ബില്ലടച്ചില്ല, കുടിശ്ശിക കോടികള്‍! സ്റ്റേഡിയത്തിലെ ഫ്യൂസൂരി വൈദ്യുതി ബോര്‍ഡ്, ചെന്നൈയുടെ മത്സരം തുലാസില്‍
ഐ പി എല്ലില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം. എസ് ആര്‍ എച്ചിന്റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30 നാണ് മത്സരം. മൂന്ന് കളിയില്‍ രണ്ട് ജയമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴാം സ്ഥാനത്തുമാണ്.
അവസാനത്തെ മത്സരത്തില്‍ ഇരുടീമുകളും ഇന്ന് ജയിക്കാനുറച്ചായിരിക്കും എത്തുക. എന്നാല്‍ ആവേശകരമായ മത്സരം കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപ്പല്‍ സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം തെലങ്കാന വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ കുടിശ്ശിക വരുത്തിയ വൈദ്യുതി ബില്ലുകള്‍ കാരണമാണ് തെലങ്കാന സ്റ്റേറ്റ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് (ടി എസ് എസ് പി ഡി സി എല്‍) സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം പ്രിന്‍സിപ്പല്‍ കുടിശ്ശികയും വൈകി അടയ്ക്കുന്നതിനുള്ള സര്‍ചാര്‍ജും ഉള്‍പ്പെടെ മൊത്തം 3.05 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ എച്ച്സിഎ പരാജയപ്പെട്ടു എന്നാണ് വിവരം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കണമെന്ന് എച്ച് സി എ ആവശ്യപ്പെട്ടിട്ടും ടി എസ് എസ് പി ഡി സി എല്‍ അതിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോര്‍ഡ് 15 ദിവസത്തിനുള്ളില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അന്തിമ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എച്ച് സി എ ഈ സമയപരിധി പാലിച്ചില്ല.
ഇതാണ് നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. നിലവില്‍ സ്റ്റേഡിയം ഇരുട്ടിലായതിനാല്‍ നിശ്ചിത സമയത്തിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നം പരിഹരിക്കാനാകുമോ എന്നത് വ്യക്തമല്ല. ഇരു ടീമുകളും അവരുടെ പരിശീലന സെഷനുകള്‍ പകല്‍ പൂര്‍ത്തിയാക്കിയേക്കും. എന്നാല്‍ മത്സരം നടത്താന്‍ വൈദ്യുതി ബന്ധം കൂടിയേ തീരൂ. മത്സരം റദ്ദാക്കേണ്ടി വരുന്നത് ആരാധകര്‍ക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുക.
ഐ പി എല്‍ സംഘാടകര്‍ എച്ച് സി എയും ടി എസ് എസ് പി ഡി സി എല്ലുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചര്‍ച്ച വിജയമായില്ലെങ്കില്‍ മത്സരം മാറ്റിവെക്കാനും റദ്ദാക്കാനുമാണ് സാധ്യത എന്നാണ് വിവരം.












Click it and Unblock the Notifications