ക്യാപ്റ്റനാണ് പോലും ക്യാപ്റ്റൻ; ഹർദിക് പാണ്ഡ്യയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇർഫാൻ പത്താൻ, കാരണം ഇത്...
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺസ് പിറന്ന മത്സരത്തിനാണ് ഇന്നലെ ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്ത്യൻസിനെതിരെ റെക്കോർഡ് വിജയലക്ഷ്യം ഉയർത്തിയ സൺ റൈസേഴ്‌സ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ജയത്തിനായി പൊരുതിയ മുംബൈക്ക് പക്ഷേ അതിലേക്ക് എത്തി പിടിക്കാനായില്ല. അതിലിപ്പോൾ മുംബൈ നായകൻ ഹർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ചേസിംഗിൽ ബൗണ്ടറിയോടെ ബാറ്റിങ് ആരംഭിച്ച പാണ്ഡ്യയ്ക്ക് പക്ഷേ ആ മൊമന്റം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ 20 പന്തിൽ 24 റൺസാണ് താരത്തിന് നേടാനായത്. ഇതാണ് ഇർഫാൻ പത്താൻ വിമർശന വിധേയമാക്കിയത്. ഹർദിക് പാണ്ഡ്യയുടെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് ടീമിന് തിരിച്ചടിയായെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.

'200 എന്ന സ്‌ട്രൈക്ക് റേറ്റിൽ ടീം മുഴുവനും കളിക്കുമ്പോൾ 120 എന്ന ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റിൽ ക്യാപ്റ്റന് ബാറ്റ് ചെയ്യാൻ കഴിയില്ല.' എന്നായിരുന്നു ഇർഫാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇതിനോട് ആരാധകരും പ്രതികരിക്കുന്നുണ്ട്. വലിയ ടോട്ടൽ പിന്തുടരുന്ന വേളയിൽ ഇന്നിംഗ്‌സിന് ഇത്തിരി വേഗത കൂട്ടാമെന്നായിരുന്നു അവരുടെയും പക്ഷം.
നേരത്ത സൺ റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് അന്യായ ഫോമിൽ നിൽക്കുന്ന സമയത്ത് ആദ്യ പത്തോവറിൽ ടീമിന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുമ്രയെ കാര്യമായി ഉപയോഗിക്കാത്തത് ചൂണ്ടിക്കാട്ടി പാണ്ഡ്യയെ ടോം മൂഡിയും ഇർഫാൻ പത്താനും ഉൾപ്പെടെ വിമർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബാറ്റിങിലെ മെല്ലപ്പോക്കിനെ ചൂണ്ടിക്കാട്ടിയും പാണ്ഡ്യയെ പത്താൻ പ്രതികൂട്ടിൽ നിർത്തുന്നത്.
അതേസമയം, 277 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് മികച്ച തുടക്കമാണ് ഉണ്ടാക്കിയത്. പവർപ്ലേയിൽ തന്നെ രോഹിത് ശർമ്മയെയും ഇഷാൻ കിഷനെയും നഷ്‌ടമായെങ്കിലും അതിന് മുൻപ് തന്നെ മുംബൈ ഇന്ത്യൻസ് സ്‌കോർ വെറും മൂന്ന് ഓവറിൽ 50 റൺസിലെത്തിയിരുന്നു. പിന്നീട് വന്ന താരങ്ങളും കാര്യമായി തന്നെ പരിശ്രമിച്ചു.
തിലക് വർമ്മ, നമൻ ധിർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ എല്ലാ കഴിവും പുറത്തെടുത്താണ് ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ നോക്കിയത്. ഇതിനിടെ ക്രീസിലെത്തിയ ഹാർദിക് ബൗണ്ടറിയും സിക്‌സറും പറത്തി വരവ് ഗംഭീരമാക്കിയെങ്കിലും പിന്നീട് സമ്മർദ്ദത്തിൽ കുടുങ്ങി കാര്യമായ റൺസ് നേടാൻ കഴിയാതെ മടങ്ങുകയായിരുന്നു. ഇതാണ് ഇർഫാൻ പത്താനെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications