കലാലയങ്ങളില്‍ കെഎസ്‌യുവാണ് ട്രെന്‍ഡിങ്: എസ്എഫ്ഐ കോട്ടകള്‍ പൊളിഞ്ഞ് വീഴുന്നു: അലോഷ്യസ് സേവ്യർ
കേരളത്തിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിച്ച ആദ്യ വിദ്യാർത്ഥി സംഘടനയാണ് കെ എസ് യു. ചരിത്ര പ്രസിദ്ധമായ ഒരണ സമരം അടക്കമുള്ള വിദ്യാർത്ഥി അവകാശ പോരാട്ടങ്ങള്‍ അവർക്ക് കലാലയങ്ങളില്‍ മേധാവിത്വം നേടിക്കൊടുത്തു. എന്നാല്‍ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി എസ് എഫ് ഐയുടെ അപ്രമാദിത്വത്തിന് മുന്നില്‍ കേരളത്തിലെ പല ക്യാമ്പസുകളില്‍ നിന്നും കെ എസ് യു അപ്രത്യക്ഷ്മായി എന്ന് തന്നെ പറയേണ്ടി വരും.
സംസ്ഥാന ഭരണത്തില്‍ അഞ്ച് വർഷത്തെ ഇടവേളകളില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുമ്പോഴും ക്യാമ്പസുകള്‍ വർഷങ്ങളോളം എസ് എഫ് ഐ കുത്തകയാക്കി വെച്ചു. എന്നാല്‍ അത്തരത്തില്‍ എസ് എഫ് ഐ കുത്തകയാക്കി വെച്ച പല കലാലയങ്ങളിലും കാറ്റ് മാറി വീശുന്നുവെന്നാണ് അടുത്തിടെ നടന്ന വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത്. പരിയാരവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമൊക്കെ ഉദാഹരണം.

ക്യാമ്പസുകളില്‍ എസ് എഫ് ഐ എന്തുകൊണ്ട് തിരിച്ചടി നേരിടുന്നു, അഥവാ കെ എസ് യു മുന്നേറ്റത്തിനുള്ള കാരണം എന്താണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തന്നെ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുകയാണ്. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സംഘടനയുടെ നിലപാട് തുറന്ന് പറയുന്നു.
വിദ്യാർത്ഥികള്‍ക്കല്ല, നിലവാരമില്ലാത്തത് സർക്കാറിന്
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർന്നുവെന്ന് പിണറായി വിജയന്‍ സർക്കാറിലെ ഒരു മന്ത്രി തുറന്ന് പറയുകയാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ നിലവാരം എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ വിദ്യാഭ്യാസ വകുപ്പും അതിന് നേതൃത്വം നല്‍കുന്ന സർക്കാരുമാണ്. കുട്ടികളെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചുകൊണ്ട് സർക്കാറിന് ഈ വിഷയത്തില്‍ കൈ കഴുകാന്‍ സാധിക്കില്ല.
സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കൊള്ളരുതായ്മകളും പോരായ്മകളും മറയ്ക്കാന്‍ വിദ്യാർത്ഥികളെ കരുവാക്കുകയാണ്, അഥവാ വിദ്യാർത്ഥികള്‍ നിരവാരമില്ലാത്തവരാണെന്ന് കുറ്റപ്പെടുത്തുകയാണ്. അതിനോട് ഒരു തരത്തിലും വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി യൂണിയന് യോജിക്കാന്‍ സാധിക്കില്ല, അത് അംഗീകരിച്ച് കൊടുക്കുകയുമില്ല. അതോടൊപ്പം തന്നെ ഒരിക്കല്‍ കൂടെ പറയുന്നു, അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ് നിലവാരം എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാർ സർക്കാരാണ്, അല്ലാതെ വിദ്യാർത്ഥികളാണ്.
കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പ്, ഇരയാകുന്ന വിദ്യാർത്ഥികള്‍
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേട് എത്രത്തോളം ആണെന്ന് വ്യക്തമാകാന്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. വിദ്യാഭ്യാസ വകുപ്പിന് വിദ്യാർത്ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. സർക്കാർ ഈ വകുപ്പിന് അത്ര വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് മനസ്സിലായി കഴിഞ്ഞു.
കഴിഞ്ഞ എട്ട് വർഷത്തെ പിണറായി വിജയന്‍ ഭരണത്തിന് കീഴില്‍ ഏറ്റവും അധികം താറുമാറായ വകുപ്പുകളില്‍ ഒന്നാണ് വിദ്യാഭ്യാസ വകുപ്പ്. ഒരു പ്ലസ് വണ്‍ പ്രവേശന വിഷയം മാത്രമല്ല, യൂണിവേഴ്സിറ്റികളില്‍ സ്ഥിരം വൈസ് ചാന്‍സലർമാരില്ല, അറുപതിലേറെ സർക്കാർ കോളേജുകളില്‍ പ്രിന്‍സിപ്പള്‍മാരില്ലെന്ന് തുടങ്ങിയ അനേകം പ്രശ്നങ്ങള്‍ കേരളത്തിലെ വിദ്യാർത്ഥി മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനം-സർക്കാറിന് ഒരു ധാരണയുമില്ല
പ്ലസ് വണ്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ വകുപ്പ് മന്ത്രിക്കും സർക്കാറിനും ഒരു ധാരണയുമില്ല. ആദ്യം പറയുന്നു സീറ്റുകളുടെ കുറവില്ലെന്ന്, പിന്നീട് അത് മാറ്റി പറയുന്നു. ഒന്നുകില്‍ വിദ്യാഭ്യാസ മന്ത്രിക്ക് കണക്ക് അറിയില്ല, അല്ലെങ്കില്‍ കണക്ക് കൊടുക്കുന്ന ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. എന്ത് തന്നെയായാലും സീറ്റുകളുടെ കാര്യത്തില്‍ കുറവുണ്ടെന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. കെ എസ് യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകള്‍ നിരന്തരമായി നടത്തിയ സമരങ്ങളും ഇടപെടലുകളും ശക്തമായപ്പോഴാണ് അതിനെങ്കിലും മന്ത്രി തയ്യാറായത്.
നിലവില്‍ താല്‍ക്കാലികമായ രീതിയില്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം കൊടുത്തുകൊണ്ടുള്ള പരിഹാരവും ദീർഘകാലാടിസ്ഥാനത്തില്‍ സ്ഥിരം പ്രശ്ന പരിഹാരവും എന്ന നിർദേശമാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് മുന്നോട്ട് വെക്കാനുള്ളത്. അതിന് വേണ്ട നടപടികള്‍ സർക്കാർ സ്വീകരിക്കണം. അഡീഷണല്‍ ബാച്ച് അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് പ്രകാരം അഞ്ചാം തിയതിയോടെ പോസിറ്റീവായ ഒരു സമീപനം ഉണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്. അതിന് ശേഷവും സർക്കാറിന് വാക്ക് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ സമരങ്ങള്‍ക്ക് തന്നെ കെ എസ് യു നേതൃത്വം നല്‍കും.
എന്തുകൊണ്ട് കെ എസ് യു?
കെ എസ് യു കലാലയങ്ങളിലേക്ക് അതിശക്തമായ രീതിയില്‍ തിരിച്ച് വരുന്നതിന് രണ്ട് കാര്യങ്ങളാണുള്ളത്. സംഘടനാപരമായി വരുത്തിയ മാറ്റങ്ങളാണ് അതില്‍ ഏറ്റവും പ്രാധാന്യം. യൂണിറ്റുകളെ ശക്തിപ്പെടുത്തുക എന്നുള്ളതിനാണ് പുതിയ കമ്മിറ്റി പ്രാധാന്യം കൊടുത്തത്. അതിന് വേണ്ടി ക്യാമ്പസ് ജോഡോ എന്ന പേരില്‍ വലിയൊരു ക്യാമ്പയ്ന്‍ ആരംഭിച്ചു.
നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ എങ്ങനെയായിരിക്കണം സംഘടന പ്രവർത്തനം, വിദ്യാർത്ഥികളെ ഏത് വിധത്തില്‍ അഭിസംബോധന ചെയ്യണം എന്നതിലൊക്കെ കൃത്യമായ പരിശീലനം യൂണിറ്റ് ഭാരവാഹികള്‍ക്ക് നല്‍കി. ഇത് നിരന്തരമായ നടക്കുന്ന ഒരു പ്രക്രിയയായി നിലനിർത്താന്‍ സാധിച്ചു. വർഷങ്ങള്‍ക്ക് ശേഷമാണ് പലയിടത്തും യൂണിവേഴ്സിറ്റി ക്യാമ്പുകള്‍ നടന്നത്. യൂണിവേഴ്സിറ്റിയുടെ ചുമതലകള്‍ക്ക് മാത്രമായി പ്രത്യേക മേല്‍നോട്ട കമ്മിറ്റിയുമുണ്ട്.

