പരാഗ് പറത്തിയടിച്ചു, ജയ്‌സ്വാൾ ജയ് വിളിച്ചു; എന്നിട്ടും ജയം ഹൈദരാബാദിന്, ഇതാണ് അവസാന ഓവർ ത്രില്ലർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം നിലനിർത്തി മടങ്ങാമെന്ന രാജസ്ഥാൻ റോയൽസിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. സൺ റൈസേഴ്‌സ് ഹൈദരാബാദാണ് ഇത്തവണ റോയൽസിനെ മലർത്തിയടിച്ചത്. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ ഒരു റൺസിന് ആയിരുന്നു ആയിരുന്നു വിജയം. ഹൈദരാബാദിന് എതിരെ 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽസ് തുടക്കത്തിൽ പതറിയെങ്കിലും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.
നായകൻ സഞ്ജു സാംസണും സൂപ്പർതാരം ജോസ് ബട്ട്ലറും സംപൂജ്യരായി മടങ്ങിയപ്പോൾ സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. ടൂർണമെന്റിലെ പല മത്സരങ്ങളും ചേസ് ചെയ്‌ത് ജയിപ്പിച്ച ഇരുവരുടെയും പുറത്താകൽ വലിയ തിരിച്ചടിയാണ് റോയൽസിന് നൽകിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജയ്‌സ്വാളും റിയാൻ പരാഗും മത്സരത്തിന്റെ ഗതിമാറ്റി.

ഇരുവരും അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. യശസ്വി ജയ്‌സ്വാൾ ആയിരുന്നു കൂടുതൽ അപകടകാരി. ജയ്‌സ്വാൾ 40 പന്തിൽ 67 റൺസാണ് നേടിയത്. മറുവശത്ത് പരാഗ് മത്സരം ബിൽഡ് ചെയ്തെടുത്താണ് ഇന്നിംഗ്‌സ് തുടങ്ങിയത്. എങ്കിലും സ്കോറിംഗ് വേഗത്തിലാക്കാൻ പരാഗിനും കഴിഞ്ഞു. ഒടുവിൽ അവസാന നിമിഷം റോവ്മാൻ പവലാണ് ടീമിനെ ജയത്തിലേക്ക് നയിച്ച ഫിനിഷർ റോൾ കൈകാര്യം ചെയ്യുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.
അവസാന ഓവർ എറിഞ്ഞ ഭുവന്വേശ്വർ കുമാർ മികച്ച നിലയിൽ പന്തെറിഞ്ഞതോടെയാണ് ജയിക്കുമെന്ന് ഉറച്ച മത്സരം റോയൽസിന്റെ കൈവിട്ട് പോയത്. ഭുവനേശ്വർ കുമാർ മൂന്നും നടരാജനും കമ്മിൻസും രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 201 റൺസാണ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കമ്മിൻസിന്റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിലായിരുന്നു ഹൈദരാബാദിന്റെ ബാറ്റിങ്.
നിതീഷ് റെഡ്‌ഡിയുടെയും ഒപ്പം അവസാന നിമിഷം കത്തിക്കയറിയ ക്ലാസന്റെയും മികവിലാണ് ടീം മികച്ച സ്‌കോർ നേടിയത്. വെടിക്കെട്ട് വീരന്മാർ ധാരാളമുള്ള ടീമിന് വേണ്ടി ട്രാവിസ് ഹെഡ് തന്നെയാണ് തിരികൊളുത്തിയത്. എന്നാൽ മികച്ച പിന്തുണ നൽകുമെന്ന് പ്രതീക്ഷിച്ച അഭിഷേക് ശർമ്മ പെട്ടെന്ന് പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയായി. താരം പത്ത് പന്തിൽ പന്ത്രണ്ട് റൺസ് മാത്രമാണ് നേടിയത്. എന്നാൽ മറുവശത്ത് ട്രാവിസ് ഹെഡ് പിടിച്ചുനിന്നു.
അർധ സെഞ്ച്വറിയുമായാണ് താരം കളംവിട്ടത്. 44 പന്തിൽ 58 റൺസാണ് ഹെഡ് നേടിയത്. എന്നാൽ അവിടെ ഹൈദരാബാദ് ബാറ്റിങ്ങിന്റെ കടിഞ്ഞാൺ ലോക്കൽ ബോയ് നിതീഷ് റെഡ്‌ഡി ഏറ്റെടുക്കുകയായിരുന്നു. നിതീഷും ക്ലാസനും ചേർന്നതോടെ സ്‌കോർ ബോർഡ് ചലിക്കാൻ തുടങ്ങി. അതിവേഗത്തിലാണ് നിതീഷ് ബാറ്റ് വീശിയത്.
ഒടുവിൽ അർഹിച്ച അർധസെഞ്ച്വറിയും താരം നേടുകയുണ്ടായി. കൂട്ടിന് ക്ലാസനും കൂടി എത്തിയതോടെ കളി മാറി. മധ്യ ഓവറുകളിൽ കൈമോശം വന്ന സ്ട്രൈക്ക് റേറ്റ് വീണ്ടെടുക്കാൻ ആയിരുന്നു പിന്നീട് ഹൈദരാബാദിന്റെ ശ്രമം. ഇതിന് നേതൃത്വം നൽകിയതാവട്ടെ നിതീഷ് കുമാർ റെഡ്‌ഡിയും. മികച്ച ഫോമിലുള്ള താരം നന്നായി ബാറ്റ് വീശിയതോടെ ഹൈദരാബാദിന് പ്രതീക്ഷയ്ക്കു വകയുള്ള സ്‌കോർ നേടാനായി.
കൂട്ടിന് ക്ലാസനും കൂടി കത്തിക്കയറിയതോടെ മത്സരം കടുപ്പമാവും എന്നുറപ്പായി. നിതീഷ് റെഡ്‌ഡി 42 പന്തിൽ 76 റൺസ് നേടിയാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. മറുവശത്ത് ക്ലാസനാവട്ടെ ചുരുങ്ങിയ പന്തുകൾ മാത്രമാണ് നേരിട്ടതെങ്കിലും സ്കോറിംഗ് വേഗം ഉയർത്താൻ താരത്തിനായി. താരം നേടിയത് 19 പന്തിൽ 42 റൺസാണ്.
രാജസ്ഥാൻ ബൗളിങ് നിരയിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ആവേശ് ഖാൻ നാലോവറിൽ 39 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് ശർമ്മ ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ ഒരൽപം പിശുക്ക് കാട്ടിയിരുന്നു. എങ്കിലും ഹൈദരാബാദിനെ പിടിച്ചുകെട്ടാൻ അവർക്കായില്ല.












Click it and Unblock the Notifications