IPL 2023: സഞ്ജുവിന് ലോകകപ്പ് ടീമില്‍ കളിക്കാം... വഴി തുറന്ന് ബിസിസിഐ, സാധ്യത ഇങ്ങനെ
ഐപിഎല്‍ 2023 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. ഐപിഎല്ലിന് പിന്നാലെ ഏകദിന ലോകകപ്പ് വരാനുള്ളതിനാല്‍ ടീമിലിടം നേടാന്‍ താരങ്ങള്‍ എല്ലാവരും തങ്ങളുടെ മികച്ച പ്രകടനം തന്നെയാകും ഐപിഎല്ലില്‍ കാഴ്ചവെക്കാന്‍ ശ്രമിക്കുക. മലയാളി താരം സഞ്ജു സാംസണിലാണ് എല്ലാവരുടേയും കണ്ണ്.
സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമും ഋഷഭ് പന്തിന്റെ പരിക്കും സഞ്ജു സാംസണിന് ഏകദിന ലോകകപ്പിലേക്കുള്ള വഴി തുറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ബി സി സി ഐ പുറത്ത് വിട്ട താരങ്ങളുടെ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍ സി ഗ്രേഡ് പട്ടികയിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട് എന്നത് താരത്തിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടണ്ട്. സഞ്ജുവിനൊപ്പം ശിഖര്‍ ധവാനും പട്ടികയില്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

അതിനാല്‍ തന്നെ ഐപിഎല്ലിലെ ഈ രണ്ട് പേരുടേയും പ്രകടനം നിര്‍ണായകമാണ്. ബി സി സി ഐക്ക് യഥാര്‍ത്ഥത്തില്‍ ശിഖര്‍ ധവാനേയും സഞ്ജു സാംസണിനേയും ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍ ദേശീയ ടീമിലെ താരങ്ങളുടെ പരിക്കും മോശം ഫോമും ആണ് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ഋഷഭ് പന്തിന്റെ പരിക്ക് വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിന്റെ സാധ്യതകള്‍ നിലനിര്‍ത്തുന്നുണ്ട്. ശ്രേയസ് അയ്യരും പരിക്കേറ്റ് വിശ്രമത്തിലേക്ക് പോയതോടെ ബാറ്റ്‌സ്മാന്‍മാരെ ടീമിലുള്‍പ്പെടുത്തേണ്ടതുണ്ട്. സഞ്ജു സാംസണിന്റെ ഏകദിനത്തിലെ ശരാശരി 66 ആണ്. ശിഖര്‍ ധവാനും സഞ്ജു സാംസണും ഗ്രേഡ് സി യില്‍ ബി സി സി ഐയുടെ ഒരു കോടി രൂപ കരാര്‍ ആണ് ഉള്ളത്.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കെ എല്‍ രാഹുലിനെ ബി ഗ്രേഡ് കരാറിലേക്ക് തരംതാഴ്ത്തിയതും സഞ്ജു സാംസണിന് അനുകൂലമാണ്. ഇഷന്‍ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍ ആയി ടീമിലുള്ളത്. അതിനാല്‍ തന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം സഞ്ജു സാംസണ്‍ നടത്തിയാല്‍ ബി സി സി ഐക്ക് ഇനിയും തഴയാനാകില്ല. പ്രതിഭാശാലിയായ സഞ്ജു സാംസണിനെ നിരന്തരം തഴയുന്നതിന് എതിരെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
ശിഖര്‍ ധവാനും സമാന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത് ശര്‍മ്മക്കൊപ്പം ഇന്ത്യന്‍ ഓപ്പണിംഗിന്റെ നെടുന്തൂണായിരുന്ന ധവാന് മോശം ഫോമാണ് വിനയായത്. പകരം വന്ന കെഎല്‍ രാഹുല്‍ ആദ്യം ധവാന് വെല്ലുവിളിയായി. പിന്നീട് യുവതാരങ്ങളായ ഇഷന്‍ കിഷാനും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനത്തോടെ ടീമിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഡിസംബറില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം ഇഷന്‍ കിഷന്‍ മോശം ഫോമിലാണ്.
അതിനാല്‍ മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് വീണ്ടും ശിഖര്‍ ധവാന് സാധ്യതയേറുകയാണ്. ചാമ്പ്യന്‍സ് ട്രോഫി, ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറികളോടെ 65 റണ്‍ ശരാശരിയുണ്ട് ശിഖര്‍ ധവാന്. ഐസിസി ടൂര്‍ണമെന്റുകളിലെ ശിഖര്‍ ധവാന്റെ റെക്കോഡ് ബി സി സി ഐക്ക് മുന്നിലുള്ളതിനാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നത് ഇടംകൈയന്‍ ഓപ്പണര്‍ക്ക് മുതല്‍ക്കൂട്ടാകും എന്നുറപ്പാണ്.












Click it and Unblock the Notifications