ഗോള്‍ഡന്‍ ബോളില്‍ രോഹിത്തിന്റെ ഷോ, കിവീസ് താരത്തെ പിന്നിലാക്കി ഒന്നാമന്‍, കോലിയുടെ സ്ഥാനം ഇങ്ങനെ
പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തോടെ സകല പട്ടികയിലും ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. നാല് വര്‍ഷം മുമ്പ് നടന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ താരമാണ് രോഹിത് ശര്‍മ. ആറ് സെഞ്ച്വറികളാണ് രോഹിത് ടൂര്‍ണമെന്റില്‍ കുറിച്ചത്.
ഇത്തവണയും രോഹിത്തിന്റെ പ്രകടനം അതിഗംഭീരമായി തുടരുകയാണ്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രോഹിത് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും നന്നായി സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും, അര്‍ധ സെഞ്ച്വറിയും ഇതിനോടകം രോഹിത് അടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ 48 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഇതോടെയാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം നാല് മത്സരങ്ങളില്‍ നിന്ന് 265 റണ്‍സാണ് രോഹിത്തിനുള്ളത്. ന്യൂസിലന്‍ഡ് താരം ഡെവണ്‍ കോണ്‍വേയെ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തള്ളിയിട്ടത്. രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി നാല് മത്സരങ്ങളില്‍ നിന്ന് 66.25 ആണ്. രണ്ടാം സ്ഥാനത്ത് മറ്റാരുമല്ല, റണ്‍ മെഷീന്‍ വിരാട് കോലിയാണ്.
ബംഗ്ലാദേശിനെതിരായ സെഞ്ച്വറി താരത്തിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുകയാണ്. 259 റണ്‍സാണ് നാല് മത്സരങ്ങളില്‍ നിന്നായി കോലിക്കുള്ളത്. ശരാശരി 129.50 ആണ്. ടൂര്‍ണമെന്റ് ഏറ്റവും ഉയര്‍ന്ന ശരാശരിയായി ഇതിനെ പറയാം. അതേസമയം ഒരു സെഞ്ച്വറിയും, അര്‍ധ സെഞ്ച്വറിയും ഇതുവരെ കോലിയില്‍ നിന്ന് പിറന്നിട്ടുണ്ട്.മൂന്നാം സ്ഥാനത്തുള്ള കോണ്‍വേയ്ക്ക് 249 റണ്‍സാണ് ഉള്ളത്. അവസാന രണ്ട് മത്സരങ്ങളില്‍ താരത്തിന് വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്താന് സാധിച്ചിരുന്നില്ല. അതാണ് പിന്നിലേക്ക് പോയത്.
മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലും വലിയ മത്സരമാണ് നടക്കുന്നത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ നാലാമുള്ളത്. 248 റണ്‍സ് താരത്തിനുണ്ട്. ഒരു റണ്‍സിന്റെ മാത്രം വ്യത്യാസമാണ് കോണ്‍വേയുമായി റിസ്വാനുള്ളത്. അടുത്ത മത്സരത്തോടെ റിസ്വാന്‍ മൂന്നാം സ്ഥാനത്തെത്താന്‍ സാധ്യത വളരെ കൂടുതലാണ്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. 229 റണ്‍സാണ് ഡികോക്ക് ഇതുവരെ അടിച്ചെടുത്തത്.
അതേസമയം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ന്യൂസിലന്‍ഡ് തന്നെയാണ് മുന്നില്‍. നാല് മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് വിക്കറ്റുമായി മിച്ചല്‍ സാന്റ്‌നറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീം ബുംറ രണ്ടാം സ്ഥാനത്തുണ്ട്. ബുംറയ്ക്ക് പത്ത് വിക്കറ്റുകളാണ് ഇതുവരെ നേടാനായത്. എല്ലാ മത്സരങ്ങളിലും മികവുറ്റ പ്രകടനം നടത്തുന്നതും, മികച്ച ഇക്കോണമിയും ബുംറയ്ക്ക് ശരിക്കും ഗുണം ചെയ്തിട്ടുണ്ട്.
ന്യൂസിലന്‍ഡ്-ഇന്ത്യന്‍ ബൗളര്‍മാരാണ് പട്ടികയില്‍ മുന്നിലുള്ളത്. മാറ്റ് ഹെന്റി ഒന്‍പത് വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. രവീന്ദ്ര ജഡേജ ഏഴ് വിക്കറ്റുമായി നാലാം സ്ഥാനത്താണ്. കഗിസോ റബാദ, ഹസന്‍ അലി, ബാസ് ഡി ലീഡ്, ദില്‍ഷന്‍ മധുശങ്ക എന്നിവര്‍ക്കും ഏഴ് വിക്കറ്റുണ്ട്. ആദ്യ പത്തില്‍ കുല്‍ദീപ് യാദവും ഇന്ത്യന്‍ നിരയില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്. ആറ് വിക്കറ്റുകള്‍ ഇതുവരെ താരം നേടിയിട്ടുണ്ട്.












Click it and Unblock the Notifications