്നു. കേവലം ഒരു ഫ്രാഞ്ചൈസി എന്നതിന് അപ്പുറം ഒരു ഫാമിലി പോലെയാണ് മുംബൈ ഇന്ത്യന്‍സ്. എല്ലാവരും പരസ്പരം പിന്തുണച്ചും സഹായിക്കുമാണ് മുന്നോട്ടുപോകുന്നത്. എന്നെ സബന്ധിച്ച് അത് മികച്ച എക്സ്പീരയന്‍സായിരുന്നു.
കേരളത്തിലെ താരങ്ങള്‍
ആശ ചേച്ചിയുടെ (ആശ ശോഭന) ക്യാപ്റ്റന്‍സിയിലാണ് ഞാന്‍ കേരള ടീമിന് വേണ്ടി കളിച്ച് തുടങ്ങിയത്. ആദ്യമായിട്ട് ഡബ്ല്യു പി എല്‍ കളിച്ച് തുടങ്ങിയ മലയാളിയും ആശ ചേച്ചിയാണ്. അതിന് ശേഷമാണ് മിന്നു മണി വരുന്നത്. തുടർന്ന് ഞാനും എത്തി. പിന്നാലെ ജോഷിതക്കും അവസരം ലഭിച്ചു. അങ്ങനെ കുറെയധികം ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. മികച്ച ടാലറ്റുള്ള ഒരുപാട് ആളുകള്‍ ഇനിയും കേരള ടീമിലുണ്ട്. നജ്ല, ദൃശ്യ, അക്ഷയ സദാനന്ദന്‍ അങ്ങനെ ഒട്ടനവധി താരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്നത് തുടർന്നാല്‍ അവരെ തേടിയും മികച്ച അവസരങ്ങള്‍ മുന്നിലുണ്ട്. എല്ലാവരും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഡബ്ല്യു പി എല്‍ മികച്ച പ്ലാറ്റ് ഫോമാണ്. ഒരു അവസരം കിട്ടുകയും അത് കൃത്യമായി മുതലെടുക്കാനും സാധിച്ചാല്‍ അത് അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന നിമിഷമായിരിക്കും.
പ്രതീക്ഷയുള്ളവർ
കഴിവുള്ള ഒട്ടനവധി താരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ജോഷിതയുടെ കാര്യം നേരത്തെ പറഞ്ഞ് കഴിഞ്ഞു. അവള്‍ ഇപ്പോള്‍ ആർ സി ബിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. അണ്ടർ 19 കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു നജ്ല. നിയർ ടീമില്‍ കളിക്കുന്ന വിനയയുണ്ട്. നജ്ലക്കും ദൃശ്യക്കും വിനയക്കും അക്ഷയക്കുമൊക്കെ അടുത്ത ഘട്ടത്തിലേക്ക് ഉയരാനുള്ള അവസരം ലഭിക്കും. വരും കാലങ്ങളില്‍ ഒരുപാട് താരങ്ങളെ നമുക്ക് രാജ്യത്തിന് സംഭാവന ചെയ്യാന്‍ സാധിക്കും.
ഹർമൻപ്രീത് സിങ്, ഹെയ്ലി മാത്യൂ, മിലീന, ശബ്നം
ഹർമൻപ്രീത് സിങ് എന്ന് പറയുന്നത് എനിക്ക് ഒരു സഹ കളിക്കാരി മാത്രമല്ല. എന്റെ ഒരു മാതൃകകൂടിയാണ്. അത്തരം ഒരു വ്യക്തിയുടെ കൂടെ കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. ഹെയ്ലി മാത്യൂ, മിലീന, ശബ്നം തുടങ്ങിയവരെല്ലാം നമ്മളെക്കാളൊക്കെ ഒരുപാട് കളിപരിചയമുള്ള വ്യക്തികളാണ്. അവരോടൊപ്പമുള്ള ഡ്രസിങ് റൂം അനുഭവമല്ലൊം ഏറെ വിലപ്പെട്ടതാണ്. പ്രൈഫഷണലി ഓണ്‍ദ ഫീല്‍ഡും ഓഫ് ദ ഫീല്‍ഡും അവർ വലിയ രീതിയില്‍ വ്യത്യസ്തരാണ്. അതായത് പ്രൊഫഷണല്‍ അപ്രോച്ച് എത്രത്തോളും ഉണ്ടെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിക്കും.

