'ഒച്ചിഴയും പോലെ ബാറ്റിംഗ്, ലക്ഷ്യം സ്വന്തം നേട്ടം'; വിമർശനങ്ങൾ കാറ്റിൽപറത്തി രാഹുൽ, 14 കോടി വാങ്ങും
ജിദ്ദ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്താരങ്ങളിൽ ഒരാളാണ് കെഎൽ രാഹുൽ. പ്രതിഭ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഉൾപ്പെടുന്ന താരത്തിന് പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി നല്ല കാലമായിരുന്നില്ല. പ്രത്യേകിച്ച് ഏകദിന ലോകകപ്പിൽ ഓസീസിനെതിരായ ഫൈനലിലെ പ്രകടനം താരത്തെ ആരാധകർക്ക് ഇടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി.
അന്ന് ഇന്ത്യയുടെ സ്ലോ റൺ റേറ്റിന് എല്ലാവരും ഒരുപോലെ വിരൽ ചൂണ്ടിയത് കെഎൽ രാഹുലിന് നേരെയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം അവസാന നിമിഷം ഇല്ലാതായതോടെ ആരാധകരും മുൻ താരങ്ങളും രാഹുലിനെ കൊത്തിവലിക്കാൻ തുടങ്ങി. ഒടുവിൽ ഐപിഎല്ലിൽ കളിച്ചു കൊണ്ടിരുന്ന ലക്‌നൗ ടീമിനും രാഹുലിനെ വേണ്ടാതായി.

നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ രാഹുലിന്റെ പേര് ഇല്ലാതായതോടെ പലരും താരത്തിന്റെ വീഴ്‌ച ആഘോഷമാക്കി. എന്നാൽ അതിനൊക്കെയും ആയുസ് ഐപിഎൽ താരലേലം നടക്കുന്ന ഇന്ന് വരെയായിരുന്നു. ജിദ്ദയിൽ വച്ച് നടക്കുന്ന താരലേലത്തിന്റെ ആദ്യ ദിനം ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റ താരങ്ങളിൽ ഒരാളാണ് കെഎൽ രാഹുൽ.
ആരും ഉയർന്ന തുകയ്ക്ക് വാങ്ങില്ലെന്ന് പ്രവചിച്ച താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത് ഡൽഹി ക്യാപിറ്റൽസ് ടീമാണ്. കഴിഞ്ഞ രണ്ട് സീസണുകളായി കെഎൽ രാഹുലിന്റെ നായക മികവ് ലക്‌നൗവിൽ കണ്ടറിഞ്ഞത് കൊണ്ടാവണം ഡൽഹി അദ്ദേഹത്തെ ക്യാമ്പിലെത്തിക്കാൻ ഇത്രയും വലിയ തുക മുടക്കിയത്. ഇതോടെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് കിട്ടിയിരിക്കുന്നത്.
അതേസമയം, നിലവിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിൽ തുടരുന്ന രാഹുൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി നടത്തുന്നത്. ആദ്യ ഇന്നിംഗ്‌സിൽ ഒട്ടുമിക്ക എല്ലാ ബാറ്റർമാരും ഓസീസ് ബൗളർമാർക്ക് മുന്നിൽ വീണപ്പോഴും പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയത് രാഹുലായിരുന്നു. പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ യുവതാരം ജയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യയ്ക്ക് ശക്തമായ നില സമ്മാനിച്ചതും രാഹുലാണ്.
അതിനിടെ ഐപിഎൽ താരലേലം ജിദ്ദയിൽ പുരോഗമിക്കുകയാണ്.ഏറ്റവും ഉയർന്ന വില എന്ന റെക്കോർഡ് പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ താരം റിഷഭ് പന്ത് സ്വന്തമാക്കി. എന്നാൽ മുപ്പത് കോടി എന്ന മന്ത്രി സംഖ്യയിൽ തൊടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 27 കോടി രൂപയ്ക്കാണ് റിഷഭ് പന്തിനെ ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്.
ലേലത്തിൽ ആദ്യം റെക്കോർഡ് കുറിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു. എന്നാൽ അതിന് മിനിറ്റുകളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് കിംഗ്‌സ് വാങ്ങിയത്. ഇതിന് പിന്നാലെ യൂസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ഡേവിഡ് മില്ലർ എന്നിങ്ങനെ മുൻനിര താരങ്ങളെ എല്ലാം വിവിധ ടീമുകൾ സ്വന്തമാക്കി.












Click it and Unblock the Notifications