അനുരഞ്ജനത്തിന് തുരങ്കം വയ്ക്കുന്നത് അവർ; ദേശീയ പ്രസിഡന്റിനെ തെറ്റായ നടപടിയിലേക്ക് നയിച്ചവർ- എപി അബ്ദുൾ വഹാബ്
കോഴിക്കോട്: ഐഎൻഎലിലെ പ്രശ്‌നങ്ങൾക്ക് കാരണം എപി അബ്ദുൾ വഹാബിന് ദേശീയ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാനുമായുള്ള തർക്കമാണെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വൺഇന്ത്യയോട് പറഞ്ഞത്. ഇത് നിഷേധിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം എപി അബ്ദുൾ വഹാബ് പ്രത്യേക അഭിമുഖത്തിൽ രംഗത്ത് വന്നത്.
എന്താണ് ദേശീയ പ്രസിഡന്റുമായുള്ള പ്രശ്‌നം എന്നതും ദേശീയ പ്രസിഡന്റിനെ എത്തരത്തിലാണ് ഒരു വിഭാഗം നേതാക്കൾ തെറ്റിദ്ധരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂടുതൽ വിശദീകരിക്കുകയാണിപ്പോൾ. ദേശീയ പ്രസിഡന്റിന് തെറ്റായ വിവരങ്ങൾ നൽകി അദ്ദേഹത്തെക്കൊണ്ട് തെറ്റായ നടപടികൾ എടുപ്പിക്കുന്ന ഒരു വിഭാഗമാണ് പാർട്ടിയിലെ അനുരഞ്ജന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്നത് എന്നും അദ്ദേഹം ആഞ്ഞടിച്ചു. തന്നെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കിയതും പകരം പുതിയ പ്രസിഡന്റിനെ നിയമിച്ചതും എല്ലാം എങ്ങനെ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും എപി അബ്ദുൾ വഹാബ് വിശദീകരിക്കുന്നുണ്ട്. വൺഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗം....

കേരളത്തിലെ പാർട്ടിയിൽ ഒരു വർക്കിങ് പ്രസിഡന്റിനെ അഖിലേന്ത്യാ പ്രസിഡന്റ് നിയമിച്ചു. എന്ത് കാരണത്താൽ ആണ് അങ്ങനെ ഒരാളെ നിയമിച്ചത്? ഈ ചോദ്യം ഞാൻ ഉന്നയിച്ചു. ഒന്നുകിൽ സംസ്ഥാന പ്രസിഡന്റ് അവശനിലയിൽ ആവുകയോ, അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയില് ആവുകയോ ചെയ്താൽ വർക്കിങ് പ്രസിഡന്റിനെ വയ്ക്കാം. അതും, സംസ്ഥാന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ചെയ്യാൻ ആകൂ.

സംസ്ഥാന സെക്രട്ടേറിയറ്റോ, സംസ്ഥാന കൗൺസിലോ, സംസ്ഥാന പ്രവർത്തക സമിതിയോ, സംസ്ഥാന പ്രസിഡന്റോ അറിയാതെ ആണ് ഇങ്ങനെ ഒരു വർക്കിങ് പ്രസിഡന്റിനെ നിയമിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ മറികടക്കാൻ വേണ്ടി മാത്രം ഇത്തരത്തിൽ ഒരു വർക്കിങ് പ്രസിഡന്റിനെ നിയമിക്കാൻ ദേശീയ പ്രസിഡന്റിന് എന്ത് അവകാശമാണുള്ളത്? ആരാണ് ഇത്തരത്തിൽ ദേശീയ പ്രസിഡന്റിനെ കൊണ്ട് ഒരു തീരുമാനം എടുപ്പിച്ചത്?