ആരോടും എന്ത് കാര്യവും നമുക്ക് എപ്പോഴും പോയി ചോദിക്കാം, എല്ലാ കാര്യങ്ങളും കൃത്യമായ രീതിയില്‍ പറഞ്ഞ് തരും. അവർ ഷെയർ ചെയ്യുന്ന എക്സ്പീരിയന്‍സ് നമ്മുടെ കരിയറിന്റെ വളർച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യും. ഒരു പ്രൊഫഷണല്‍ ക്രിക്കറുടെ കളിയും ജീവിത രീതിയും എങ്ങനെയെല്ലാമായിരിക്കണമെന്ന് അവർ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ് തന്നിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല, നമ്മുടെ മുന്നോട്ടുള്ള കരിയറിലും അതെല്ലാം വലിയ ഗുണപരമായി മാറിയേക്കും.
ക്യാപ്റ്റന്‍ കൂള്‍ ഹർമൻപ്രീത്
ടീം ജയിച്ചാലും തോറ്റാലും ഹർമൻപ്രീത് നോർമലായിരിക്കും. വിജയത്തില്‍ അമിതമായി സന്തോഷിക്കുകയോ പരാജയത്തില്‍ അമിതമായി ദുഃഖിക്കുയോ ഇല്ല. 'ചില സമയങ്ങളില്‍ കാര്യങ്ങളില്‍ നമുക്ക് അനുകൂലമായി വരും, എന്നാല്‍ എത്ര തയ്യാറെടുപ്പ് നടത്തിയാലും കാര്യങ്ങള്‍ അനുകൂലമായി വരണമെന്നില്ല. അതൊക്കെ ഈ ഗെയിമിന്റെ സ്വഭാവമാണ്. ചിലപ്പോള്‍ ഹീറോ ആയിരിക്കും, എന്നാല്‍ ചിലപ്പോള്‍ സീറോ ആയിരിക്കും. എന്നുവെച്ച് നമ്മുടെ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടാന്‍ പോകില്ല. നമ്മള്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്ത് ഒരോ സാഹചര്യവും നേരിടാനും എന്‍ജോയ് ചെയ്യാനും പഠിക്കുക എന്നാണ്' അവർ പറയാറുള്ളത്.
ക്രിക്കറ്റാണ് ജീവന്‍
മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോഴും ഹർമൻപ്രീതിക്ക് ഒരേ മനോഭാവമാണ്. ഇന്ത്യക്ക് വേണ്ടി കളിച്ചാലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചാലും നമ്മള്‍ കളിക്കുന്നത് ക്രിക്കറ്റാണ് എന്നാണ് അവരുടെ രീതി. എനിക്കും അതില്‍ വ്യത്യാസങ്ങളൊന്നും തോന്നിയിട്ടില്ല. ഇന്ത്യന്‍ ടീമിന് വേണ്ടിയും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഒരുപോലെ കളിക്കുകയും ക്യാപ്റ്റന്റെ ക്വാളിറ്റി നിലനിർത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഹർമൻപ്രീതി. അവർ ക്രിക്കറ്റിനെ അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട്.

പഠിച്ച പാഠങ്ങള്‍, പഠിച്ചുകൊണ്ടിരിക്കുന്നതും
സമ്മർദ്ദമേറിയ സമയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം, ഡിസിഷന്‍ മേക്കിങ് എന്നിവയാണ് അവരില്‍ നിന്നും ഞാന്‍ പ്രധാനമായും പഠിച്ച കാര്യം. അഭ്യന്തര ക്രിക്കറ്റില്‍ നിന്നും തികച്ച വ്യത്യസ്തമായ സാഹചര്യമാണ് അന്താരാഷ്ട്ര ലെവലിലേത്. അവിടെ എക്സ്പീരിയന്‍സായ ഒരു താരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് ഒരു വലിയ പ്രോസസ് ആണ്. അതായത് ഓരോ ബോളിന് അനുസരിച്ച് കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം. റിസല്‍ട്ടൊക്കെ പിന്നീട് വരുന്ന കാര്യമാണ്. സിക്സും ഫോറും ഇല്ലെങ്കിലും സിംഗിള്‍സിലൂടെ സ്കോർബോർഡ് തുടർച്ചയായി മുന്നോണ്ട് കൊണ്ടുപോയിരിക്കണം. ബോളർമാരാണെങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ നെറ്റ്സില്‍ അവർ വിശദീകരിക്കും. അതില്‍ നിന്നെല്ലാം കുറേയധികം പഠിക്കാനുണ്ട്.
