പകുതി പേരും മുംബൈ, ഗുജറാത്ത് ടീമില്‍ നിന്ന്..; ലോകകപ്പിലെ ഐപിഎല്‍ പ്രാതിനിധ്യം ഇങ്ങനെ
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ഏറെ നാളായി ടീമില്‍ ഇല്ലാതിരുന്ന കെ എല്‍ രാഹുല്‍ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, ആര്‍ അശ്വിന്‍, ചാഹല്‍ എന്നിവരെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്.
അതിനിടെ ലോകകപ്പിനുള്ള ടീമില്‍ ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിലെ താരങ്ങളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ്് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സൂര്യകുമാര്‍ യാദവ് ഇടം കണ്ടെത്തിയപ്പോള്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. കെ എല്‍ രാഹുല്‍ മികച്ച ഓപ്ഷനായി തങ്ങള്‍ കരുതുന്നു എന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ഈ ലോകകപ്പിനുള്ള ഏറ്റവും മികച്ച ബാലന്‍സ്ഡ് സ്‌ക്വാഡ് ആണ് തങ്ങള്‍ തിരഞ്ഞെടുത്തത് എന്നും അജിത് അഗാര്‍ക്കര്‍ അവകാശപ്പെട്ടു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അടക്കം മുംബൈ ഇന്ത്യന്‍സിന്റെ നാല് താരങ്ങളാണ് പതിനഞ്ചംഗ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്നത്. രോഹിതിനെ കൂടാതെ ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൂന്ന് താരങ്ങളും ലോകകപ്പ് ടീമില്‍ ഇടം നേടി. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരാണ് അവര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നിരുമാണ് ടീമിലെത്തിയത്. ഡല്‍ഹി കാപ്പിറ്റല്‍സിന്റെ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് കെ എല്‍ രാഹുലിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് രവീന്ദ്ര ജഡേജയ്ക്കും മാത്രമെ ടീമിലിടം കിട്ടിയുള്ളൂ.
അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളില്‍ നിന്നും ആരും ഇടം നേടിയിട്ടില്ല. 2011 ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യ 12 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു ലോകകപ്പ് വിജയമാണ് ഉറ്റുനോക്കുന്നത്. അന്നത്തെ ടീമില്‍ കളിച്ച വിരാട് കോഹ്ലി മാത്രമാണ് ഈ ലോകകപ്പിലും കളിക്കുന്നത്.












Click it and Unblock the Notifications