ഇതിൽ മറ്റൊന്നുകൂടിയുണ്ട്. പാർട്ടിയുടെ സംസ്ഥാന ട്രഷറർ ആയ ആളെ ആണ് ഒരു സുപ്രഭാതത്തിൽ വർക്കിങ് പ്രസിഡന്റ് ആയി നിയമിച്ചത്. എന്നാൽ അദ്ദേഹം ആദ്യം വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണ് ചെയ്തത്. ജനറൽ സെക്രട്ടറിയുടെ ഒരൊറ്റ നിർബന്ധമാണ് ഇത്തരമൊരു നിയമനത്തിന് പിന്നിൽ എന്നാണ് അദ്ദേഹം എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുള്ളത്. പക്ഷേ, പിന്നീട് അദ്ദേഹം തന്നെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി.

നേരത്തേ സൂചിപ്പിച്ച കാര്യങ്ങൾക്കൊപ്പം വർക്കിങ് പ്രസിഡന്റിനെ നിയമിച്ച കാര്യവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ജനറൽ സെക്രട്ടറി അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ്, നേരത്തേ സൂചിപ്പിച്ചതുപോലെ ദേശീയ അധ്യക്ഷന് പരാതി അയക്കുന്നതും, സംസ്ഥാന പ്രവർത്തക സമിതി ചേരുന്ന ദിവസം രാവിലെ സെക്രട്ടേറിയറ്റ് ചേരാൻ ധാരണയാകുന്നതും.

ജൂലായ് 25 ന് രാവിലെ ഒമ്പത് മണിയ്ക്കായിരുന്നു സെക്രട്ടേറിയറ്റ് യോഗം നിശ്ചയിച്ചത്. എന്നാൽ യോഗം തുടങ്ങിയത് ഒമ്പതരയ്ക്കും. ആ യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞുതന്നെ പ്രകോപനപരമായിട്ടാണ്. യോഗം മുടക്കാൻ, ഇവിടെ സന്നിഹിതരായ ചില ഭീരുക്കൾ ശ്രമം നടത്തി എന്ന പ്രകോപനപരമായ പരാമർശമായിരുന്നു സ്വാഗത പ്രസംഗത്തിൽ തുടക്കത്തിലേ നടത്തിയത്. അതിന് ശേഷവും പ്രകോപനം തുടർന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലെ രണ്ട് പേരെ പുറത്താക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട് എന്ന് കൂടി കാസിം ഇരിക്കൂർ പറഞ്ഞു.

യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന രണ്ട് പേരെ പുറത്താക്കുന്ന കാര്യമാണ് പറഞ്ഞത്. അവർ അത് യോഗത്തിൽ വച്ച് തന്നെ എതിർത്തു. പ്രവർത്തക സമിതിയുടെ മിനിട്‌സിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു അടുത്തതായി ജനറൽ സെക്രട്ടറി പറഞ്ഞത്. യോഗത്തിൽ തീരുമാനിക്കാത്ത ഒരു കാര്യം എങ്ങനെ മിനിട്‌സിൽ രേഖപ്പെടുത്തി എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ഇതോടെ സെക്രട്ടേറിയറ്റ് യോഗത്തിൽ ബഹളമായി. ആ ബഹളം, പരിധിവിട്ടു. ഉന്തും തള്ളുമായി. ഒരു സെക്രട്ടേറിയറ്റ് അംഗം നിലത്ത് വീണു.

രംഗം വളരെ വഷളായിരുന്നു അപ്പോഴേക്കും. താഴെ പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നും ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന് സമാനമായ രീതിയിൽ ആയിരുന്നു ആ യോഗം തന്നെ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഹോട്ടലിന് മുന്നിൽ ഐഎൻഎലിന്റെ നാല് കൊടിയൊക്കെ നാട്ടിയിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം ആയിരുന്നു അതെല്ലാം. പ്രത്യേകിച്ചും, സംഭവം നടക്കുന്നത് സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ഒരു ഞായറാഴ്ചയും. ഹോട്ടലിന് മുന്നിൽ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. മാധ്യമ പ്രവർത്തകരും ഹോട്ടലിന് പുറത്ത് ഉണ്ടായിരുന്നു.

