ഒരു വര്‍ഷത്തിന് ശേഷം ധോണി വീണ്ടും... ആവേശപ്പോരിന് അബൂദാബി... ഗ്ലാമര്‍ ടീമുകള്‍, പ്രത്യേകതകളേറെ
ദുബായ്: ക്രിക്കറ്റ് പ്രേമികള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഏറ്റവും ആവേശകരമായ മല്‍സരത്തിന് യുഎഇ തലസ്ഥാനം ഒരുങ്ങി. ഐപിഎല്‍ 13ാം പതിപ്പിന് അബുദാബിയിലെ ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉടന്‍ തുടക്കമാകും. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സുമാണ് കൊമ്പുകോര്‍ക്കുന്നത്.

ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മല്‍സരമാണ് ആദ്യം നടക്കുന്നത്. ധോണി ഒരു വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുന്നത് എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനല്‍ മല്‍സരത്തിനാണ് ധോണി ഏറ്റവും അവസാനമായി കളിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ചെന്നൈയെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്. അതുകൊണ്ടുതന്നെ മധുര പ്രതികാരം തീര്‍ക്കാന്‍ തുടക്കത്തില്‍ തന്നെ ഇത്തവണ ചെന്നൈക്ക് സാധിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷേ, ഇരു ടീമുകളും ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാല്‍ മുംബൈക്കാണ് മേല്‍ക്കൈ. 28ല്‍ 17 മല്‍സരങ്ങളിലും ജയിച്ചത് മുംബൈ ആണ്. നാല് കിരീടങ്ങളാണ് മുംബൈ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
കൊറോണ ഭീതി അകന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ആവേശം ഇത്തവണ കുറവാണ്. വര്‍ണാഭമായ ചടങ്ങുകളില്ല. കാണികള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്നതാണ് ഐപിഎല്‍ ടൂര്‍ണമെന്റ്. കൊറോണ അകലുമെന്ന പ്രതീക്ഷയില്‍ നീട്ടിവച്ചു. പക്ഷേ, ഇനിയും നീട്ടിവയ്ക്കുന്നില്‍ അര്‍ഥമില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യുഎഇയില്‍ മല്‍സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ശന നിബന്ധനകളോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഓരോ ടീമിനും അനുവദിച്ച സ്ഥലത്ത് മാത്രമേ അവര്‍ നില്‍ക്കാവൂ, യാത്ര ചെയ്യാവൂ എന്നാണ് നിബന്ധന.












Click it and Unblock the Notifications