സൗദി, യുഎഇ, ഇറാഖ്, അറബ് രാഷ്ട്രങ്ങളെ ഇന്ത്യ പൂർണ്ണമായും കൈവെടിയുമോ? ക്രൂഡ് ഓയിലിനായി പുതിയ രാജ്യത്തേക്ക്
ബ്രസീലില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ രാജ്യത്തെ പ്രമുഖ ഓയില്‍ റിഫൈനറിമാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവ ദീർഘകാല ക്രൂഡ് ഓയിൽ വിതരണ കരാറുകൾ ഉറപ്പാക്കാൻ ബ്രസീലിയൻ ഊർജ കമ്പനിയായ പെട്രോലിയോ ബ്രസീലിറോ എസ്എയുമായി (പെട്രോബ്രാസ്) ചർച്ച നടത്തുകയാണെന്നാണ് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കം. ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ ഉദ്യോഗസ്ഥർ ഏപ്രിലിൽ ബ്രസീൽ സന്ദർശിച്ച് പെട്രോബ്രാസുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ദീർഘകാലത്തേക്ക് ഗ്യാരണ്ടീഡ് ക്രൂഡ് ഓയിൽ സപ്ലൈ ഉറപ്പാക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്. ബിപിസിഎല്‍ ഇതിനോടകം തന്നെ തങ്ങളുടെ റിഫൈനറികളിൽ ബ്രസീലിയൻ ക്രൂഡ് പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അന്തിമ കരാറുകൾ ഉടൻ ഒപ്പിടുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ ഓയിൽ മുമ്പ് പ്രതിവർഷം 1.7 ദശലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) എന്ന ദീർഘകാല എണ്ണ വിതരണ കരാറിൽ പെട്രോബ്രാസുമായി ഒപ്പുവച്ചിരുന്നു. കൂടാതെ, BPCL-ന് അതിൻ്റെ അനുബന്ധ സ്ഥാപനമായ ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡ് വഴി ബ്രസീലിലെ ഒരു അൾട്രാ ഡീപ് വാട്ടർ ഹൈഡ്രോകാർബൺ ബ്ലോക്കിൽ ഓഹരിയുമുണ്ട്.
നിലവിൽ ഇന്ത്യയിലേക്കുള്ള ഒരു പ്രധാന എണ്ണ വിതരണക്കാരല്ലെങ്കിലും ബ്രസീലിനെ ഇന്ത്യ ഇതിനോടകം തന്നെ തങ്ങളുടെ വൈവിധ്യമാർന്ന ഊർജ തന്ത്രത്തിലെ പ്രധാന പങ്കാളിയായി തിരിച്ചറിഞ്ഞിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലേക്കുള്ള ബ്രസീലിൻ്റെ എണ്ണ കയറ്റുമതി 1.46 ബില്യൺ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ബില്ലായ 139.85 ബില്യൺ ഡോളറിൻ്റെ ഒരു ചെറിയ ഭാഗമാണ്.
എന്നാല്‍ ബ്രസീലിൻ്റെ വർദ്ധിച്ചുവരുന്ന എണ്ണ ഉൽപ്പാദനം, 2023-ൽ പ്രതിദിനം 3.4 ദശലക്ഷം ബാരലിലെത്തിയത്, ഇന്ത്യയ്ക്ക് മികച്ച സാധ്യതകളാണ് തുറക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മൂന്ന് എണ്ണ നിർമ്മാണ കമ്പനികളും ഒരു കൺസോർഷ്യമായി നിന്നാണ് ചർച്ചകൾ നടത്തുന്നത്. ഇത് അവരുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കുമെന്നും മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓരോ കമ്പനിയും പെട്രോബ്രാസുമായി വെവ്വേറെ കരാറുകളിൽ ഒപ്പുവെക്കുമെങ്കിലും, നിബന്ധനകൾ വലിയ തോതിൽ സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, എണ്ണയുടെ അളവിൽ മാത്രം വ്യത്യാസമുണ്ടാകും. ഈ സഹകരണ സമീപനം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് കൂടുതൽ അനുകൂലമായ നിബന്ധനകളും ക്രെഡിറ്റ് ലൈനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
പശ്ചിമേഷ്യയിലെയും ഉക്രെയ്‌നിലെയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ഹോർമുസ് കടലിടുക്കിലെ വിതരണ അനിശ്ചിതത്വവും കാരണം ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കാനുള്ള ശ്രമം. പരമ്പരാഗതമായി, ഇന്ത്യ എണ്ണയ്ക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, ഒപെക് ഗ്രൂപ്പ് സമീപകാലത്ത് ഉൽപ്പാദനം വെട്ടിക്കുറച്ചത് വൈവിധ്യവൽക്കരണത്തിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.
ഇന്ത്യ ക്രൂഡ് ഓയിലിനായി മറ്റ് രാജ്യങ്ങളെ കൂടുതലായി സമീപിക്കുന്നത് പ്രത്യക്ഷത്തില്‍ തിരിച്ചടിയാകുക ഇറാഖ്, സൌദി, യുഎഇ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കായിരിക്കും. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ ഇന്ത്യയില്‍ കളംപിടിച്ചതോടെ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പുറകിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ബ്രസീല്‍ കൂടെ വരികയാണെങ്കില്‍ ഇത് കൂടുതല്‍ ശക്തമാകും.












Click it and Unblock the Notifications