ആഭ്യന്തരം വേറെ, അന്താരാഷ്ട്രം വേറെ
ആഭ്യന്തര ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ട്. അത് ബോളിന്റെ സ്പീഡിലായും കളിക്കുന്ന ഷോട്ടിന്റെ പവറിലാണെങ്കിലുമെല്ലാം വ്യത്യാസം പ്രകടമാണ്. ഭയമില്ലാത്തൊരു മത്സര രീതി രൂപപ്പെടുത്താന്‍ ഹർമൻപ്രീത് സിങ് അടക്കമുള്ള മുതിർന്ന താരങ്ങളുടെ സാമീപ്യം വലിയ രീതിയില്‍ സാധീനിച്ചിട്ടുണ്ട്. അവരൊക്കെ കളിക്കുന്ന പവർ ഹിറ്റൊക്കെ കാണുമ്പോള്‍ നമുക്കും അതും കളിയിലേക്ക് കൊണ്ടുവരണം, ഇങ്ങനെയാണ് കളിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. തങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു ബോളറേയും അവർ അനുവദിക്കില്ല. അവരുടെ ഇത്തരം അപ്രോച്ചുകള്‍ പകർത്താന്‍ തുടങ്ങിയതോടെ തന്നെ എന്റെ ആ ഒരു പേടി അങ്ങ് മാറി. അഗ്രസീവായി എങ്ങനെ കളിക്കാം, പവർ ഹിറ്റ് എങ്ങനെ കളിക്കാമെന്നൊക്കെ ഞാനും പഠിച്ച് വരുന്നു.
കഷ്ടപ്പാടും പ്രതിഫലവും
ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ ഇത്തരമൊരു ലെവലിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ സ്വന്തം നാടായ മാനന്തവാടിയില്‍ നിന്നുമുള്ള മിന്നുമണിക്ക് അവസരം ലഭിച്ചതോടെ നമുക്കും ആഗ്രഹവും പ്രതീക്ഷയുമായി. ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് അർഹമായ പരിഗണന കിട്ടില്ലെന്ന പ്രചരണം ഉണ്ടെങ്കിലും നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ഏത് നേട്ടവും സ്വന്തമാക്കാമെന്ന് മിന്നുമണി കാണിച്ച് തന്നു. മിന്നു മണിക്ക് പറ്റുമെങ്കില്‍ എനിക്കും പറ്റുമെന്ന് വിശ്വസിച്ചു. അതിന് വേണ്ടി വലിയ തോതില്‍ കഷ്ടപ്പെട്ടു. അതോടെ മിന്നുവിന് പിന്നാലെ എനിക്കും ദേശീയ ടീമില്‍ ഇടം പിടിച്ചു.
ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരേ സമയത്താണ് കളിതുടങ്ങുന്നത്. ചെറുപ്പം മുതല്‍ പരസ്പരം അറിയാം. ഒരു ചേച്ചി അനിയത്തി ബന്ധമാണ്. ഒരു മത്സരത്തിനിടെ മിന്നു ക്യാച്ച് എടുത്തപ്പോള്‍ ഞങ്ങള്‍ ആഘോഷിക്കുന്ന ഫോട്ടോയും വീഡിയോസുമൊക്കെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മലയാളികള്‍ ഒരു ടീമില്‍ ഒരുമിച്ച് കളിക്കുക എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. പിന്നെ നമുക്ക് സ്വന്തം ഭാഷയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഒരാളുണ്ടാകുക എന്ന് പറയുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.
വയനാട് ക്രിക്കറ്റ് അസോസിയേഷനൊക്കെ വലിയ പിന്തുണ നല്‍കുന്നുണ്ട്. കൃഷ്ണ ഗിരി സ്റ്റേഡിയത്തിലാണ് ഞാനും മിന്നു മണിയും ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത്. മികച്ച രീതിയിലുള്ള ഫെസിലിറ്റീസാണ് അവർ ഒരുക്കുന്നത്. ഒന്നിനും ഒരു കുറവില്ല. കെസിഎയുടെ ഭാഗത്ത് നിന്നുള്ള സമീപനവും അങ്ങനെ തന്നെയാണ്. ഭാവിയിലും നിരവധി യുവതാരങ്ങളെ കെസിഎ കണ്ടെത്തുമെന്നും അവരില്‍ പലരും ദേശീയ ടീം ജഴ്സി അണിയുമെന്നും എനിക്ക് വിശ്വാസമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications