ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം രോഹിതിന്റെ ആ തന്ത്രം; പുകഴ്ത്തി മുൻ ഓസീസ് താരം
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾ വിൻഡീസിൽ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടിലും ജയിച്ച് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് അവർ ഉള്ളത്. ഇപ്പോഴിതാ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് നായകൻ രോഹിത് ശർമ്മയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസീസ് നായകൻ ആരോൺ ഫിഞ്ച്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും ഇന്ത്യ ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. വലിയ ഇന്നിംഗ്‌സുകൾ പിറക്കുന്നില്ലെങ്കിലും ഇന്ത്യൻ ബാറ്റിങ് നിര മികച്ച സ്കോറിലേക്ക് ടീമിനെ എത്തിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഇത് ചൂണ്ടിക്കാട്ടിയാണ് രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് രീതിയിൽ വരുത്തിയ മാറ്റത്തെ ഫിഞ്ച് വാനോളം പുകഴ്ത്തിയത്.

ടി20 ക്രിക്കറ്റിൽ അർധസെഞ്ചുറികളും സെഞ്ചുറികളും സ്‌കോർ ചെയ്യുന്നത് നിർണായകമല്ലെന്ന് പറഞ്ഞ ഫിഞ്ച് എതിർ ടീമിലെ ബൗളർമാരുടെ മേൽ സമ്മർദ്ദം സൃഷ്‌ടിക്കുക എന്നതാണ് പ്രധാനമെന്നും പറയുകയുണ്ടായി. അതിൽ ഇന്ത്യൻ ടീം നന്നായി വിജയിച്ചുവെന്ന് പറഞ്ഞുകൊണ്ട് രോഹിത് ശർമ്മയെ കുറിച്ച് ഫിഞ്ച് മനസ് തുറന്നത്.
'സെഞ്ച്വറിയോ, ഫിഫ്‌റ്റിയോ കുറിക്കുക എന്നതല്ല മറിച്ച് മത്സരത്തിൽ ഒരു മേൽക്കൈ നേടുക എന്നത് മാത്രമാണ് പ്രധാനമെന്ന് രോഹിത് പറഞ്ഞത് എനിക്ക് ഇഷ്‌ടപ്പെട്ടു. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ബംഗ്ലാദേശിനെ പിന്നിലാക്കുക എന്നതായിരുന്നു ഇന്ത്യയുടെ നയം.' ആരോൺ ഫിഞ്ച് സ്‌റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവേ ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാണ് രോഹിതിനെ താൻ ഇഷ്ട്ടപ്പെടുന്നതെന്നും ഫിഞ്ച് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിനെതിരെ അൻപത് റൺസിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഹർദിക് പാണ്ഡ്യയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ 196 റൺസ് എന്ന മികച്ച സ്‌കോർ ആയിരുന്നു നേടിയത്. ഹാർദിക്കിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും ഋഷഭ് പന്തും ശിവം ദുബെയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. നായകൻ രോഹിത് ശർമ്മയും മികച്ച തുടക്കം നൽകുകയുണ്ടായി.
ഹർദിക് 50 റൺസ് നേടിയപ്പോൾ കോഹ്ലി 37 റൺസും, ഋഷഭ് പന്ത് 36, ശിവം ദുബെ 34, രോഹിത് ശർമ്മ 23 എന്നിങ്ങനെയാണ് നേടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് പക്ഷേ ഇന്ത്യൻ ബൗളർമാർ കാര്യമായ ഒരു അവസരവും നൽകിയില്ല. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും അർഷദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.
ഇതോടെ സൂപ്പർ എട്ടിൽ ഗ്രൂപ്പ് എയിലെ രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യ നാല് പോയിന്റുമായി ഒന്നാമതാണ്. രണ്ട് പോയിന്റ് വീതം നേടിയ ഓസീസും അഫ്‌ഗാനിസ്ഥാനും തൊട്ട് പിന്നിലുണ്ട്. ഇന്ത്യക്ക് ഇനി ഓസ്‌ട്രേലിയയെയാണ് അവസാന മത്സരത്തിൽ നേരിടാനുള്ളത്. നാളെയാണ് മത്സരം നടക്കുക. നാളെ തോറ്റാൽ ഓസീസിന്റെ കാര്യം പരുങ്ങലിലാവും.












Click it and Unblock the Notifications