അകത്ത് നിന്ന് അതി ഭീകരമായ ബഹളം ആണ് കേൾക്കുന്നത്. അതിനിടയ്ക്കാണ് ജനറൽ സെക്രട്ടറി വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. 'നീ ഐഎൻഎല്ലുകാരൻ ആണോ' എന്നായിരുന്നു ഒരു സെക്രട്ടേറിയറ്റ് അംഗത്തോട് ജനറൽ സെക്രട്ടറി ചോദിച്ചത്. ഇതിനെതിരെ വൈകാരികമായിട്ടായിരുന്നു ചോദ്യം ചോദിക്കപ്പെട്ട ആൾ പ്രതികരിച്ചത്. യോഗസ്ഥലത്തെ ബഹളം കേട്ട് പ്രവർത്തകർ ഓടിക്കയറി വന്ന് പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കണ്ടപ്പോൾ ആണ് സെക്രട്ടേറിയറ്റ് യോഗം നിർത്തിവച്ചു എന്ന് ഞാൻ പ്രഖ്യാപിച്ചത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഒരു നേതാവും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. രംഗം വഷളാകാതിരിക്കാൻ വേണ്ടിയാണ് അപ്പോൾ യോഗം നിർത്തിവച്ച്, യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് താഴേക്ക് പോയത്. ഇതാണ് യോഗസ്ഥലത്ത് സംഭവിച്ചത്

അതിന് ശേഷം ആണ് അഖിലേന്ത്യാ പ്രസിഡന്റിനെ ഈ വിഷയത്തിൽ ഇടപെടീക്കുന്നത്. യോഗം നിർത്തിവച്ചു എന്ന് പ്രഖ്യാപിച്ചതിന് പിറകെ, പിരിഞ്ഞുപോകാൻ അണികൾക്ക് നിർദ്ദേശം നൽകിയാണ് ഞാൻ അവിടെ നിന്ന് മടങ്ങിയത്. അതിനിടെ അവിടെ സംഘർഷം ഉണ്ടായി. ഈ സംഘർഷം ഉണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും, അഖിലേന്ത്യാ പ്രസിഡന്റ്, എന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ആദ്യം വന്നത് അഖിലേന്ത്യാ സെക്രട്ടറിയുടെ സന്ദേശം ആണ്. അത് ആദ്യം കിട്ടിയത് എനിക്കല്ല, പത്രക്കാർക്കായിരുന്നു. ഉച്ചയ്ക്ക് മൂന്നര മണിക്ക് തോപ്പുംപടിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് നിൽക്കുമ്പോൾ, ആണ് തങ്ങൾക്ക് വാട്‌സ് ആപ്പിൽ കിട്ടിയ സന്ദേശം അവർ പങ്കുവച്ചത്.

'യുആർ റിമൂവ്ഡ് ഫ്രം ദി പ്രസിഡന്റ്ഷിപ്' എന്നായിരുന്നു സന്ദേശം. അഖിലേന്ത്യാ സെക്രട്ടറി മുസമ്മിൽ ഹുസൈൻ ഹുസൈൻ ആണ്. അദ്ദേഹത്തിന് അത്തരത്തിൽ പ്രസിഡന്റിനെ നീക്കാനുള്ള അധികാരമില്ലെന്ന് അപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദേശീയ പ്രസിഡന്റിന്റെ കത്തും വന്നു.
എന്തുകൊണ്ട് ഇറങ്ങിപ്പോയി എന്നോ എന്തുകൊണ്ട് യോഗം നിർത്തിവച്ചു, എന്തായിരുന്നു ബഹളത്തിന് കാരണം തുടങ്ങിയ ഒരു ചോദ്യവും ഉന്നയിക്കാതെ ആയിരുന്നു ദേശീയ പ്രസിഡന്റിന്റെ കത്ത്. സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് എന്നെ മാറ്റുന്നതിന് മുമ്പ് അതിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ട ബാധ്യത ദേശീയ പ്രസിഡന്റിന് ഉണ്ടായിരുന്നു. അദ്ദേഹം അത് ചെയ്യാതെ, ജനാധിപത്യ വിരുദ്ധമായി എന്നെ പുറത്താക്കി എന്ന് മാത്രമല്ല, മറ്റൊരാളെ പ്രസിഡന്റ് ആയി നിയമിക്കുകയും ചെയ്തു.

