പാകിസ്താനെ തോല്‍പ്പിച്ചത് ദക്ഷിണാഫ്രിക്കയല്ല, അമ്പയറുടെ ആ തീരുമാനം, വന്‍ വിവാദം
ന്യൂഡല്‍ഹി: ലോകകപ്പിലെ ഏറ്റവും ആവേശകരമായ ത്രില്ലര്‍ പോരാട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-പാകിസ്താന്‍ മത്സരം. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പാകിസ്താന്‍ ജയിക്കേണ്ടിയിരുന്ന കളി ആയിരുന്നോ ഇത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അങ്ങനെയാണ് മനസ്സിലാവുന്നത്. അമ്പയറുടെ നിര്‍ണായകമായ തീരുമാനമാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തില്‍ വിജയിപ്പിച്ചത്.
വെറും ഒരു വിക്കറ്റ് മാത്രമായിരുന്നു ആ സമയം ദക്ഷിണാഫ്രിക്കയുടെ കൈവശമുണ്ടായിരുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് പാകിസ്താനെതിരെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ വിജയം നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ് അമ്പയറുടെ തീരുമാനങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 9 റണ്‍സ് ഉണ്ടായിരുന്നപ്പോഴാണ് അമ്പയറുടെ വന്‍ അബദ്ധം സംഭവിച്ചത്. ആ വിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ പാകിസ്താന്‍ മത്സരം വിജയിക്കുമായിരുന്നു.

തബ്‌റിസ് ഷംസി ബാറ്റ് ചെയ്യുമ്പോള്‍ ലെഗ്‌സൈഡിലേക്ക് അതിവേഗത്തില്‍ ഹാരിസ് റൈഫ് പന്തെറിഞ്ഞിരുന്നു. ഇത് ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു ഷംസിയുടെ ശ്രമം. എന്നാല്‍ കീപ്പറുടെ കൈയ്യില്‍ പന്തെത്തി. റൗഫ് ക്യാച്ചാണെന്ന് അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഇത് വൈഡ് വിളിക്കുകയായിരുന്നു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നുവെന്നാണ് കാണിക്കുന്നത്. ഇത് മത്സരത്തില്‍ വളരെ നിര്‍ണായകമായി മാറുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും വലിയൊരു തെറ്റ് അമ്പയറില്‍ നിന്നുണ്ടായി.
ഇതേ ഓവറില്‍ തന്നെ ഷംസിക്കെതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീലും അമ്പയര്‍ തള്ളി. എന്നാല്‍ പാകിസ്താന്‍ ഇതില്‍ റിവ്യു ചെയ്തു. എന്നാല്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ തീരുമാനം ശരിവെക്കുകയായിരുന്നു. ലെഗ് സ്റ്റമ്പില്‍ ചെറുതായി ഒന്ന് തട്ടുന്നുണ്ടെന്ന് ട്രാക്കറില്‍ കാണിക്കുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതേ രീതിയില്‍ ഒരു ഔട്ട് നേരത്തെ അമ്പയര്‍ നല്‍കിയിരുന്നു.
ഒരേ തരത്തിലുള്ള അപ്പീലില്‍ രണ്ട് വ്യത്യസ്ത തരത്തിലുള്ള തീരുമാനമാണ് വിവാദത്തിലായ മറ്റൊരു കാര്യം. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗും, ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തുമെല്ലാം ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. പാകിസ്താന് മത്സരം നഷ്ടപ്പെടുത്തിയത് മോശം അമ്പയറിംഗാണെന്ന് ഹര്ഭജന്‍ കുറ്റപ്പെടുത്തി.
മോശം അമ്പയറിംഗും, മോശം നിയമങ്ങളും പാകിസ്താനില്‍ നിന്ന് മത്സരം തട്ടിയെടുത്തു. ഐസിസി നിയമങ്ങള്‍ മാറ്റണം. പന്ത് സ്റ്റമ്പിന് തട്ടിയാല്‍ ഔട്ടാണ്. അത് അമ്പയര്‍ ഔട്ട് നല്‍കിയാലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. സാങ്കേതിക വിദ്യ പിന്നെന്തിനാണ് ഉപയോഗിക്കുന്നതെന്നും ഹര്‍ഭജന്‍ ചോദിച്ചു.
അതേസമയം അമ്പയേഴ്‌സ് കോളില്‍ ഹര്‍ഭജന്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഈ നിയമം കൊണ്ട് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. വാന്‍ഡര്‍ ഡസ്സന്റേത് ഔട്ടായിരുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. വളരെ ചെറുതായി മാത്രം സ്റ്റമ്പില്‍ തട്ടി പുറത്തേക്ക് പോകുന്ന പന്തിലാണ് എല്‍ബിഡബ്ല്യു നല്‍കി വാന്‍ഡര്‍ ഡസ്സനെ അമ്പയര്‍ പുറത്താക്കിയത്.












Click it and Unblock the Notifications