ആരാധകരെ ശാന്തരാകണം, രോഹിത് മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും; സാധ്യതകള്‍ ഇങ്ങനെ
മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനെ മാറ്റിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം ടീം കോച്ച് മാര്‍ക്ക് ബൗച്ചറുടെ ചില പരാമര്‍ശങ്ങളും, അതിന് രോഹിത്തിന്റെ ഭാര്യ റിതിക നല്‍കിയ മറുപടിയുമെല്ലാം പ്രശ്‌നങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. ഹര്‍ദിക്കുമായി യോജിച്ച് പോകാന്‍ രോഹിത്തിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഹിറ്റ്മാന്‍ വൈകാതെ തന്നെ മുംബൈ ടീം വിടുമെന്നാണ് സൂചന. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പായിരിക്കും ഈ മാറ്റമെന്നും സൂചനയുണ്ട്. ഒരു ജൂനിയര്‍ താരത്തോട് ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതും രോഹിത്തിനെ ചൊടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ പോലും രോഹിത്ത് തയ്യാറായിട്ടില്ല.

മൂന്ന് കാര്യങ്ങളാണ് രോഹിത്ത് മുംബൈ ടീം മാനേജ്‌മെന്റുമായി തെറ്റിപ്പിരിയാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ആദ്യത്തേത് ഹര്‍ദിക്കുമായി രോഹിത്തിന് അത്ര നല്ല അടുപ്പമല്ല ഉള്ളത്. നേരത്തെ ഹര്‍ദിക്ക് വിട്ടുപോയപ്പോള്‍ ടീമിനെ സജ്ജമാക്കിയത് രോഹിത്താണ്. മുംബൈയുടെ ലൈനപ്പില്‍ ഹര്‍ദിക്ക് വേണമെന്നില്ലായിരുന്നു. എന്നിട്ടും മുംബൈ താരത്തെ കൊണ്ടുവന്ന്, ക്യാപ്റ്റന്‍സിയും നല്‍കിയത് രോഹിത്തിനെ ടീം മാനേജ്‌മെന്റുമായി അകലാന്‍ കാരണമായിരിക്കുകയാണ്.
രണ്ടാമത്തെ കാര്യം ഒട്ടും ബഹുമാനം നല്‍കാത്ത ബൗച്ചറുടെ പരാമര്‍ശങ്ങളാണ്. രോഹിത്തിന്റെ മോശം ഫോമിനെ കുറിച്ച് അടക്കം ബൗച്ചര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രശ്‌നങ്ങളെ വഷളാക്കുകയായിരുന്നു. മൂന്നാമത്തെ കാര്യം ഹര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതാണ്.
രോഹിത് ശര്‍മയ്ക്ക് മുന്നില്‍ ടീം മാറാനുള്ള ഓപ്ഷന്‍ ഇപ്പോഴുണ്ട്. ട്രേഡ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് രോഹിത്തിന് മാറാം. പല ടീമുകളും രോഹിത്തിനെ സ്വന്തമാക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നുണ്ട്. ഐപിഎല്ലിന്റെ ട്രേഡിംഗ് വിന്‍ഡോ താരലേലത്തിന് മുമ്പാണ് വീണ്ടും ആരംഭിച്ചത്.
ഐപിഎല്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് വരെ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസരം ടീമുകള്‍ക്കുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പോലുള്ള ടീമുകള്‍ രോഹിത്തിനെ വാങ്ങാന്‍ താല്‍പര്യപ്പെടുമെന്ന് ഉറപ്പാണ്. കൃത്യമായി ഒരു ക്യാപ്റ്റനില്ലാതെ ഇരിക്കുന്ന ടീമുകളാണ് ഇവര്‍.
ഐപിഎല്‍ മാര്‍ച്ച് അവസാന വാരം മാത്രമായിരിക്കും ആരംഭിക്കും. ഫെബ്രുവരി അവസാന വാരം വരെ ടീമുകള്‍ക്ക് കളിക്കാരെ ട്രേഡ് ചെയ്ത് വാങ്ങാനാവും. രോഹിത്തിനെ വാങ്ങുക ഏതൊരു ടീമിനും എളുപ്പമായിരിക്കില്ല. ഇതിനായി മറ്റ് താരങ്ങളെ ടീമുകള്‍ കൈമാറേണ്ടി വരും. ഇതേ മൂല്യമുള്ള കളിക്കാരെ തന്നെ അതിനായി കണ്ടെത്തേണ്ടി വരും.
അതുകൊണ്ട് ഏത് ടീമിനും ശരിക്കുമൊന്ന് ചിന്തിക്കേണ്ടി വരും. 2013ലാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി രോഹിത് ഏറ്റെടുക്കുന്നത്. അഞ്ച് കിരീടങ്ങളാണ് മുംബൈക്കായി രോഹിത് നേടികൊടുത്തത്. എംഎസ് ധോണിക്കൊപ്പം ഐപിഎല്ലിലെ ഏറ്റവും വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് രോഹിത് ശര്‍മ.












Click it and Unblock the Notifications