ദേശീയ പ്രസിഡന്റ് ആണെങ്കിലും അല്ലെങ്കിലും ഇല്ലാത്ത ഒരു അധികാരം ആയിരുന്നു അദ്ദേഹം പ്രയോഗിച്ചത്. ഒരാളെ പ്രസിഡന്റ് ആയി നിയമിക്കാൻ ഒരു വ്യക്തിയ്ക്കും പാർട്ടിയുടെ ഭരണഘടന ഒരു അവകാശവും നൽകുന്നില്ല. സംസ്ഥാന സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. പാർട്ടിയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 21(1) പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ദേശീയ പ്രസിഡന്റിനുണ്ട്. സ്വാഭാവിക നീതിയോട് കൂടിയുള്ള നടപടികളേ അദ്ദേഹത്തിന് എടുക്കാൻ അവകാശമുള്ളു. പക്ഷേ, ഒരാളെ പ്രസിഡന്റ് ആയി നിയമിക്കാൻ അദ്ദേഹത്തിന് ഒരു അവകാശവും ഇല്ല.

ഭരണഘടനാപരമായ അധികാരത്തെ മറികടന്നുകൊണ്ടായിരുന്നു എന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതും, അതുപോലെ തന്നെ മറ്റൊരാളെ പ്രസിഡന്റ് ആയി നിയമിച്ചതും. ഇതിനെ ദേശീയ പ്രസിഡന്റുമായിട്ടുള്ള ഒരു തർക്കമാക്കി മാറ്റുന്നത് കേരളത്തിലെ കുറച്ച് ആളുകൾ തന്നെയാണ്. അഖിലേന്ത്യാ കമ്മിറ്റി എന്ന് പറഞ്ഞാൽ അതിൽ വരുന്നതും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഒക്കെ തന്നെയാണ്. മന്ത്രി അഹമ്മദ് ദേവർകോവിൽ ആണ് ഒരു ദേശീയ ജനറൽ സെക്രട്ടറി. സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ഡോ അമീൻ ആണ് ദേശീയ ട്രഷറർ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെഎസ് ഫക്രുദ്ദീൻ ആണ് ദേശീയ വൈസ് പ്രസിഡന്റ്. ദേശീയ കമ്മിറ്റി എന്ന് പറഞ്ഞാൽ, ഈ ആളുകളും കൂടി ഉൾപ്പെടുന്നതാണ്. ഈ ആളുകൾ തന്നെയാണ് നടപടി എടുത്തതും. അതിന്റെ മുകളിൽ ഒപ്പുചാർത്തുന്ന പണി മാത്രമാണ് ദേശീയ പ്രസിഡന്റ് എടുത്തത്. ഇക്കാര്യങ്ങൾ ഒന്നും അഖിലേന്ത്യാ കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടോ അഖിലേന്ത്യാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടോ അല്ല.

അനുരഞ്ജന ചർച്ചകൾ നടക്കുന്നതിനിടെ ആണല്ലോ അഖിലേന്ത്യാ പ്രസിഡന്റ് കേരളത്തിൽ വന്നത്. അദ്ദേഹം ഒരു പത്രസമ്മേളനം നടത്തുകയും ചെയ്തു. പാർട്ടിയ്ക്ക് അധികാരം കിട്ടിയപ്പോൾ ചില ആവശ്യങ്ങളുമായി ചിലർ പാർട്ടിയെ സമീപിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ലെന്ന് കണ്ടപ്പോൾ അവർ മോഹഭംഗപ്പെട്ട് പുറത്ത് പോയി എന്നും പറഞ്ഞു. നടന്ന സംഭവങ്ങളെ മുഴുവൻ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് നടപടികളെ ന്യായീകരിച്ചത്. മാത്രമല്ല, പ്രസിഡന്റിന്റെ കൂടെ ഇറങ്ങിവന്നു എന്നതിന്റെ പേരിൽ ആറ് സെക്രട്ടേറിയറ്റ് അംഗങ്ങളെ ദേശീയ പ്രസിഡന്റ് പുറത്താക്കുകയും ചെയ്തു. അങ്ങേയറ്റത്തെ ശിക്ഷയാണ് കൊടുത്തത്- ഒരു ഏകാധിപതിയെ പോലെ. ഭരണഘടനാപരമായി നിലനിൽക്കുന്ന ഒരു നടപടിയേ അല്ല ഇത്.

ഇതിനിടെ ആണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പഴയ ഡേറ്റ് ഇട്ട് ഒരു കത്ത് തന്നിരിക്കുന്നത്. ആറ് ആരോപണങ്ങളാണ് അതിൽ ഉള്ളത്. അത് സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മൂന്നംഗ കമ്മീഷനേയും നിശ്ചയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയും ആയ അഹമ്മദ് ദേവര്ഡകോവിൽ, ദേശീയ ട്രഷറർ ആയ ഡോ അമീൻ, ദേശീയ വൈസ് പ്രസിഡന്റ് ആയ കെഎസ് ഫക്രുദ്ദീൻ എന്നിവകരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ. അനുരഞ്ജന നീക്കങ്ങൾക്ക് ഒരു സാധ്യതയുമില്ലെന്ന് വാർത്താ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞ ആളാണ് ഡോ അമീൻ. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് എന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. മൂന്ന് മാസം കൊണ്ട് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ പ്രസിഡന്റ് പദവിയിൽ നിന്നല്ല, പാർട്ടിയിൽ നിന്ന് തന്നെ നീക്കം ചെയ്യുന്നതിനുള്ള ഗൂഢാലോചനയാണ് ഇത്.

ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്നത് വളരെ വ്യക്തമാണ്. അഖിലേന്ത്യാ പ്രസിഡന്റും എപി അബ്ദുൾ വഹാബും തമ്മിലുള്ള തർക്കമാണെന്ന് വരുത്തിത്തീർക്കുകയാണ്. കാൺപൂരുകാരനായ അഖിലേന്ത്യാ പ്രസിഡന്റിന് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ട്, അദ്ദേഹത്തെ തെറ്റായ നടപടിയിലേക്ക് വലിച്ചിഴയ്ക്കുന്ന പണിയാണ് നിർഭാഗ്യവശാൽ നേതൃത്വത്തിലെ ഒരു വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്. അവരാണ് ഐക്യചർച്ചയ്ക്ക് തുരങ്കം വയ്ക്കുന്നത്. അവരാണ് പാർട്ടിയിലെ ഈ പിളർപ്പിന് കാരണമായതും.
Recommended Video

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറുമായുള്ള പ്രത്യേക അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ വൺഇന്ത്യ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം എപി അബ്ദുൾ വഹാബിന് ആണെന്ന് അദ്ദേഹം ആരോപിച്ചത്. ദേശീയ പ്രസിഡന്റിനെ അംഗീകരിക്കാത്ത നിലപാടാണ് പ്രശ്നമെന്നും കാസിം ഇരിക്കൂർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് കൃത്യമായ മറുപടികളുമായിട്ടാണ് ഇപ്പോൾ എപി അബ്ദുൾ വഹാബ് രംഗത്ത് വന്നിരിക്കുന്നത്. ഇരു വിഭാഗവും പരസ്പര ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും.
റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍
-
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എല്ഡിഎഫ് സ്ഥാനാര്ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന് ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications