രക്ഷിക്കാന്‍ ആരുമില്ലാതെ ഒരു കൂട്ടം മുസ്ലീം ന്യൂനപക്ഷങ്ങള്‍; അഫ്ഗാനില്‍ താലിബാനെ മാത്രമല്ല, ചൈനയേയും ഭയം
കാബൂള്‍: സിറിയയിലും ഇറാഖിലും ഐസിസ് അധികാരം പിടിച്ചെടുത്തപ്പോള്‍ അതിന്റെ ക്രൂരത ഏറ്റവും അധികം അനുഭവിച്ചത് യസീദികള്‍ ആയിരുന്നു. ഐസിസ് ഭീകരര്‍ യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും പുരുഷന്‍മാരെ കഴുത്തറുത്ത് കൊല്ലുകയും ചെയ്തിരുന്നു. മനുഷ്യമനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്നതായിരുന്നു അന്ന് അവിടങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ വലിയ ഭയത്തില്‍ കഴിയുകയാണ് മറ്റൊരു ന്യൂനപക്ഷവിഭാഗം. ചൈനയില്‍ കൊടി പീഡനങ്ങള്‍ അനുഭവിച്ചുവരുന്ന ഉയ്ഗുര്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. ചൈനയില്‍ നിന്ന് പതിറ്റാണ്ടുകള്‍ മുമ്പ് അഫ്ഗാനിലേക്ക് അഭയാര്‍ത്ഥികളായി എത്തിയവര്‍. അവര്‍ക്കിപ്പോള്‍ താലിബാനെ മാത്രം ഭയന്നാല്‍ പോര, അതിലും വലിയ ഭയത്തിന്റെ സാധ്യതകളാണ് അവര്‍ക്ക് മുന്നിലുള്ളത്.

അഫ്ഗാനിസ്ഥാനിലുള്ള മതന്യൂനപക്ഷങ്ങള്‍ എല്ലാം രാജ്യം വിടാനുള്ള ശ്രമത്തിലാണ്. താലിബാന്‍ ഭരണത്തില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ അവിടെ നിന്ന് സുരക്ഷിതരായി രക്ഷിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്. താലിബാന്‍ നിര്‍ണയിക്കുന്ന ഇസ്ലാമിക നിയമങ്ങളില്‍ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളുടെ വിധി എന്തായിരിക്കും എന്നത് പ്രവചനാതീതമാണ്.

ഈ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആരാലും സംരക്ഷിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു വിഭാഗമുണ്ട്. ഉയ്ഗുര്‍ അഭയാര്‍ത്ഥികളാണ് അവര്‍. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനില്‍ ജീവിക്കുന്നവര്‍. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങളെ രക്ഷിക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. അതുപോലെ കസാഖ്, കിര്‍ഗിസ് ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ അതത് രാഷ്ട്രങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉയ്ഗുര്‍ അഭയാര്‍ത്ഥികളെ സഹായിക്കേണ്ടത് ചൈനയാണ്. പക്ഷേ, ചൈന അവരുടെ ശത്രുക്കളായിട്ടാണ് ഉയ്ഗുര്‍ വിഭാഗത്തെ സ്വന്തം രാജ്യത്ത് പോലും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

താലിബാന്‍ ഭരണത്തില്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക അഫ്ഗാനിലെ ഉയ്ഗുറുകള്‍ക്കുണ്ട്. എന്നാല്‍ അവര്‍ അതിലേറെ ഭയക്കുന്നത് ചൈനയുടെ വരവിനെ ആണ്. അമേരിക്ക സൃഷ്ടിക്കുന്ന ശൂന്യതയിലേക്ക് ചൈനയുടെ പ്രവേശനം ഉണ്ടാകുമെന്നാണ് പലരും വിലയിരുത്തുന്നത്. അങ്ങനെ വന്നാല്‍ താലിബാന്‍ ഭരണത്തിന്റെ കഷ്ടതകള്‍ക്കും അപ്പുറമായിരിക്കും തങ്ങളുടെ ജീവിതം എന്നാണ് ഉയ്ഗുറുകള്‍ ഭയക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് മിക്ക ഉയ്ഗുര്‍ വംശജരും.

അഫ്ഗാനിസ്ഥാനില്‍ ഏതാണ്ട് രണ്ടായിരത്തോളം ഉയ്ഗുര്‍ വംശജരുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവരുടെ എല്ലാം തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഉയ്ഗുറുകള്‍ എന്നോ ചൈനീസ് അഭയാര്‍ത്ഥികള്‍ എന്നോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. രക്ഷപ്പെടാന്‍ ഒരു വഴി തുറന്നാല്‍ പോലും ഈ തിരിച്ചറിയല്‍ കാര്‍ഡുകളുമായി വിമാനത്താവളത്തിലേക്ക് എത്താന്‍ ആകുമോ എന്ന ആശങ്കയിലാണ് ഇവര്‍ ഇപ്പോഴുള്ളത്. മസര്‍ ഇ ഷെരീഫ് നഗരത്തിലാണ് ഇവരില്‍ വലിയൊരു വിഭാഗവും താമസിക്കുന്നത്. രാജ്യ തലസ്ഥാനമായ കാബൂളിലേക്ക് രണ്ട് ദിവസത്തെ യാത്രയുണ്ട് ഇവിടെ നിന്ന്. അങ്ങനെ യാത്ര ചെയ്യാമെന്ന് കരുതിയാല്‍ തന്നേയും ഈ തിരിച്ചറിയല്‍ കാര്‍ഡുകളുമായി ഇടയിലുള്ള അസംഖ്യം താലിബാന്‍ ചെക്ക് പോയന്റുകള്‍ കടക്കാനാകുമോ എന്നാണ് ഇവര്‍ ഭയക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ആണ് ഇന്ന് ഉയ്ഗുറുകള്‍ ഏറ്റവും അധികം ഉള്ളത്. ഏതാണ്ട് ഒന്നര കോടിയോളം വരും ഇവരുടെ ജനസംഖ്യ എന്നാണ് കണക്കുകള്‍. മുസ്ലീം മതവിശ്വാസികളാണ് ഉയ്ഗുറുകള്‍. ചൈനീസ് സര്‍ക്കാര്‍ ഇവരെ മതന്യൂനപക്ഷമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഷിന്‍ജിയാങില്‍ ഉയ്ഗുറുകളുടെ ജീവിതം ദുരിതമയമാണ്. നിര്‍ബന്ധിത വന്ധ്യംകരണം, നിര്‍ബന്ധിത ജോലി, കൂട്ടത്തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയവയിലൂടെ ചൈനീസ് സര്‍ക്കാര്‍ ഇവരെ അതിക്രൂരമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം, നേരത്തേ ഉയ്ഗുര്‍ വിഭാഗത്തിലെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിച്ചത്. അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട മനുഷ്യരും.

മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ പലയിടങ്ങളില്‍ നിന്നും ഉയ്ഗുര്‍ വംശജരെ ചൈനയിലേക്ക് തിരികെ കൊണ്ടുപോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമാനമായ ഒരു തന്ത്രമാണ് ചൈന അഫ്ഗാനിലും പയറ്റാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍. അങ്ങനെ തിരികെ കൊണ്ടുപോകുന്നവരെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ചൈനയുമായി കൈകോര്‍ത്താല്‍ തങ്ങളുടെ വിധിയും അങ്ങനെ ആയിരിക്കും എന്നാണ് അഫ്ഗാനിലെ അവശേഷിക്കുന്ന ഉയ്ഗുറുകള്‍ ഭയക്കുന്നത്.

ഭരണം നടത്താന്‍ സാമ്പത്തികവും സാങ്കേതികവും ആയ സഹായം താലിബാന് ആവശ്യമാണ്. അത് ചൈനയില്‍ നിന്ന് കിട്ടാനുള്ള സാധ്യതകള്‍ ആണ് അവരും തേടുന്നത്. ചൈനയെ സംബന്ധിച്ച് വലിയ നിക്ഷേപ സാധ്യതകളാണ് അഫ്ഗാനില്‍ തുറന്നുകിട്ടുക. അഫ്ഗാന്‍ കീഴടക്കുന്നതിന് ഒരു മാസം മുമ്പ് താലിബാന്റെ മുതിര്‍ന്ന നേതാക്കളെ ചൈന ടിയാന്‍ജിന്നിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വച്ച് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി ഇവരുമായി കൂടിക്കാഴ്ച നടത്തി. ചൈനയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ ആരേയും അനുവദിക്കില്ല എന്ന ഉറപ്പായിരുന്നു അന്ന് താലിബാന്‍ നല്‍കിയത്. ഇതും ഉയ്ഗുര്‍ അഭയാര്‍ത്ഥികളെ ഏറെ ഭയപ്പെടുത്തുന്നു.

നാല്‍പത് വര്‍ഷമായി അഫ്ഗാനില്‍ കഴിയുന്ന ഒരു ഉയ്ഗുര്‍ അഭയാര്‍ത്ഥിയുടെ പ്രതികരണം ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല്‍പത് വര്‍ഷവും അഫ്ഗാനിസ്ഥാനില്‍ കണ്ടത് യുദ്ധങ്ങള്‍ മാത്രമാണ്. ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് എന്ന നിലയില്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. താലിബാന്റെ കീഴിലുള്ള ജീവിതത്തെ കുറിച്ച് ഭയമുണ്ട്, അത് തങ്ങള്‍ കണ്ടതാണ്. അത് തങ്ങള്‍ക്ക് സങ്കല്‍പിക്കാവുന്നതും ആണ്. എന്നാല്‍ ചൈനയെ ആണ് തങ്ങള്‍ കൂടുതല്‍ ഭയക്കുന്നത്. അവരുടെ ക്രൂരതകള്‍ തങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ആകാത്തതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെകുറിച്ച് ഭയമൊന്നുമില്ല, പക്ഷേ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ വലിയ ഭയം തോന്നുന്നു. പ്രത്യേകിച്ചും പെണ്‍മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍. അവര്‍ നല്ല വിദ്യാഭ്യാസം നേടുമെന്നും ഡോക്ടര്‍മാര്‍ ആകുമെന്നും ഒക്കെ ആയിരുന്നു തന്റെ പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video

മരിച്ചവരെ പോലെയാണ് തങ്ങളിപ്പോള്‍ ജീവിക്കുന്നത് എന്നായിരുന്നു ഒരു ഉയ്ഗുര്‍ സ്ത്രീയുടെ പ്രതികരണം. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ഭയത്തിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് സഹായം വേണം, ദയവായി സഹായിക്കണം എന്ന അഭ്യര്‍ത്ഥനയാണ് അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും വയ്ക്കുന്നത്. അഫ്ഗാനില്‍ പെട്ടുപോയ ഉയ്ഗുറുകളെ രക്ഷിക്കന്‍ ചില സന്നദ്ധ സംഘടനകള്‍ വഴി ഇടപെടലുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിജയമാകുമെന്നതില്‍ സംശയമുണ്ട്.












Click it and Unblock the Notifications