തിരുമ്പി വന്തിട്ടേന്ന് സൊല്ല്; മിന്നിച്ച് കിംഗ് കോലി, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഗംഭീര വിജയം. നാല് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ടീമിന്റെ നെടുംതൂണായ വിരാട് കോലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട മത്സരത്തിലാണ് ബാംഗ്ലൂര്‍ മികച്ച വിജയം സ്വന്തമാക്കിയത്.
അതേസമയം ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കാനും ബാംഗ്ലൂരിന് സാധിച്ചു. വിരാട് കോലി സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതാണ് ചേസിംഗില്‍ കണ്ടത്. ഇതുവരെ ഐപിഎല്ലില്‍ ആറ് സെഞ്ച്വറികളാണ് താരം നേടിയത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിസ് ഗെയിലിനൊപ്പം എത്താനും കോലിക്ക് സാധിച്ചു. ഇതുവരെ വളരെ മോശം ഫോമില്‍ കളിച്ചിരുന്ന കോലിയാണ് ഇന്നത്തെ മത്സരത്തിലൂടെ ഹീറോയായി മാറിയത്.

187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. വിരാട് കോലി(100) ഫാഫ് ഡുപ്ലെസി(71) എന്നിവര്‍ ചേര്‍ന്ന് 17.5 ഓവറില്‍ 172 റണ്‍സാണ് ചേര്‍ത്തത്. ഇതിലൂടെ തന്നെ വിജയം ഉറപ്പിക്കാനും ആര്‍സിബിക്ക് സാധിച്ചിരുന്നു. 63 പന്ത് നേരിട്ട വിരാട് കോലി 12 ബൗണ്ടറിയും നാല് സിക്‌സറുകളും അടിച്ചു.
കഴിഞ്ഞ കളിയിലെല്ലാം സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ വിമര്‍ശനം നേരിട്ട കോലി ഈ മത്സരത്തില്‍ ഗെയിം പ്ലാന്‍ മാറ്റുകയായിരുന്നു. 158 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഡുപ്ലെസി 47 പന്തിലാണ് 71 റണ്‍സടിച്ചത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും താരം അടിച്ചു. ജയിച്ചില്ലെങ്കില്‍ പുറത്ത് എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.
നേരത്തെ ഹെയ്ന്റിച്ച് ക്ലാസ്സന്റെ ഗംഭീര സെഞ്ച്വറിയാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടിയ ആര്‍സിബി മത്സരത്തില്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ വിചാരിച്ച പോലെ നല്ല തുടക്കമായിരുന്നില്ല ഹൈദരാബാദിന് ലഭിച്ചത്.
അഭിഷേക് ശര്‍മ(11) രാഹുല്‍ ത്രിപാഠി(15) എന്നിവര്‍ വേഗത്തില്‍ പുറത്തായി. രണ്ടിന് 28 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ ക്ലാസ്സന്റെ ഇന്നിംഗ്‌സാണ് പിന്നീട് ഹൈദരാബാദിനെ മാറ്റിമറിച്ചത്. 51 പന്തില്‍ താരം 104 റണ്‍സടിച്ചു.
എയ്ഡന്‍ മാക്രം(18) ക്ലാസന്‍ സഖ്യം ചേര്‍ന്നപ്പോള്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. ഈ കൂട്ടുകെട്ടാണ് മത്സരത്തില്‍ ഹൈദരാബാദിനെ തിരിച്ചുകൊണ്ടുവന്നത്. ക്ലാസന്‍ 51 പന്ത് നേരിട്ടപ്പോള്‍ ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളുമാണ് അടിച്ചത്. ഒരു ടി20 മത്സരത്തിന് വേണ്ട ഇന്നിംഗ്‌സ് എങ്ങനെയാവണം എന്നതിന് ഉദാഹരണമായിരുന്നു ക്ലാസ്സന്റെ ഇന്നിംഗ്‌സ്.
ആര്‍സിബിയുടെ സ്പിന്നറെ നല്ല രീതിയില്‍ തന്നെ താരം നേരിടുകയും ചെയ്തു. മാക്രവുമായുള്ള കൂട്ടുകെട്ടില്‍ കൂടുതല്‍ റണ്‍സ് നേടിയതും ക്ലാസ്സന്‍ തന്നെയായിരുന്നു. 19ാം ഓവറിലാണ് താരം പുറത്തായത്. അതേസമയം 19 പന്തില്‍ 27 റണ്‍സടിച്ച് ഹാരി ബ്രൂക്കും മത്സരത്തില്‍ തിളങ്ങി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. ആര്‍സിബി നിരയില്‍ ബ്രേസ്വെല്‍ രണ്ട് വിക്കറ്റെടുത്തു. ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications