ഇനിയും മാറ്റിനിര്‍ത്താനാകില്ല... സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍, കേരളത്തിന് അഭിമാനനിമിഷം
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിയൊരുക്കിയത്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു.
രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ശക്തമായ മത്സരമാണ് ഉണ്ടായിരുന്നത്. റിഷഭ് പന്ത് നേരത്തെ തന്നെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ്മ എന്നിവരാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്നതിനൊപ്പം ടീമിന്റെ കുതിപ്പിലും സഞ്ജു നിര്‍ണായക സ്വാധീനമാകുന്നത് സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനായില്ല.

രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് മുഹമ്മദ് സിറാജ് എന്നിവരാണ് 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റിസര്‍വ് ബെഞ്ചില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും ഉണ്ട്.
9 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് സാംസണ്‍. 77 ശരാശരിയില്‍ 161 സ്ട്രൈക്ക് റേറ്റിലാണ് സാംസണ്‍ ബാറ്റ് ചെയ്യുന്നത്. 2022 ലെ ടി 20 ലോകകപ്പിലും 2023 ലെ ഏകദിന ലോകകപ്പിലും സഞ്ജു സാംസണെ അവഗണിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ അമൂല്യമായ സമ്പത്താണെന്നും ഭാവിയില്‍ അവസരം ലഭിക്കുമെന്നും രോഹിത് ശര്‍മ ഉറപ്പ് നല്‍കിയിരുന്നു. ടി 20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സഞ്ജു സാംസണിന് അമേരിക്കയിലും നിരവധി ആരാധകരുണ്ട്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് മികച്ച ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിക്കും എന്നുറപ്പാണ്.












Click it and Unblock the Notifications