ഐപിഎല്‍ 2024: ഹര്‍ദിക്കിനെയും ടീമിനെയും കണ്ടംവഴി ഓടിച്ച് ഗുജറാത്ത്, ത്രില്ലറില്‍ 6 റണ്‍സ് വിജയം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 6 റണ്‍സ് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഗുജറാത്ത് വിജയം പിടിച്ചത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 162 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ചേസിംഗില്‍ മുംബൈയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഇഷാന്‍ കിഷന്‍(0) മടങ്ങി. പിന്നീട് രോഹിത് ശര്‍മ(43) നമാന്‍ ധിറും(20) ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. രണ്ടിന് മുപ്പത് റണ്‍സ് എന്ന നിലയില്‍ നിന്നാണ് രോഹിത്തും ഡിവാള്‍ഡ് ബ്രൂവിസും കൂടി ടീമിനെ മുന്നോട്ട് നയിച്ചത്.

ബ്രൂവിസ് 38 പന്തില്‍ 46 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി. മൂന്ന് സിക്‌സറും രണ്ട് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രോഹിത് ശര്‍മ 29 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് 43 റണ്‍സടിച്ചത്. രോഹിത് ശര്‍മ പുറത്തായതോടെയാണ് ടീമിന്റെ തകര്‍ച്ച തുടങ്ങിയത്.
തിലക് വര്‍മ(25) ടിം ഡേവിഡ്(11) ഹര്‍ദിക് പാണ്ഡ്യ(11) എന്നിവര്‍ക്ക് വലിയസ്‌കോര്‍ നേടാനായില്ല. അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും മുംബൈക്ക് തിരിച്ചടിയായി. ഗുജറാത്തിന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഗുജറാത്തിന് ഉയരാന്‍ സാധിച്ചില്ല. വൃദ്ധിമാന്‍ സാഹ(19) ശുഭ്മാന്‍ ഗില്‍(31) ഓപ്പണിംഗ് കൂട്ടുകെട്ടിന് വിചാരിച്ചത്ര വേഗവുമില്ലായിരുന്നു. 15 പന്തിലായിരുന്നു സാഹയുടെ 19 റണ്‍സ് പിറന്നത്.
ഗില്‍ 22 പന്തില്‍ 3 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെയാണ് 31 റണ്‍സടിച്ചത്. 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സുദര്‍ശന് മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ല. 39 പന്തില്‍ 3 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് സുദര്‍ശന്‍ 45 റണ്‍സെടുത്തത്. അസ്മത്തുള്ള ഒമര്‍സായ്(17) ഡേവിഡ് മില്ലര്‍(12) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ ഇന്നിംഗ്‌സായി മാറ്റാന്‍ സാധിച്ചില്ല.
ഒമര്‍സായ് ഓരോ ബൗണ്ടറിയും സിക്‌സറും അടിച്ചു. സ്‌കോര്‍ ഒരു ഘട്ടത്തില്‍ 150 കടക്കില്ലെന്ന് കരുതിയെങ്കിലും രാഹുല്‍ തേവാത്തിയ(22)യുടെ ഇന്നിംഗ്‌സ് 168 റണ്‍സിലെത്തിക്കുകയായിരുന്നു. മികച്ച ബൗളിംഗാണ് മുംബൈ ഒരു വശത്ത് കാഴ്ച്ചവെച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളെടുത്തു. കോട്‌സി രണ്ടും ചൗള ഒന്നും വിക്കറ്റുമെടുത്തു.












Click it and Unblock the Notifications