എസ് എഫ് ഐയെ വിദ്യാർത്ഥികള്‍ക്ക് മടുത്തു
കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും എസ് എഫ് ഐക്കെതിരെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. ക്യാമ്പസുകളില്‍ കെ എസ് യു ട്രെന്‍ഡിങ്ങായി മാറുകയാണ്. മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചുകൊണ്ടാണ് എസ് എഫ് ഐ വർഷങ്ങളായി പല വിദ്യാലയങ്ങളും അടക്കി ഭരിച്ചുകൊണ്ടരുന്നത്. എതിർ സ്വരം ഉയർത്താന്‍ പലരും ഭയപ്പെട്ടിരുന്നു. ആ അവസ്ഥ മാറി എസ് എഫ് ഐ തുറന്ന് ചോദ്യം ചെയ്യാനും ഏകാധിപത്യ ശൈലിക്കെതിരായ വികാരവും വിദ്യാർത്ഥികളില്‍ ഇന്ന് ശക്തമാണ്. അതില്‍ സംഘടനാപരമായി കെ എസ് യുവും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സർക്കാറിനെ തുറന്ന് കാട്ടുന്നു
ക്യാമ്പസുകളില്‍ വിജയിച്ച് വരുന്നതിനോടൊപ്പം തന്നെ പൊതുസമൂഹത്തില്‍ സർക്കാറിനെ തുറന്ന് കാട്ടാനും ഞങ്ങള്‍ക്ക് സാധിച്ചു. കേരളത്തിലെ ശക്തമായ ഭരണ വിരുദ്ധ വികാരവും എസ് എഫ് ഐയുടെ തിരിച്ചടിക്ക് ആക്കം കൂട്ടി. സ്കോളർഷിപ്പും സ്റ്റൈപ്പെന്‍ഡും കിട്ടാത്തത്, എസ് എഫ് ഐ നേതാക്കന്‍മാരുടെ പിന്‍വാതില്‍ നിയമനങ്ങള്‍, സിദ്ധാർത്ഥിന്റെ കൊലപാതകം അങ്ങനെ ഒട്ടനവധി വിഷയങ്ങളുണ്ട്. കൂടാതെ വിലക്കയറ്റം, പോലീസ് രാജ് ഉള്‍പ്പെടേയുള്ള മറ്റ് കാര്യങ്ങളും വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു.
സിദ്ധാർത്ഥന്റെ ഓർമ്മകള്‍
യഥാർത്ഥത്തില്‍ സിദ്ധാർത്ഥന്റെ ഓർമ്മകള്‍ എസ് എഫ് ഐയെ വേട്ടയാടുകയാണ്. ഒരു സിദ്ധാർത്ഥന്‍ മാത്രമല്ല, എസ് എഫ് ഐയുടെ മർദ്ധനത്തിന് ഇരയായ അനേകം സിദ്ധാർത്ഥന്‍മാർ കേരളത്തിലെ ക്യാമ്പസുകളിലുണ്ട്. ഇനിയും എന്തിന് എസ് എഫ് ഐ സഹിക്കണം എന്ന ചിന്തയിലേക്ക് വിദ്യാർത്ഥികള എത്തിച്ചിരിക്കുകയാണ്. എസ് എഫ് ഐ കോട്ടകള്‍ ഓരോന്നായി പൊളിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതിന്റെ തുടർച്ചകള്‍ ഇനിയും കാണാന്‍ സാധിക്കും എന്നതില്‍ സംശയമില്ല.

വിദ്യാഭ്യാസ കലണ്ടറില്‍ നിലപാട് പറയും
പുതിയ വിദ്യാഭ്യാസ കലണ്ടറുമായി ബന്ധപ്പെട്ട സംഘനയുടെ നിലപാടിനെ സർക്കാറിനെ എഴുതി തന്നെ അറിയിക്കും. അത് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മണ്ണൂന്തി കോളേജിലെ വിവാദ കാർട്ടൂണ്‍
മണ്ണൂന്തി കോളേജിലെ മാഗസിന്‍ കാർട്ടൂണ്‍ വിഷയത്തില്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി അന്ന് തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സംസ്ഥാന കണ്‍വീനറോട് അടിയന്തരമായി കാര്യം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ പറഞ്ഞു. തുടർന്ന് സംസ്ഥാന കമ്മിറ്റി നല്‍കിയ നിർദേശത്തെ തുടർന്നാണ് മാഗസിനില്‍ നിന്ന് കാർട്ടൂണ്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അത്തരത്തിലുള്ള ഒരു ആശയത്തേയോ, സംവരണ വിരുദ്ധതയേയോ അംഗീകരിക്കുന്ന സംഘടനയല്ല കെ എസ് യു.
നിയമസഭ തിരഞ്ഞെടുപ്പും കെ എസ് യുവിന്റെ സ്ഥാനാർത്ഥിത്വ പ്രതീക്ഷകളും
നിയമസഭ തിരഞ്ഞെടുപ്പോ, അതില്‍ വിദ്യാർത്ഥി സംഘടനയ്ക്ക് ഏത് തരത്തില്‍ പാർട്ടി പ്രാതിനിധ്യം നല്‍കുമെന്നതോ നിലവില്‍ നമ്മുടെ പരിഗണനാ വിഷയമല്ല. മറിച്ച് കേരളത്തിലെ വിദ്യാർത്ഥികള്‍ നേരിടുന്ന വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് സജീവമായി മുന്നോട്ട് പോകുകയാണ് സംഘടന. സർക്കാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുക, വിദ്യാർത്ഥി അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് കെ എസ് യുവിന്റെ അജണ്ട.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications