IPL 2023: പച്ച പിടിക്കാതെ ഗ്രീന്‍.. മിന്നലായില്ല ബ്രൂക്ക്; അരങ്ങേറ്റത്തില്‍ വാണവരും വീണവരും...
ഐപിഎല്‍ 2023 ആരംഭിച്ച് അഞ്ച് മത്സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അപ്രതീക്ഷിതം എന്ന് പറയാവുന്ന പ്രകടനങ്ങള്‍ ആരില്‍ നിന്നുമുണ്ടായിട്ടില്ലെങ്കിലും ഈ സീസണും ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കും എന്ന കാര്യം ഉറപ്പാണ്. പതിവ് പോലെ ഈ സീസണിലും ഒരുപറ്റം യുവതാരങ്ങള്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ വേറെ ചിലര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയ ചില താരങ്ങളുടെ ആദ്യ ഐപിഎല്‍ ആയിരുന്നു ഇത്. കാമറൂണ്‍ ഗ്രീന്‍ മുതല്‍ രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ വരെ നിരവധി പേര്‍ ഇത്തവണ ഐപിഎല്ലില്‍ എത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ച ഈ താരങ്ങള്‍ അരങ്ങേറ്റ മത്സരത്തില്‍ ആശാവഹമായ പ്രകടനമാണോ നടത്തിയത് എന്ന് നോക്കാം.

കൈല്‍ മേയേഴ്‌സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കൈല്‍ മയേഴ്‌സ് ടീമിന് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് നല്‍കിയിരിക്കുന്നത്. ക്വിന്റണ്‍ ഡി കോക്കിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മേയേഴ്സ് 38 പന്തില്‍ രണ്ട് ബൗണ്ടറിയും ഏഴ് സിക്‌സും പറത്തി 73 റണ്‍സാണ് ആദ്യ മത്സരത്തില്‍ നേടിയത്.
രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍
ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് വരവ് അറിയിച്ചത്. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയാണ് രാജ്വര്‍ധന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍ എന്നിവരെയാണ് ഈ 20 കാരന്‍ ആദ്യമത്സരത്തില്‍ പുറത്താക്കിയത്. 1.5 കോടി രൂപയ്ക്കാണ് സിഎസ്‌കെ താരത്തെ ടീമിലെത്തിച്ചത്.

നെഹാല്‍ വധേര
ഞായറാഴ്ച ദയനീയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് തിലക് വര്‍മ്മയുടെ പ്രകടനത്തിനൊപ്പം നെഹാല്‍ വധേര നല്‍കിയ പിന്തുണയായിരുന്നു. 48/4 എന്ന നിലയില്‍ നിന്ന് നെഹാല്‍ വധേര, തിലക് വര്‍മ്മയ്‌ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് സൃഷ്ടിച്ചു. 13 പന്തില്‍ 22 റണ്‍സ് നേടിയ നെഹാല്‍ വധേര, കര്‍ണ്‍ ശര്‍മ്മയെ ബാക്ക്-ടു-ബാക്ക് സിക്‌സ് പറത്തിയാണ് തന്റെ വരവറിയിച്ചത്.
കാമറൂണ്‍ ഗ്രീന്‍
ഹാര്‍ഡ്-ഹിറ്ററായി ഐപിഎല്ലിലെത്തിയ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് തുടക്കം നന്നാക്കാനായില്ല. മുംബൈ താരമായ ഗ്രീന്‍ വണ്‍ഡൗണ്‍ ആയി ഇറങ്ങി നാല് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ബൗളിംഗില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും കാമറൂണ്‍ ഗ്രീന്‍ രണ്ടോവറില്‍ വഴങ്ങിയത് 30 റണ്‍സാണ്. അതിനാല്‍ ഐപിഎല്‍ അരങ്ങേറ്റം മറക്കാനായിരിക്കും ഗ്രീന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കുക
ഹാരി ബ്രൂക്ക്
സമീപകാല ക്രിക്കറ്റിലെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിലൊരാള്‍ എന്ന ലേബലില്‍ ആണ് ഹാരി ബ്രൂക്ക് എത്തിയത്. 13.25 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തിയ ഹാരി ബ്രൂക്കിന് പക്ഷെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാനായില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ 2്ര1 പന്തില്‍ 61.90 സ്‌ട്രൈക്ക് റേറ്റില്‍ 13 റണ്‍സ് മാത്രമാണ് ഹാരി ബ്രൂക്കിന് നേടാനായത്.

ജോഷ്വ ലിറ്റില്‍
ഐപിഎല്‍ കളിക്കുന്ന ആദ്യ ഐറിഷ് താരമായ ജോഷ്വാ ലിറ്റിലിനും ഭേദപ്പെട്ട പ്രകടനം അരങ്ങേറ്റത്തില്‍ പുറത്തെടുക്കാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളത്തിലിറങ്ങിയ ജോഷ്വാ ലിറ്റില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നിശ്ചിത ഓവറില്‍ റണ്ണൊഴുക്ക് പിടിച്ച് നിര്‍ത്താന്‍ സാധിച്ചില്ല. നാലോവറില്‍ 41 റണ്‍സ് ആണ് ജോഷ്വാ ലിറ്റില്‍ വഴങ്ങിയത്.












Click it and Unblock the Notifications