ഓ മൈ റിങ്കു സിംഗ്, വിജയത്തിന് തൊട്ടരികില്‍ വീണ് കൊല്‍ക്കത്ത, ലഖ്‌നൗവിന് ഒരു റണ്‍സ് വിജയം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിന് തോല്‍വി. ഒരു റണ്‍സിനാണ് ടീം തോറ്റത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. 177 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകആറിന് 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മികച്ച തുടക്കമാണ് ചേസിംഗില്‍ കെകെആറിന് ലഭിച്ചത്. 5.5 ഓവറില്‍ 61 റണ്‍സാണ് ടീം അടിച്ചത്. ജേസന്‍ റോയ്(45) വെങ്കിടേഷ് അയ്യര്‍(24) എന്നിവര്‍ ചേര്‍ന്നായിരുന്നു മികച്ച തുടക്കം നല്‍കിയത്. എന്നാല്‍ മധ്യഓവറുകളില്‍ മത്സരത്തില്‍ പിന്നോട്ട് പോയതാണ് കെകെആറിന് തിരിച്ചടിയായി മാറിയത്.

നിതീഷ് റാണ(8) റഹ്‌മത്തുള്ള ഗുര്‍ബാസ്(10) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വെടിക്കെട്ട് പ്രതീക്ഷിച്ച ആന്ദ്രേ റസ്സലും മത്സരത്തില്‍ പരാജയമായി. റിങ്കു സിംഗാണ് മത്സരം അവസാനം വരെ നിലനിര്‍ത്തി. രണ്ട് സിക്‌സറുകള്‍ അവസാന ഓവറുകളില്‍ അടിച്ചിട്ടും റിങ്കുവിന് മത്സരം ജയിപ്പിക്കാനായില്ല. 33 പന്തില്‍ 67 റണ്‍സടിച്ച റിങ്കു പുറത്താവാതെ നിന്നു.
ഒരിക്കല്‍ കൂടി കെകെആറിന്റെ രക്ഷനായി മാറിയതും റിങ്കു സിംഗാണ്. ആറ് ഫോറും നാല് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒരാളുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ ജയം കെകെആറിന് നേടാമായിരുന്നു. ലഖ്‌നൗ ബൗളര്‍മാരില്‍ ബിഷ്‌ണോയിയും യഷ് താക്കൂറും രണ്ട് വിക്കറ്റെടുത്തു. ക്രുണാല്‍ പാണ്ഡ്യ, ഗൗതം, എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
തുടക്കം മോശമായിട്ടും മധ്യനിരയുടെ കരുത്തിലാണ് ലഖ്‌നൗ പിടിച്ചുകയറിയത്. ടോസ് നേടിയ കൊല്‍ക്കത്ത, ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കരണ്‍ ശര്‍മ(3) തുടക്കത്തില്‍ തന്നെ പുറത്തായി. ക്വിന്റണ്‍ ഡികോക്ക്(28) പ്രേരക് മങ്കദ്(26) എന്നിവര്‍ മികച്ച കൂട്ടുകെട്ടില്‍ മുന്നേറിയിരുന്നു.
എന്നാല്‍ പ്രേരക് പുറത്തായതോടെ ലഖ്‌നൗ തകര്‍ന്നു. പിന്നാലെ തന്നെ നേരിട്ട രണ്ടാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്തായി. ഡികോക്കും കൂടി പോയതോടെ അഞ്ചിന് 73 എന്ന നിലയിലായിരുന്നു ലഖ്‌നൗ. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ(9)യും പരാജയമായി.
അഞ്ച് വിക്കറ്റ് പോയതിന് ശേഷമാണ് ലഖ്‌നൗ തകര്‍ത്തടിക്കാന്‍ തുടങ്ങിയത്. നിക്കോളാസ് പൂരാന്റെ തകര്‍ത്തടിക്കലായിരുന്നു പിന്നീട് കണ്ടത്. 30 പന്തില്‍ താരം 58 റണ്‍സടിച്ചു. നാല് ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് താരം പറത്തിയത്. പൂരാന്റെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ ലഖ്‌നൗവിനെ താങ്ങി നിര്‍ത്തിയത്.
ആയുഷ് ബദോനി(25) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് ലഖ്‌നൗവിന്റെ സ്‌കോര്‍ 170 റണ്‍സ് കടത്തിയത്. നാല് പന്തില്‍ 11 റണ്‍സടിച്ച ഗൗതവും മികച്ച പ്രകടനമാണ് നടത്തിയത്. ലഖ്‌നൗ നിരയില്‍ ഷാര്‍ദുല്‍ താക്കൂറും, വൈഭവ് അറോറയും, സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications