'മക്കളെ... മലപ്പുറം എഫ്‌സി റെഡി'; ലോഞ്ചിംഗ് നിര്‍വഹിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ മലപ്പുറം എഫ്‌സി ടീമിന്റെ ലോഞ്ചിംഗ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നിര്‍വഹിച്ചു. ലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി, പാലോളി മുഹമ്മദ് കുട്ടി, പാണക്കാട് മുനവറലി തങ്ങള്‍ എന്നിവരും പങ്കെടുത്തു. യൂസഫലിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി. ഫുട്‌ബോളിനോട് തനിക്ക് വലിയ വാത്സല്യമാണ് എന്നും സ്‌കൂള്‍ പഠനകാലത്ത് ഫുട്‌ബോള്‍ കളിച്ചിരുന്നു എന്നും യൂസഫലി പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സന്തോഷ് ട്രോഫി മത്സരം നടന്നിരുന്നു. വിക്ടര്‍ മഞ്ഞിലയായിരുന്നു അന്ന് ഗോള്‍ കീപ്പര്‍. അന്ന് മുതല്‍ ഫുട്‌ബോള്‍ കളി കാണാന്‍ തുടങ്ങിയതാണ് എന്ന് യൂസഫലി പറഞ്ഞു. കച്ചവടത്തിന്റെ കളിക്കാരന്‍ ആണെങ്കിലും ഫുട്ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് വിജയിച്ചാല്‍ ടീമിന് പ്രത്യേക സമ്മാനം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'ലോകകപ്പ് അടക്കമുള്ള വേദിയില്‍ മലയാളികളുടെ ലോകകപ്പ് ആവേശം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കുട്ടികള്‍ മൊബൈലില്‍ നിന്ന് മാറി കൂടുതലായി കളിക്കളങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' യൂസഫലി പറഞ്ഞു. ജോണ്‍ ഗ്രിഗറിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. 54 വര്‍ഷം നീണ്ട തന്റെ ഫുട്ബാള്‍ ജീവിതത്തില്‍ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്ന് ജോണ്‍ ഗ്രിഗറി പറഞ്ഞു.
സമ്മര്‍ദ്ദം ഉണ്ടെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം എഫ് ലിയുടെ ലോഞ്ചിംഗിന് സാക്ഷിയാവാന്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജില്ലയുടെ കാല്‍പന്ത് സ്‌നേഹം വിളിച്ചോതുന്നതായിരുന്നു ചടങ്ങ്. 24 അംഗ ടീമാണ് മലപ്പുറം എഫ്‌സിക്കുള്ളത്. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം.
സെപ്തംബര്‍ ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചിയാണ് മലപ്പുറം എഫ്‌സിയുടെ എതിരാൡള്‍. ആദ്യ മത്സരത്തില്‍ തന്നെ ജയിച്ച് തുടങ്ങനാണ് ടീം ലക്ഷ്യമിടുന്നത്. മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക, സന്തോഷ് ട്രോഫി താരങ്ങളായ ഫസലു റഹ്‌മാന്‍, വി മിഥുന്‍, റിസ്വാന്‍ അലി എന്നിവരാണ് ടീമിന്റെ കരുത്ത്.
യുക്രെയ്ന്‍ സ്‌ട്രൈക്കര്‍ പെഡ്രോ മാന്‍സി, സ്‌പെയിന്‍ താരങ്ങളായ ഐറ്റോര്‍ അല്‍ദാലുര്‍, ജോസെബ ബെയ്റ്റിയ, റൂബന്‍ ഗാര്‍സസ്, ബ്രസീലിയന്‍ വിങ്ങര്‍ സെര്‍ജിയോ ബാര്‍ബോസ എന്നിവരാണ് ടീമിലെ വിദേശതാരങ്ങള്‍. പരിശീലകനായ ജോണ്‍ ഗ്രിഗറി ഇംഗ്ലണ്ടിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ ആണ്. സഹപരിശീലകരായി ക്ലയോഫസ് അലക്സും ഡ്രാഗോസ് ഫിര്‍തുലെസയും ഉണ്ട്.












Click it and Unblock the Notifications