IPL 2023: സ്വന്തം നാണക്കേടില്‍ നിന്ന് രാജസ്ഥാന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഏറ്റവും ചെറിയ ടോട്ടലുകള്‍ ഇവയാണ്
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലുകളില്‍ ഒന്നിനാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടത്. നേരിയ വ്യത്യാസത്തിനാണ് ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടല്‍ എന്ന നാണക്കേടില്‍ നിന്ന് രാജസ്ഥാന്‍ ഇന്നലെ രക്ഷപ്പെട്ടത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ രണ്ടാം സ്ഥാനത്തുള്ള ടീം രാജസ്ഥാന്‍ തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം.
ഇന്നലത്തെ മത്സരത്തില്‍ 59 റണ്‍സിന് പുറത്തായ രാജസ്ഥാന്റെ സ്‌കോര്‍ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ്. 171 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 112 റണ്‍സ് അകലെ തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ ഐപിഎല്ലിലെ ഏറ്റവും ചെറിയ അഞ്ച് ടോട്ടലുകള്‍ നോക്കാം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-49
2017 ലെ ഐപിഎല്ലില്‍ 49 റണ്‍സിന് പുറത്തായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ആര്‍സിബിക്ക് കോഹ്ലി, ഡിവില്ലിയേഴ്‌സ്, ഗെയ്ല്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയുള്ളതിനാല്‍ ഈ സ്‌കോര്‍ പുഷ്പം പോലെ മറികടക്കാം എന്നായിരുന്നു വിശ്വസിച്ചത്. എന്നാല്‍ 49 റണ്‍സിന് ബാറ്റിംഗ് നിര കൂടാരം കയറി. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കൗള്‍ട്ടര്‍നൈല്‍, ക്രിസ് വോക്‌സ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരാണ് ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്.
രാജസ്ഥാന്‍ റോയല്‍സ് -58
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 133 റണ്‍സ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 15.1 ഓവറില്‍ 58 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ കുമാറും ജെസി റൈഡറും രാജസ്ഥാന്‍ റോയല്‍സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിച്ചു.
രാജസ്ഥാന്‍ റോയല്‍സ് 59
ഫാഫ് ഡുപ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആര്‍സിബി 20 ഓവറില്‍ 171 റണ്‍സ് നേടി. ഈ സീസണില്‍ മികച്ച ബാറ്റിംഗ് നിരയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മറുപടി വെറും 59 റണ്‍സില്‍ ഒതുങ്ങി. വെയ്ന്‍ പാര്‍നല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രേസ്വെല്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ് 66
കീറോണ്‍ പൊള്ളാര്‍ഡിന്റെയും ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ 212/2 എന്ന കൂറ്റന്‍ സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്ത മുംബൈ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് 66 റണ്‍സിന് പുറത്തായി. ഹര്‍ഭജന്‍സിംഗും കരണ്‍ ശര്‍മ്മയും മൂന്ന് വിക്കറ്റ് വീത് വീഴ്ത്തിയപ്പോള്‍ ലസിത് മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി
ഡല്‍ഹി ക്യാപിറ്റല്‍സ് 67
ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. സന്ദീപ് ശര്‍മ്മ നാലും വരുണ്‍ ആരോണും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയതോടെ ഡല്‍ഹി 67 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും (27 പന്തില്‍ 50* റണ്‍സും) ഹാഷിം അംലയും (20 പന്തില്‍ 16* റണ്‍സ്) വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തിച്ചു.












Click it and Unblock the Notifications