ഇന്ത്യ വരുന്നത് പ്രശ്‌നമല്ല, അവരുടെ ദൗര്‍ബല്യങ്ങള്‍ ഓസീസ് കണ്ടതാണ്, മുന്നറിയിപ്പുമായി ഓസീസ് താരം
ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ തേരോട്ടമാണ് കണ്ടത്. പത്ത് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കലാശപ്പോരിന് എത്തുന്നത്. ഇന്ത്യയെ നേരിടുന്നതില്‍ സമ്മര്‍ദമില്ലെന്ന് പറയുകയാണ് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്.
എന്നാല്‍ ഇന്ത്യന്‍ ടീം യാതൊരു ദൗര്‍ബല്യങ്ങളും ഇല്ലാത്ത ടീമാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ചെറിയ ചില വിള്ളലുകള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ലീഗ് ഘട്ടത്തില്‍ ചെന്നൈയിലെ മത്സരത്തില്‍ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞതാണെന്നും ഹേസല്‍വുഡ് വ്യക്തമാക്കി. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. മത്സരത്തില്‍ 49.3 ഓവറില്‍ 199 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായിരുന്നു. സ്പിന്നര്‍മാരാണ് അന്ന് ഓസ്‌ട്രേലിയയെ തകര്‍ത്തത്.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ മൂന്ന് താരങ്ങള്‍ തുടരെ പൂജ്യത്തിന് പുറത്തായത് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരായിരുന്നു അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയതും ഹാസല്‍വുഡയായിരുന്നു. പിന്നീട് വിരാട് കോലിയുടെ ക്യാച്ച് കൈവിട്ടത് ഓസീസിന് തിരിച്ചടിയാവുകയായിരുന്നു. കോലിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഇന്ത്യക്കെതിരെ ചെന്നൈയില്‍ കാണിച്ച അതേ പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഹേസല്‍വുഡ് പറഞ്ഞു.ചെന്നൈയില്‍ ഞങ്ങള്‍ എങ്ങനെ കളിച്ചോ അതേ രീതിയില്‍ തന്നെയുള്ള പെര്‍ഫോമന്‍സാണ് അഹമ്മദാബാദിലും കാഴ്ച്ചവെക്കാന്‍ ആഗ്രഹിക്കുന്നത്. അതേ ബൗളിംഗ് പ്രകടനം തന്നെ ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹേസല്‍വുഡ് പറയുന്നു. നേരത്തെ ഇന്ത്യക്കെതിരായ പരമ്പരയില്‍ ഒരു മത്സരം ഞങ്ങള്‍ വിജയിച്ചതാണ്.
പക്ഷേ ഒരുപാട് തവണ ഇന്ത്യയുമായി ഞങ്ങള്‍ കളിച്ചതാണ്. ഇന്ത്യ എങ്ങനെയാണെന്ന് പൂര്‍ണമായും ഞങ്ങള്‍ക്കറിയാം. അവര്‍ക്ക് ഞങ്ങളെയും അറിയാം. ഇന്ത്യ വളരെ ക്വാളിറ്റിയുള്ള ടീമാണ്. ടൂര്‍ണമെന്റില്‍ അവര്‍ക്ക് എതിരാളികള്‍ ഉണ്ടായിട്ടില്ല. എല്ലാ മത്സരത്തിലും വിജയിച്ച് അവര്‍ മുന്നേറുകയാണെന്നും ഹേസല്‍വുഡ് വ്യക്തമാക്കി.ഫൈനലില്‍ അവരുമായുള്ള മത്സരത്തിന് കാത്തിരിക്കുകയാണ്.
ചെന്നൈയില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ ടീമിലെ ചില ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അവര്‍ക്ക് ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. അതും ചെറിയ ടാര്‍ഗറ്റ് പിന്തുടരുമ്പോഴായിരുന്ു പ്രശ്‌നങ്ങള്‍. നേരത്തെ തന്നെ അത്രയും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണെന്നും ഹേസല്‍വുഡ് പറഞ്ഞു. നേരത്തെ ഇന്ത്യ സമ്മര്‍ദത്തിലക്ക് വീണപ്പോള്‍ കോലിയും രാഹുലും ചേര്‍ന്ന് 164 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. 2011ല്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നോക്കൗട്ടില്‍ വിജയിച്ചത്. 2015ല്‍ സെമി ഫൈനലില്‍ ഇന്ത്യ ഓസീസിനോട് തോറ്റിരുന്നു.












Click it and Unblock the Notifications