IPL 2023: കൊവിഡ് കൂടുന്നു.. ഐപിഎല്‍ നിര്‍ത്തിവെക്കുമോ? ബിസിസിഐ നിര്‍ദേശം ഇങ്ങനെ
ഐപിഎല്‍ 16-ാം സീസണിന് കൊവിഡ് ഭീഷണി. 2023 സീസണ്‍ ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴാണ് ഐപിഎല്ലിന് മേല്‍ കൊവിഡ് ഭീഷണി ഉയരുന്നത്. രാജ്യത്ത് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ടീം അംഗങ്ങളോടും ഫ്രാഞ്ചൈസികളോടും ബി സി സി ഐ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കാന്‍ ബിസിസിഐ ടീം ഉടമകളോടും കളിക്കാരോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം എന്നും കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട് എന്നും ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും തങ്ങള്‍ക്ക് പരമപ്രധാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തായാലും പിന്തുടരും എന്നും തങ്ങളുടെ മെഡിക്കല്‍ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഐപിഎല്‍ പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ച് വന്നത്. കാണികളെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുന്നത്.
എല്ലാ ടീമുകള്‍ക്കും ഹോം, എവേ മത്സരങ്ങളും നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. മുന്‍ സീസണുകള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ബയോ ബബിളുകള്‍ അടിസ്ഥാനമാക്കിയായിരുന്നു നടത്തിയിരുന്നത്. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഇടയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ബി സി സി ഐ ഐപിഎല്‍ 2021 താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഇന്ത്യയില്‍ 5,335 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി വലിയ രീതിയില്‍ ആള്‍ക്കൂട്ടം സ്റ്റേഡിയത്തിലേക്ക് എത്തുന്നുണ്ട്. രോഗം കൂടുതല്‍ വ്യാപിക്കുന്നതിന് ഇത് സഹായിക്കും എന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് എങ്കില്‍ ഐപിഎല്ലിന്റെ ഈ സീസണിന്റെ ഭാവി സംബന്ധിച്ച് കര്‍ശന തീരുമാനം കൈക്കൊള്ളാന്‍ ബിസിസിഐ നിര്‍ബന്ധിതരാകും.
നേരത്തെ ഐപിഎല്‍ കമന്റേറ്റര്‍മാരില്‍ ഒരാളായ ആകാശ് ചോപ്രക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത് എന്നും രോഗം ഭേദമായി വിശ്രമത്തിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തും എന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.












Click it and Unblock the Notifications