'നിന്റെയൊക്കെ അമ്മമാരെ രക്ഷിച്ചവരാണ് അവർ'; മുൻ പാക് താരത്തിന് ഹർഭജന്റെ വായടപ്പിക്കുന്ന മറുപടി
ന്യൂഡൽഹി: യുഎസിലും വെസ്‌റ്റ് ഇൻഡീസിലുമായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് പുരോഗമിക്കുന്നത്. ഇതിനിടയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം കഴിഞ്ഞ ദിവസം നടന്നത് എന്നാൽ കുറഞ്ഞ സ്‌കോർ ത്രില്ലറിൽ ഇന്ത്യ ആറ് റൺസിന് പാകിസ്ഥാനെ തകർത്തിരുന്നു.
ഈ മത്സരത്തിനിടെ ഇന്ത്യൻ ബൗളർ അർഷദീപ് സിംഗിനെതിരെ മുൻ പാക് താരം കമ്രാൻ അക്‌മൽ നടത്തിയ വംശീയ അധിക്ഷേപം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 'എന്തും സംഭവിക്കാം. ഇതിനകം 12 മണി ആയി. അർധരാത്രി 12 മണിക്ക് ഒരു സിഖുകാരനും ഓവർ നൽകരുത്' എന്നായിരുന്നു അക്‌മലിന്റെ പരാമർശം.

എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എആർവൈ ചാനലിൽ ഇന്ത്യ-പാക് മത്സരം നടക്കുന്നതിനിടെയാണ് അക്‌മൽ ഈ പരാമർശം നടത്തിയത്. അവസാന ഓവർ പന്തെറിയാനെത്തിയത് അർഷദീപ് സിംഗ് ആയിരുന്നു. 18 ഓവർ പ്രതിരോധിച്ച താരം ഒടുവിൽ ഇന്ത്യക്ക് ആറ് റൺസ് വിജയം ഉറപ്പാക്കിയിരുന്നു.
ഇതിനിടയിലായിരുന്നു അക്‌മലിന്റെ വിവാദ പ്രസ്‌താവന വന്നത്. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്ത് വന്നത്. മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിംഗ് കടുത്ത ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്.
'ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങൾ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികൾ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അന്നും സമയം 12 മണി ആയിരുന്നു. ശരിക്കും ലജ്ജിക്കുന്നു...കുറച്ചെങ്കിലും നന്ദി കാണിക്കൂ' എന്നായിരുന്നു ഹർഭജന്റെ മറുപടി. എക്‌സ് പോസ്‌റ്റിലൂടെയായിരുന്നു ഹർഭജൻ പ്രതികരിച്ചത്.
അതേസമയം, ന്യൂയോർക്കിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് പ്രതീക്ഷിച്ച സ്‌കോർ പടുത്തുയർത്താൻ കഴിഞ്ഞിരുന്നില്ല. ഋഷഭ് പന്തിനെ മാത്രമേ കുറച്ചെങ്കിലും നന്നായി ബാറ്റ് വീശാൻ കഴിഞ്ഞുള്ളൂ. ഒടുവിൽ ചെറിയ സ്കോറിന് പുറത്തായെങ്കിലും ബൗളിങിൽ കരുത്ത് കാട്ടിയായിരുന്നു ഇന്ത്യയുടെ വിജയം.
19 ഓവറില്‍ 119 റണ്‍സ് എന്ന മോശം സ്കോറിനാണ് ഇന്ത്യ പുറത്തായത്. നായകൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി വരെ മത്സരത്തിൽ നിറമങ്ങിയെങ്കിലും ഋഷഭ് പന്താണ് ടീമിനെ ,മുന്നോട്ട് നയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാക്കിസ്ഥാൻ തുടക്കത്തിൽ നല്ല രീതിയിൽ ബാറ്റ് വീശിയെങ്കിലും പിന്നീട് ആ മൊമന്റം നിലനിർത്താൻ കഴിയാതെ വരികയായിരുന്നു, ഒടുവിൽ ലക്ഷ്യത്തിന് ആറ് റൺസ് അകലെ പച്ചപപ്പട വീഴുകയായിരുന്നു.












Click it and Unblock the Notifications